ആറ്റുനോറ്റുണ്ടായ ഉണ്ണിയെ ദൈവത്തോടുള്ള സ്നേഹം കൊണ്ടു തന്നെ ബലി കഴിക്കാന്‍ പുറപ്പെട്ടവനാണ് ഒരു അപ്പന്.്മറ്റൊരു അപ്പനാവട്ടെ മകന്റെ കൈയ്ക്ക് പിടിച്ച് അവന്റെ അമ്മയെയും കൂട്ടി പെരുനാളുകള്‍ക്കു പോയവനും. രണ്ടുകാലങ്ങളിലെ രണ്ട് അപ്പന്മാരാണ് ഇവര്‍. രണ്ടുകാലങ്ങളില്‍ നിന്നുകൊണ്ട് രണ്ടുതരം ജീവിതരീതികളും രണ്ടുതരം കുടുംബസമീപനങ്ങളും പുലര്‍ത്തിയവര്‍.
പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല പഴയനിയമത്തിലെ അബ്രഹാമിനെയും പുതിയ നിയമത്തിലെ ജോസഫിനെയും കുറിച്ചാണ്. പഴയ-പുതിയ നിയമകാലങ്ങളിലൂടെ ദൈവത്തിന്റെ സ്വഭാവം മാറുന്നതുപോലെ മനുഷ്യരുടെയും സ്വഭാവം മാറുന്നു.കുടുംബസങ്കല്പങ്ങളിലും ദാമ്പത്യത്തിലും മാറ്റം വരുന്നു.
പഴയ നിയമത്തില്‍ കാര്‍ക്കശ്യക്കാരനും പ്രതികാരം ചെയ്യുന്നവനും അസഹിഷ്ണുവുമാണ് ദൈവമെങ്കില്‍ പുതിയ നിയമത്തില്‍ ആ ദൈവം കരുണാമയനും സ്നേഹസമ്പന്നനും സകലതും ക്ഷമിക്കുന്നവനുമാണ്. പുതിയകാലത്തെയും പഴയകാലത്തെയും അപ്പന്മാര് തമ്മിലുള്ള വ്യത്യാസം തന്നെയുണ്ട് ഈ ദൈവസങ്കല്പത്തിനും. ഇന്ന് മക്കളെ ശിക്ഷിക്കുന്ന, അവരെ അടിച്ചമര്‍ത്തി ഭരിക്കുന്ന അപ്പന്മാര് കുറവാണ്.
കൂടുതല്‍പേരും മക്കളുമായി സൗഹൃദം പുലര്‍ത്തുന്നവരും ശാസനയ്ക്ക് പകരം വാത്സല്യം നല്കുന്നവരുമാണ്.
ഈ പുതിയ പിതൃഭാവം നസ്രത്തിലെ ജോസഫിന്റെ തുടര്‍ച്ചയോ അയാളിലെ നന്മയുടെ പരാഗണമോ ആണ്. നാം കണ്ടുമുട്ടുന്ന പുതിയകാലത്തിന്റെ കുടുംബനാഥനും ഭര്‍ത്താവും അപ്പനുമൊക്കെയാണ് ജോസഫ്. പഴയനിയമത്തിലെ ഏറെ വാഴ്ത്തപ്പെടുന്ന നിരവധി കുടുംബങ്ങളില്‍ നിന്ന് നസ്രത്തിലെ തിരുക്കുടുംബത്തെ അമ്പേ വ്യത്യസ്തമാക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന കൂട്ടായ്മയും സഹകരണവും സജീവതയും ദൈവാന്വേഷണവും ദൈവഹിതത്തിനുള്ളകീഴടങ്ങലും ദൈവത്തോടുള്ള സ്നേഹവും പരസ്നേഹവും തുല്യതയും പരിഗണന.യും പങ്കുവയ്ക്കലുമാണ്.
അവിടെ മേധാവിത്വമില്ല, മേല്‍ക്കോയ്മയില്ല. തന്റെ വാരിയെല്ലില്‍ നിന്ന് രൂപമെടുത്തവളാണെന്ന വില കുറച്ചിലോ നീ എനിക്ക് കൂട്ടിനായി തന്ന സ്ത്രീകാരണം എന്ന കുറ്റപ്പെടുത്തലോ ഇല്ല. ദുരിതങ്ങളില്‍ നിന്ന് ഓടിപ്പോകുമ്പോള്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കി അനുസരണക്കേടിന്റെ ഉപ്പുതൂണായി ഇവിടെയാരും മാറുന്നില്ല, അകാലത്തില്‍ കുഞ്ഞുണ്ടാകുമെന്ന് അറിയുമ്പോള്‍ വാതിലിന് മറഞ്ഞുനിന്ന് പരിഹാസച്ചിരി ചിരിക്കുന്നില്ല.
പുരുഷനെ അറിയാതെ എങ്ങനെ ഗര്‍ഭം ധരിക്കുമെന്ന തികച്ചും യുക്തിപൂര്‍വ്വമായ ചോദ്യത്തിനപ്പുറം ദൈവതീരുമാനത്തെ അവഗണിക്കാന്‍ മറിയമോ സഹവാസത്തിന് മുമ്പേ ഗര്‍ഭിണിയായ പ്രതിശ്രുതവധുവിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കപ്പുറം തീ തിന്നാന്‍ ജോസഫോ തയ്യാറായതുമില്ല. മറിയവും ജോസഫും ചിന്തിച്ചതും പ്രവര്‍ത്തിച്ചതും പെരുമാറിയതും തീരുമാനമെടുത്തതും എല്ലാം ഒരുമിച്ചായിരുന്നു, ഒന്നുപോലെയായിരുന്നു. അവരെ മാറ്റിമറിക്കാനും തകിടം മറിക്കാനും ഒരു സാത്താനും വന്നതുമില്ല. ഒരുമിച്ചു നില്‍ക്കുന്നവരെ ഒരേ മനസ്സും ഒരേ ചിന്തയും ഒരേ വിശ്വാസവുമായി കഴിയുന്നവരെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. അത്തരക്കാരുടെ ഇടയിലേക്ക് കടന്നുവന്നിട്ട് കാര്യമില്ലെന്ന് സാത്താനു പോലും അറിയാം.
എന്തുകൊണ്ടാണ് ദമ്പതികളെ ഏഷണി പറഞ്ഞ് ഭിന്നിപ്പി്ക്കാന് ശ്രമിക്കുന്നതും അതില്‍ വിജയിക്കുന്നതും? മറ്റെയാള്‍ പറഞ്ഞതുപോലെയുള്ള ആളാണ് ഭര്‍ത്താവെന്ന/ ഭാര്യയെന്ന്് ഭാര്യയുടെ/ ഭര്‍ത്താവിന്റെ ഉള്ളില്‍ നേരത്തെ ചില സംശയങ്ങളുണ്ടായിരുന്നു. ഉള്ളില്‍ സംശയിക്കുന്നവരെ പുറമേയുള്ള ഒരാള്‍ക്ക് വളരെയെളുപ്പം ഭിന്നിപ്പിച്ചുകളയാം. പണ്ട് ബെര്‍ലിന്‍ മതിലിന്റെ വീഴ്ചയെക്കുറിച്ച് വിശുദ്ധനായപാപ്പ പറഞ്ഞതുപോലെ, അത് പണ്ടേ ദുര്‍ബലമായിരുന്നു അതിനെ ഞാനൊന്ന് ചെറുതായി തളളി,മറിഞ്ഞുവീണു അത്രേയുളളൂ കാര്യങ്ങള്‍ എന്ന മട്ടില്‍
.
ഗര്‍ഭിണിയായതു കൊണ്ട് പേരെഴുതിക്കാന്‍ താന്‍ വരുന്നില്ലെന്ന് മറിയമോ ദൈവപുത്രന്റെ പിതാവാകാന്‍ തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് ലൗകികനിയമങ്ങള്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് ജോസഫോ തീരുമാനമെടുത്തില്ല. ജോസഫും മറിയവും ഒരേ പോലെ ചിന്തിച്ചു, ഒരേ പോലെ പ്രവര്‍ത്തിച്ചു. ബൈബിളില്‍ പറയാതെ പോയ അനേകം സംഭവങ്ങളെയും വിവരിച്ചിരിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാം എത്തിച്ചേരു്ന്ന നിഗമനവും അതുതന്നെയാണ്. ഒരുമിച്ചുകൂടിയാലോചിച്ച് വേണം തീരുമാനമെടുക്കാന്‍ എന്ന ദമ്പതികളോട് പല ധ്യാനഗുരുക്കന്മാരും പറയാറുണ്ട്. ഒരേ ചിന്തയും ഒരേ തരംഗദൈര്ഘ്യവുമുളളവരാണെങ്കില് അതേറ്റവും നല്ലത് തന്നെ. പക്ഷേ വിരുദ്ധധ്രുവങ്ങളിലാണെങ്കിലോ..
ഉദ്ദേശിച്ചതിനെക്കാളേറെ അത് ദോഷം ചെയ്യും. ദൃശ്യം 2 വിലെ ജോര്‍ജുകുട്ടി-റാണി ദമ്പതിമാരെ നോക്കൂ. അവിടെ ഭര്‍ത്താവിന്റെ ഉള്ളില്‍ ഒരു രഹസ്യമുണ്ട്. ഭാര്യയും മക്കളും അറിയാതെ സൂക്ഷിക്കുന്ന രഹസ്യം. അതാരോടെങ്കിലും പറഞ്ഞാല്‍ ദോഷം തന്റെ കുടുംബത്തിന് തന്നെയാണെന്ന്അയാള്ക്കറിയാം. സംഭവത്തിന്റെ തലയും വാലും അറിയാവുന്നതുകൊണ്ടാണ്, വിശ്വസ്തയെന്ന് കരുതുന്ന അയല്‍ക്കാരിയോട് ഒരു ദുര്‍ബലനിമിഷത്തില്‍ റാണി അറിയാതെയാണെങ്കിലും ചില കാര്യങ്ങള്‍ തുറന്നുപറയുന്നതും അത് ഒരു അപകടത്തിലേക്ക് നയിക്കുന്നതും. ഭാര്യ നിര്‍ബന്ധിച്ചപ്പോള്‍ സ്നേഹധനനായ ജോര്‍ജുകുട്ടി അക്കാര്യം അത് വെളിപെടുത്തിയിരുന്നുവെങ്കിലോ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നസങ്കീര്ണ്ണമാവുമായിരുന്നു. പറയാന്‍ വന്നത് മറ്റൊന്നുമല്ല ഭാര്യയോ ഭര്‍ത്താവോ ചില രഹസ്യങ്ങള്‍ കുടുംബത്തിന്റെ സുരക്ഷയെപ്രതി കാത്തുസൂക്ഷിക്കുന്നത് തെറ്റല്ല.
ജോസഫ് അത്തരം ചില രഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചവനായിരുന്നു, മറിയവും. ജോസഫ് തന്നെ സംശയിച്ചേക്കാം എന്ന് മനസ്സിലാക്കിയിട്ടും തനിക്ക് ലഭിച്ച ദൈവികവെളിപാടിനെ അയാള്‍ക്ക് മുമ്പില്‍ തുറന്നുവയ്ക്കാന്‍ മറിയം തയ്യാറായിരുന്നില്ലെന്നാണ് ചില സ്വകാര്യ ദര്‍ശനങ്ങള്‍. ദൈവം അതാഗ്രഹിക്കുന്നുവെങ്കില്‍ ദൈവം തന്നെ വെളിപെടുത്തട്ടെയെന്ന മട്ടായിരുന്നു മറിയത്തിന്. സ്വയം ന്യായീകരിക്കാനും കുറ്റവിമുക്ത ചമയാനും അവള് ഒട്ടും തയ്യാറാകുന്നില്ല. മറിയത്തിന്റെ ആ ന്യായം തന്നെയായിരിക്കാം മാലാഖയെ വിശദീകരണദൂതുമായി ജോസഫിന്റെ അടുക്കലേക്ക് അയ്ക്കാന്‍ ദൈവത്തെപ്രേരിപ്പിച്ചതും.
മാലാഖ വരുന്നതോടെ ജോസഫ്ിന്റെ ഹൃദയം കാര്‍മേഘം നീങ്ങിയ ആകാശംപോലെയാകുന്നു. പിന്നെ അയാള്‍ പഴയതിനെക്കുറിച്ച് തലപുകയ്ക്കുന്നതേയില്ല. പുതിയ ഉത്തരവാദിത്തത്തിന്റെ സത്യസന്ധതയില്‍ ജീവിതം നയിക്കാന്‍ അയാള്‍ ്സ്വയമേവ തയ്യാറാകുന്നു. ദാമ്പത്യത്തിലെ ചില സംശയങ്ങള്‍ ദൂരീകരിക്കാന്‍ ദമ്പതികള്‍ക്കിടയിലേക്ക് മാലാഖമാര്‍ തന്നെ കടന്നുവരും. ദമ്പതികള്‍ അത്തരത്തിലുളള വിശുദ്ധ ജീവിതം നയിക്കുന്നവരാണെങ്കില്‍. ഇല്ലെങ്കില്‍ പ്രശ്നങ്ങള്‍ അവര്‍ക്കിടയില്‍ നീറിക്കത്തുകയും അത് ഓരോ നിമിഷവും അവരെതന്നെ ദഹിപ്പിക്കുകയും ചെയ്യും.
