ബാഗ്ദാദ്: ക്രൈസ്തവവിശ്വാസത്തിന്റെ പുരാതനഭൂമിയും ഇസ്ലാമിക തീവ്രവാദികളുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞ മണ്ണുമായ ഇറാക്കിലേക്ക് ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് എത്തിച്ചേരും.
മാര്‍ച്ച് അഞ്ചുമുതല്‍ എട്ടുവരെ തീയതികളിലാണ് പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇറാക്കില്‍ എത്തിച്ചേരുന്നത്. രാഷ്ട്രീയമായ അസ്ഥിരതകളുടെയും അക്രമങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും അശാന്തികള്‍ വിട്ടൊഴിയാതെയിരുന്നിട്ടും പാപ്പ എത്തുന്നതിനെ ആശങ്കയോടെയാണ് ലോകം മുഴുവന്‍ കാണുന്നത്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ഇറാക്കിലേക്കാണ്.
തന്റെ യാത്രയ്ക്കുവേണ്ടി പ്രാര്‍ത്ഥന ചോദിച്ചുകൊണ്ട് പാപ്പ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ആദ്യ ദിനമായ ഇന്ന് ബാഗ്ദാദിലെ സിറിയന്‍ കാത്തലിക് കത്തീ്ഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ സന്ദര്‍ശിച്ച് ക്രൈസ്തവരുമായി കൂടിക്കാഴ്ച നടത്തും.
2010 ല്‍ ഞായറാഴ്ചയിലെ ചാവേറാക്രമണത്തില്‍ ഇവിടെ വച്ച് 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ക്വാറഘോഷിലെ കാത്തലിക് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലും പാപ്പ സന്ദര്‍ശിക്കും. ഭരണാധികാരികള്‍ മുസ്ലീം പുരോഹിതര്‍ എന്നിവരുമായും പാപ്പ കൂടിക്കാഴ്ച നടത്തും. മൊസൂളില്‍ അദ്ദേഹം യുദ്ധത്തിന് ഇരകളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും.