കോവിഡ് 19: പെറുവിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് അയ്യായിരം കോഴികളുമായി വൈദികര്‍

പെറു: അരികുജീവിതങ്ങളെയും ദരിദ്രരെയും കോവിഡ് 19 ദാരിദ്ര്യത്തില്‍ മുക്കിയപ്പോള്‍ അവരെ സഹായിക്കാനായി കാരിത്താസ് ലൂറിന്റെ ആഭിമുഖ്യത്തില്‍ ഒരു സംഘം വൈദികര്‍. ഫാ. ഒമര്‍ സാന്‍ചെസിന്റെ നേതൃത്വത്തിലാണ് വൈദികര്‍ സഹായം നല്കന്നത്. ഫാ. ഒമര്‍ സ്ഥാപിച്ച ബിയാറ്റിറ്റിയൂഡ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 15,000 ഭക്ഷണപായ്ക്കറ്റുകള്‍ വിതരണം ചെയ്തതിന് പുറമെ ഇപ്പോള്‍ അയ്യായിരത്തോളം കോഴികളെയും ദരിദ്രര്‍ക്കായി വിതരണം ചെയ്തു കഴിഞ്ഞു. ഒരു കോഴി ഫാമില്‍ നിന്ന് കിട്ടിയ കോഴികളെയാണ് വിതരണം ചെയ്തത്. ഇത്രയും കോഴികളെ ഭക്ഷ്യയോഗ്യമാക്കി വിതരണം ചെയ്യുന്നതിന് കൂടുതല്‍ ആളുകളുടെ സഹായം വേണ്ടിവന്നപ്പോള്‍ ഫാ.ഒമര്‍ വാട്‌സാപ്പിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് മുപ്പത് വൈദികര്‍ വോളന്റിയേഴ്‌സായി എത്തിച്ചേര്‍ന്നു. അക്കൂട്ടത്തില്‍ നിയുക്ത ബിഷപ് ക്രിസ്റ്റോബല്‍ മെജെയും ഉണ്ടായിരുന്നു. കോഴികളെ കൊല്ലാനും ക്ലീന്‍ ചെയ്യാനും കഷ്ണങ്ങളായി മുറിക്കാനും എത്തിയ വൈദികര്‍ക്കെല്ലാം അച്ചന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി പറഞ്ഞു. തങ്ങളുടെ പൗരോഹിത്യ ദൗത്യത്തിന്റെ ഭാഗമാണ് ഇതെല്ലാം എന്നാണ് അദ്ദേഹം എഴുതിയത്.