മതപരിവര്‍ത്തനക്കുറ്റം ആരോപിക്കപ്പെട്ട കന്യാസ്ത്രീക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുമോ?

ഭോപ്പാല്‍: മതപരിവര്‍ത്തനക്കുറ്റം ആരോപിക്കപ്പെട്ട കത്തോലിക്കാ കന്യാസ്ത്രീ മുന്‍കൂര്‍ ജാമ്യം തേടുന്നു. സിസ്‌റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് സന്യാസിനി സമൂഹാംഗവും സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ഭാഗ്യയാണ് മധ്യപ്രദേശ് ഹൈക്കോര്‍ട്ടില്‍ നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്.

മുന്‍കൂര്‍ ജാമ്യം കിട്ടും എന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. സാത്‌ന രൂപതയിലെ ഫാ. മാര്‍ട്ടിന്‍ പൂണോലില്‍ അറിയിച്ചു. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സിസ്റ്റര്‍ ഇതേ ആവശ്യത്തിന് വേണ്ടി സമീപിച്ചിരിക്കുന്നത്.

സ്‌കൂളിലെ മുന്‍ അധ്യാപികയായ 45 കാരി ഹൈന്ദവ സ്ത്രീയാണ് സിസ്റ്റര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മതപരിവര്‍ത്തനത്തിന് സിസ്റ്റര്‍ തന്നെ പ്രേരിപ്പിച്ചുവെന്നാണ് അധ്യാപിക ആരോപിച്ചിരിക്കുന്നത്. മതപരിവര്‍ത്തന നിരോധിത നിയമം അനുസരിച്ചാണ് പോലീസ് സിസ്റ്റര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് അധ്യാപികയെക്കുറിച്ച് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പരാതി പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് നീക്കം ചെയ്തതിന്റെ പ്രതികാരമനോഭാവത്തോടെയാണ് അധ്യാപിക സിസ്റ്റര്‍ക്കെതിരെ മതപരിവര്‍ത്തനക്കുറ്റം ആരോപിച്ചിരിക്കുന്നതെന്ന് ഫാ. മാര്‍ട്ടിന്‍ പൂണോലില്‍ വ്യക്തമാക്കി.