ഉഗാണ്ടയിലെ കാസെസി രൂപതയില്‍ കഴിഞ്ഞ ദിവസം പന്ത്രണ്ട് ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണച്ചടങ്ങുകള് നടന്നു. അതില്‍ ഇരട്ട സഹോദരങ്ങളുമുണ്ടായിരുന്നു. ഫാ. പീറ്റര്‍ കാട്ടുറുമുവും ഫാ. ആന്‍ഡ്രൂ കാറ്റോയും.. ചെറുപ്രായം മുതല്ക്കേ ഉണ്ടായിരുന്ന ഒരു സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. മാതാപിതാക്കള്‍ ഞങ്ങളെ വീട്ടില്‍ ഒരുമിച്ചുകാണാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഇതായിരുന്നു ദൈവഹിതം.
ഇപ്പോള്‍ മാതാപിതാക്കളും വളരെയധികം സന്തോഷത്തിലാണ്. സഹോദരങ്ങള്‍ പറയുന്നു. അഞ്ചു സഹോദരിമാരും ഒരു സഹോദരനുമാണ് ഇവര്‍ക്കുളളത്. കുടുംബത്തിലെ മൂത്ത അംഗം എന്ന നിലയില്‍ വൈദികവേലയില് നിന്ന് പിന്തിരിപ്പിക്കാന് പല ശ്രമങ്ങളും നടന്നു. എന്നാല്‍ ഒന്നും വിജയം കണ്ടില്ല. വളര്‍ന്നുവരും തോറും ഞങ്ങള്‍ ഭാവിയെക്കുറിച്ചുള്ള സ്വപ്നം കണ്ടത് മുഴുവന്‍ വൈദികരാകണം എന്നുമാത്രമായിരുന്നു. വീടുകളില്‍ വരാറുണ്ടായിരുന്ന വൈദികരുടെ ജീവിതം ഞങ്ങളെ സ്വാധീനിച്ചിരുന്നു. അവര്‍ ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അവരുടെ ജീവിതമാതൃക ഞങ്ങള്‍ക്ക് പ്രചോദനമായി. പ്രൈമറി സെവന് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മാതാപിതാക്കളോട് വൈദികരാകണമെന്ന ആഗ്രഹം തുറന്നുപറഞ്ഞത്.
എന്നാല്‍ രണ്ടുപേരെയും ഒരുമിച്ചു സെമിനാരിയില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തികം ഉണ്ടായിരുന്നില്ല. അതുകൊണ്ട് രണ്ടിടത്തായി പഠനം. പിന്നീട് എ ലെവല്‍ പഠനകാലത്താണ് ഇരുവരും ഒന്നിച്ചത്. ഇത്രയും വലിയൊരു സംഖ്യ ഡീക്കന്മാര് ഒരുമിച്ചു വൈദികരാകുന്നത് ഞങ്ങളുടെ രൂപതയില്‍ ആദ്യത്തെ സംഭവമാണ്. ഇത് മനോഹരമായ നിമിഷങ്ങളായിരുന്നു. ഇരട്ട വൈദികര്‍ പറയുന്നു.