ദരിദ്രര്‍ക്ക് ഇതിനകം 100 ക്യാബിന്‍ വീടുകള്‍ പണിത ഒരു കപ്പൂച്ചിന്‍ വൈദികന്‍

കേരളത്തെ നടുക്കിക്കളഞ്ഞ അപ്രതീക്ഷിത ദുരന്തമായിരുന്നു 2018 ലെ വെള്ളപ്പൊക്കം. നിരവധി പേര്‍ക്കാണ് അന്നത്തെ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടമായത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മുമ്പന്തിയിലുണ്ടായിരുന്ന ഫാ. ജിജോ കുര്യനെ ആ ദിവസങ്ങളില്‍ ഏറെ വേദനപ്പെടുത്തിയ ഒരു കാഴ്ചയായിരുന്നു ഭവനരഹിതരായ ദരിദ്രരുടെ വിലാപങ്ങള്‍. അത്തരക്കാര്‍ക്ക് സുരക്ഷിതമായ ഒരുഭവനം ഉണ്ടാക്കണമെന്ന അച്ചന്റെ ആലോചനയില്‍ നിന്നും തീരുമാനത്തില്‍ നിന്നുമാണ് ഇന്ന് ഇതിനകം 100 വീടുകള്‍ ദരിദ്രര്‍ക്കായി അച്ചന്റെ നേതൃത്വത്തില്‍ പണിതുകൊടുക്കാന്‍ സാധിച്ചിരിക്കുന്നത്.

ക്യാബിന്‍ ഹൗസുകള്‍ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. കാരണം ചെലവുകുറഞ്ഞ മെറ്റീരിയല്‍ കൊണ്ടാണ് ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ടിന്‍ ഷീറ്റ് ഭിത്തിയും മേല്‍ക്കൂരയുമായുള്ള ഒരു വീ്ട്ടില്‍ ഒരു സത്രീ കഴിയുന്നതായിരുന്നു തന്നെ സ്പര്‍ശിച്ച ചിത്രമെന്ന് അച്ചന്‍ ഓര്‍മ്മിക്കുന്നു. ഈ ദൃശ്യത്തെക്കുറിച്ച് സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുകയും അങ്ങനെ ഒന്നരലക്ഷം രൂപ സമാഹരിക്കുകയും ചെയ്തുകൊണ്ടായിരുന്നു ആദ്യഭവനം പണിതത്.

രണ്ടോ അതിലധികമോ സെന്റ് സ്ഥലത്ത് മൂന്നൂറ് സ്‌ക്വയര്‍ ഫീറ്റിലാണ് വീടുകള്‍ നിര്‍മ്മിച്ചുനല്കുന്നത്. രോഗികളായവര്‍, പ്രായം ചെന്നവര്‍, ദുരിതത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ബെഡ്‌റൂം. കിച്ചണ്‍, ഹാള്‍, ബാത്ത്്‌റൂം ,വരാന്ത എന്നിവയോടുകൂടിയതാണ് ഓരോ വീടുകളും. ഒന്നര മുതല്‍ രണ്ടര ലക്ഷം രൂപ വരെ ഓരോ വീടുകള്‍ക്കും ചെലവാക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണം കൂടുതലാണെങ്കില്‍ രണ്ടു ബെഡ്‌റൂമുണ്ടാകും. അപ്പോള്‍ നിര്‍മ്മാണചെലവ് നാലുലക്ഷം വരെയായേക്കാം. അര്‍ഹതയുള്ളവരെ കൃത്യമായി കണ്ടെത്തിയാണ് വീടു പണിതുകൊടുക്കുന്നത്. ഒരു മാസം ഏഴു വീടുകള്‍ വരെ പണിതിട്ടുണ്ട്. സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ ഒരു ടീമാണ് വീടുനിര്‍മ്മാണത്തിന് ചുമതല വഹിക്കുന്നത്.

വീടുനിര്‍മ്മാണത്തിന് വേണ്ടി ഫണ്ട് ശേഖരണം നടത്താറില്ലെന്നും അച്ചന്‍ അറിയി്ച്ചു. ഒരുപാടു ദരിദ്രരുടെ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്‌നത്തിന് കൂടൊരുക്കുകയാണ് ഇദ്ദേഹം.

ഇടുക്കി ജില്ലയിലെ നാടുകാണിയിലെ കപ്പൂച്ചിന്‍ആശ്രമാംഗമാണ് ഫാ. ജിജോകുര്യന്‍.