ഇന്ന് വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍

കേരളത്തിലെ ക്രൈസ്തവവിശ്വാസികള്‍ക്ക് ഏറെ ഭക്തിയും വണക്കവുമുള്ള വിശുദ്ധരിലൊരാളാണ് വിശുദ്ധ ഗീവര്‍ഗീസ്. അരുവിത്തുറയും ഇടപ്പള്ളിയും എടത്വായും പോലെയുള്ള ദേവാലയങ്ങളും അവിടങ്ങളില്‍ തിരുനാളിനും നൊവേനയ്ക്കുമായി വന്നുകൂടുന്ന ഭക്തജനങ്ങളും വിശുദ്ധനോടുള്ള ഭക്തിയുടെ അടയാളങ്ങളാണ്.

ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ അംഗമായിരുന്ന ജോര്‍ജ് ചക്രവര്‍ത്തിയുടെ പ്രിയപ്പെട്ട യോദ്ധാവായിരുന്നുവെന്നാണ് ചരിത്രം. 20 വയസിനുള്ളിലാണ് അദ്ദേഹം അത്തരമൊരുപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. എന്നാല്‍ ചക്രവര്‍ത്തിയുടെ അപ്രീതിയും വൈകാതെ അദ്ദേഹത്തെ തേടിവന്നു. ക്രൈസ്തവരായ പട്ടാളക്കാരെയെല്ലാം വധിക്കണമെന്നും ബാക്കിയുള്ളവരെല്ലാം റോമന്‍ ദൈവത്തെ ആരാധിക്കണമെന്നുമുള്ളചക്രവര്‍ത്തിയുടെ കല്പന എതിര്‍ത്തതായിരുന്നു കാരണം. സത്യം പറയുന്നവര്‍ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നത് ഇക്കാലത്തിന്റെ മാത്രം പ്രത്യേകതയല്ലെന്ന് തെളിയിച്ചുകൊണ്ട് അദ്ദേഹം വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയായിരുന്നു .

ഏഡി 303 ഏപ്രില്‍ 23 ്‌നായിരുന്നു വിശുദ്ധന്റെ ശിരച്ഛേദം.1222 ഏപ്രില്‍ 23 ന് വിശുദ്ധന്റെ തിരുനാളായി വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചു. ഇംഗ്ലണ്ട്, ജര്‍മ്മനി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ഗീവര്‍ഗീസ്. സെന്റ് ജോര്‍ജ് ക്രോസ് നിരവധി ദേശീയപതാകകളില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട് പതിനാല് വിശുദ്ധ സഹായികളിലൊരാളായിട്ടാണ് വിശുദ്ധനെ പരിഗണിക്കുന്നത്.

വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഈ വിശുദ്ധന്റെ മാധ്യസ്ഥ ശക്തി ജീവിതത്തില്‍ ഒരിക്കലെങ്കിലും അറി്ഞ്ഞിട്ടുളളവരാണ് നമ്മള്‍.

ലോക്ക് ഡൗണ്‍ കാലമായതുകൊണ്ട് ഈ ദിവസങ്ങളില്‍ ഒരു ദേവാലയത്തിലും പ്രത്യേകമായി പ്രാര്‍ത്ഥനകളോ തിരുനാള്‍ തിരുക്കര്‍മ്മങ്ങളോ ഉണ്ടായിരിക്കുകയില്ല. എങ്കിലും വിശുദ്ധനോട് നമുക്ക് മനസ്സ് കൊടുത്ത് പ്രാര്‍ത്ഥിക്കാം.

വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.