ഭൂരിപക്ഷം രാജ്യങ്ങളിലും കോവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍ അതിന്റെ പോരാട്ടത്തില്‍ മുമ്പന്തിയിലുള്ളത് കന്യാസ്ത്രീകളാണെന്ന് crux now നിരീക്ഷിക്കുന്നു. രോഗപ്രതിരോധത്തെക്കുറിച്ചുള്ള അവബോധം നല്കല്‍, ദരിദ്രരെ സംരക്ഷിക്കല്‍, ഭക്ഷണ വിതരണം, രോഗികളെയും വൃദ്ധരെയും പരിചരിക്കല്‍, ശുശ്രൂഷ എന്നിങ്ങനെ വിവിധ മേഖലകളിലാണ് കന്യാസ്ത്രീകളുടെ സേവനം ലഭ്യമായിരിക്കുന്നത്.
ഒരേ സമയം രോഗത്തെ കീഴടക്കാനും രോഗികളെ ശുശ്രൂഷിക്കാനും ഇവരെ പോലെ ഇറങ്ങിത്തിരിച്ചിരിക്കുന്ന മറ്റൊരു കൂട്ടരില്ല എന്നതാണ് വാസ്തവം. ലോകവ്യാപകമായി രണ്ടായിരത്തോളം സന്യാസിനിന സമൂഹങ്ങളുണ്ട്. ഈ സമൂഹങ്ങളില്‍ നിന്നെല്ലാം ഒരു വ്യക്തിയെങ്കിലും കോവിഡ് പോരാട്ടത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. ഡോക്ടറായോ നേഴ്‌സായോ പോലും ഇവരുടെ സേവനം ലഭ്യമാണ്. ആഫ്രിക്കയിലെ വിദൂരഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ നടത്തി സേവനം ലഭ്യമാക്കുന്നതും കന്യാസ്ത്രീകളാണ്.
മൊബൈല്‍ ക്ലിനിക്കുകളിലൂടെ പോലും സേവനം ഇവര്‍ നല്കിവരുന്നുണ്ട്. കോവിഡ് രോഗികളെ ശുശ്രൂഷിച്ചതിലൂടെ രോഗബാധിതരായ കന്യാസ്ത്രീകളുമുണ്ട്. ബ്രിട്ടനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗവും ജാര്‍ഖണ്ഡ് സ്വദേശിനിയുമായ കന്യാസ്ത്രീ മരണമടഞ്ഞത് ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ. ഇങ്ങനെ വിവിധ മേഖലകളില്‍ നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്ന ഈ കന്യാസ്ത്രീകളുടെ മഹത്വം നമ്മളില്‍ എത്രപേര്‍ തിരിച്ചറിയുന്നുണ്ട്.
കൂടാതെ ഇക്കാലത്ത് എത്രയോ കന്യാസ്ത്രീമഠങ്ങളിലാണ് നിത്യാരാധനയ്ക്ക് മുമ്പിലിരുന്ന് കന്യസാത്രീകള്‍ ലോകത്തിന് മുഴുവനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്. ! ഏഴു മണിക്കൂര്‍ മുതല്‍ ഇരുപത്തിനാലു മണിക്കൂര്‍വരെ ആരാധന നടത്തുന്ന സമൂഹാംഗങ്ങള്‍ നമ്മുടെ നാട്ടില്‍ പോലുമുണ്ട്. ഈ പ്രാര്‍ത്ഥനകളുടെ ബലത്തിലും മാധ്യസ്ഥശക്തിയിലുമല്ലേ നമ്മള്‍ ഇത്രയുമെങ്കിലും സുരക്ഷിതരായി കഴിയുന്നത്.
ഈ പ്രാര്‍ത്ഥനകള്‍ക്ക് നാം പകരം എന്തു നല്കും നാം പലതരത്തില്‍ ഈ സമൂഹത്തോട് കടപ്പെട്ടിരിക്കുന്നില്ലേ. എന്നിട്ടും…
ചിലപ്പോള്‍ ഏതെങ്കിലും ഒരാളുടെ കുറവുകളുടെ പേരില്‍ ഒരു സമൂഹത്തെ തന്നെ അധിക്ഷേപിക്കാന്‍ നമുക്കെന്ത് ഉത്സാഹമാണ്. കന്യാസ്ത്രീകളുടെനന്മ തിരിച്ചറിഞ്ഞില്ലെങ്കിലും അവരെ അധിക്ഷേപിക്കാനെങ്കിലും ഇറങ്ങിപ്പുറപ്പെടാതിരുന്നാല്‍ മതിയായിരുന്നു.