യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് നോക്കിലെ തീര്‍ത്ഥാടനകേന്ദ്രത്തിന് അന്താരാഷ്ട്രപദവി

അയര്‍ലണ്ട്: നോക്കിലെ മരിയന്‍തീര്‍ത്ഥാടനാലയത്തിനും ദിവ്യകാരുണ്യ ഷ്രൈനും ഇന്റര്‍നാഷനല്‍ പദവി നല്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോട് അനുബന്ധിച്ചാണ് ഈ പദവി നല്കുന്നത്. 1879 ല്‍ നടന്ന പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തോടെയാണ് ഈ ദേവാലയം പ്രശസ്തമായത്. പരിശുദ്ധ അമ്മ യൗസേപ്പിതാവിനോടൊപ്പമാണ് ഈ പ്രത്യക്ഷീകരണം നടത്തിയത്. വിശുദ്ധ യോഹന്നാന്‍ ശ്ലീഹായും മാലാഖമാരും പ്രത്യക്ഷീകരണത്തിലുണ്ടായിരുന്നു. മറ്റ് പല പ്രത്യക്ഷീകരണങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ പരിശുദ്ധ അമ്മ സന്ദേശങ്ങളൊന്നും നല്കിയില്ല, പൂര്‍ണ്ണമായും അമ്മ നിശ്ശബ്ദയായിരുന്നു.

നോക്കിലെ പ്രത്യക്ഷീകരണത്തെക്കുറിച്ച് വത്തിക്കാന്‍ രണ്ടു ഘട്ടങ്ങളിലായി രണ്ടു കമ്മീഷനുകളെ നിയമിച്ചിരുന്നു. 1879 ലും 1936 ലും. വിശ്വാസ്യയോഗ്യമെന്ന നിലയിലായിരുന്നു രണ്ടു റിപ്പോര്‍ട്ടുകളും. 1979 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചിരുന്നു. 2018 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും 1993 ല്‍ വിശുദ്ധ മദര്‍ തെരേസയും ഇവിടം സന്ദര്‍ശിച്ചിരുന്നു. മാര്‍ച്ച് 19 വൈകുന്നേരം 7.30 ന് അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയ്ക്കിടയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ദേവാലയത്തെ അന്താരാഷ്ട്രപദവിയിലേക്ക് ഉയര്‍ത്തുന്നത്.