ഫിലിപ്പൈന്‍സില്‍ സുവിശേഷം എത്തിയിട്ട് അഞ്ഞൂറ് വര്‍ഷങ്ങള്‍; കൃതജ്ഞതാബലി അര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ഫിലിപ്പൈന്‍സില്‍ കത്തോലിക്കാവിശ്വാസം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ആചരിച്ചു. റോമില്‍ താമസിക്കുന്ന ഫിലിപ്പിനോകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. ലോകം മുഴുവനുമുള്ള ഫിലിപ്പിനോകള്‍ക്കായി വിശുദ്ധ കുര്‍ബാന ലൈവ് സ്്ട്രീമിങ് ചെയ്തിരുന്നു. ഫിലിപ്പൈന്‍സില്‍ നിന്നുള്ള കുടിയേറ്റ ജോലിക്കാര്‍ ഏറ്റവും കൂടുതലുള്ള രാ്ജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. സുവിശേഷവല്ക്കരണം സന്തോഷത്തോടെ നിര്‍വഹിക്കണമെന്ന് ഫിലിപ്പിനോകളോട് പാപ്പ പറഞ്ഞു. സുവിശേഷം പ്രസംഗിക്കുന്നതിനോ സ്‌നേഹിക്കുന്നതിനോ ശുശ്രൂഷിക്കുന്നതിനോ ഭയക്കരുത്. പാപ്പ പറഞ്ഞു.

1521 ലാണ് ഫിലിപ്പൈന്‍സില്‍ ആദ്യത്തെ വിശുദ്ധ കുര്‍ബാനയും കത്തോലിക്കാ മാമ്മോദീസായും നടന്നത്. ഇന്ന് ലോകത്തിലെ തന്നെ കത്തോലിക്കരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുളളത് ഫിലിപ്പൈന്‍സാണ്. 108 മില്യന്‍ ജനസംഖ്യയുളള ഫിലിപ്പൈന്‍സില്‍ 86 ശതമാനവും കത്തോലിക്കരാണ്. ഫിലിപ്പൈന്‍സില്‍ 300 വര്‍ഷത്തോളം തദ്ദേശീയരായ വൈദികരുണ്ടായിരുന്നില്ല.