മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം പ്രതീക്ഷയോടെ നോക്കിക്കാണുന്നു: മുന്‍ ബാഗ്ദാദ് വത്തിക്കാന്‍ അംബാസിഡര്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് താന്‍ നോക്കിക്കാണുന്നതെന്ന് കര്‍ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോനി. ബാഗ്ദാദിലെ ബോംബിങ്ങുകളുടെയും ചാവേറുകളുടെയും മധ്യേ രണ്ടായിരത്തില്‍ പേപ്പല്‍ ന്യൂണ്‍ഷോ ആയി കഴിഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ തീയതികളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം. സമാധാനത്തിന്റെ സന്ദേശവാഹകനായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2001 ലാണ് കര്‍ദിനാള്‍ ഫിലോനിയെ ഇറാക്കിന്റെയും ജോര്‍ദാന്റെയും അംബാസിഡറായി നിയമിച്ചത്.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ബാഗ്ദാദിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യേച്ചറായി. ഇറാക്കില്‍ അമേരിക്കന്‍ അധിനിവേശം ആരംഭിച്ച സമയമായിരുന്നു അത്. കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ അരികില്‍ വരെയെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍. ഒരു ഇടയനോ വൈദികനോ ആണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ജനങ്ങളെ ഉപേക്ഷിച്ചു പോകാനാവില്ല. ഞാന്‍ അവിടെ ആയിരുന്നപ്പോള്‍ എന്റെ വൈദികരോടും മെത്രാന്മാരോടും പറഞ്ഞത് ഇതാണ്, നമ്മള്‍ ഇവിടെ തുടരുക. നാം ഒരിടത്തേക്കും പോകരുത് മുസ്ലീമുകളും ക്രൈസ്തവരും സഹോദരഭാവേന കഴിഞ്ഞിരുന്ന ഒരു നല്ലകാലവും ഇദ്ദേഹത്തിന്റെ ഓര്‍മ്മയിലുണ്ട്. ഇറാക്കിലെ തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. ദ ചര്‍ച്ച് ഇന്‍ ഇറാക്ക് എന്നാണ് പേര്.

ചരിത്രപരമായ പ്രാധാന്യമുള്ള സംഭവമായിട്ടാണ് പാപ്പായുടെ ഇറാക്ക് സന്ദര്‍ശനത്തെ ലോകം വിലയിരുത്തുന്നത്. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത്.