കേരളം മെയ് മൂന്നിന് പ്രാര്‍ത്ഥിക്കാനായി ഒരുമിക്കുന്നു

കൊച്ചി: കൊറോണ വൈറസ് ബാധമൂലം ചികിത്സയിലായിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വേണ്ടി കേരളത്തിലെ വിവിധ മതനേതാക്കള്‍ പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തു. മെയ് മൂന്നിനാണ് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത് .

കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാധ്യക്ഷന്മാരും ഹൈന്ദവ മുസ്ലീം നേതാക്കന്മാരും സംയുക്തമായാണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും ജാതിമതവ്യത്യാസമില്ലാതെ ഇക്കാര്യത്തില്‍ ഇനിയും ആവശ്യമാണെന്നും കേരളം കോവിഡ് 19 പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മതനേതാക്കള്‍ നിരീക്ഷിച്ചു.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് കേരളം ഒരുമിച്ച് ലോകംമുഴുവനും വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കായി ആഹ്വാനം ചെയ്തിരിക്കുന്നത്.