മറിയത്തിന് വേണ്ടി ത്യാഗം അനുഷ്ഠിക്കുന്ന ഭര്‍ത്താവായ ജോസഫ്. ക്രിസ്തുവിന് വേണ്ടി ഏതറ്റം വരെ പോകാന്‍ തയ്യാറാകുന്ന അപ്പനായ ജോസഫ്. പുരുഷന്റെ ഏറ്റവും ശ്രദ്ധേയമായ രണ്ടുമുഖങ്ങളാണ് ഭര്‍ത്തൃത്വവും പിതൃത്വവും. അവനെ കൂടുതല്‍ ഉത്തരവാദിത്തബോധമുളളവനും അവന്റെ സാധ്യതകളെ കൂടുതലായി പുറത്തേക്ക് കൊണ്ടുവരുന്നതുമായ അവസ്ഥകളാണ് അവ. അതിലുള്ള വിജയവും പരാജയവുമാണ് പുരുഷന്റെ സ്ഥാനം നിശ്ചയപ്പെടുത്തുന്നത്. ജോസഫ് എന്ന മകനെക്കുറിച്ച് നമുക്കറിയില്ല. നാം അറിയുന്നതും മനസ്സിലാക്കുന്നതും ജോസഫ് എന്ന ഭര്‍ത്താവിനെയും ജോസഫ് എന്ന അപ്പനെയും മാത്രമാണ്. നൂറുശതമാനവും നീതിപുലര്‍ത്തിയ രണ്ടു ജീവിതാവസ്ഥകളായിരുന്നു അവ ജോസഫിനെ സംബന്ധിച്ചിടത്തോളം.
ദൈവപുത്രനായ ക്രിസ്തുവിനെ മറന്ന് മനു്ഷ്യപുത്രനായ ക്രിസ്തുവിനെ ക്കുറിച്ച് മാത്രം ആലോചിക്കൂ. ഏതൊരു മകന്റെയും ആദ്യത്തെ റോള്‍ മോഡല്‍ അവന്റെ അപ്പന്‍തന്നെയാണ്. അപ്പന് എന്താണ് ചെയ്യുന്നത്, പെരുമാറുന്നത് ഇതെല്ലാം അവന്റെ ജീവിതത്തെ സ്വാധീനിക്കും. ആണ്മക്കള് അമ്മയെക്കാള്‍ അപ്പനെയാണല്ലോ മാതൃകയാക്കുന്നതും? ക്രി്സ്തു പഠിച്ച ആദ്യത്തെ പാഠപുസ്തകം ജോസഫ് തന്നെയായിരുന്നു.
പാപിനിയായ സ്ത്രീയെ കല്ലെറിയാന്‍ കൊണ്ടുവരുന്നവരോട് പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെയെന്ന പ്രഖ്യാപിക്കാന്‍ ക്രിസ്തുവിന് സാധിച്ചത് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭംധരിച്ച മറിയത്തെ ഉപേക്ഷിക്കാതിരിക്കാനും അവളുടെ മാനം രക്ഷിക്കാനും തയ്യാറായ ജോസഫിന്റെ സ്വാധീനമാണെന്ന് ബോബിയച്ചനെപോലെയുള്ളവര് നേരത്തെ നിരീക്ഷിച്ചത് ഓര്‍മ്മിക്കുക.
അതുപോലെതന്നെയാണ് നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷിക്കുക എന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് പ്രഖ്യാപിക്കാനും ക്രിസ്തുവിന് കഴിഞ്ഞത്. പേരെഴുതിക്കാനുളള ആ യാത്രയിലൂടെ അധികാരികള്‍ക്ക് കീഴടങ്ങാനുള്ള ജോസഫിന്റെ സന്നദ്ധതയാണ് വെളിവാക്കപ്പെടുന്നത്. മറിയത്തിനും ക്രിസ്തുവിനും വേണ്ടി മരപ്പണിശാലയില്‍ വിയര്‍പ്പൊഴുക്കുന്നതില്‍ ജോസഫ് ഒരിക്കലും മടിവിചാരിച്ചിരുന്നുമില്ല. യേശുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലായപ്പോള്‍ പ്രാണന് പൊതിഞ്ഞുപിടിച്ചുള്ള ആ ഓട്ടമുണ്ടല്ലോ ജീവന്റെ കാവലാളാകാനുള്ള തന്റെ ദൗത്യമാണ് ജോസഫ് അവിടെ തിരിച്ചറിഞ്ഞത്.
സത്യത്തില്‍ എല്ലാ കുടുംബനാഥന്മാരുടെയും രക്തത്തില്‍ ഈ തച്ചന് അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.അയാള്‍ കഷ്ടപ്പെടുന്നത്.. വിയര്‍പ്പൊഴുക്കുന്നത് എല്ലാം തന്റെ കുടുംബത്തിന് വേണ്ടിയാണ്. എന്നാല്‍ കുടുംബം അയാളെ എത്രത്തോളം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട് എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. അടുക്കളയില്‍ പുകയുകയും വേവുകയും ചെയ്യുന്ന അമ്മയുടെ കഷ്ടപ്പാടുകള്‍ മക്കള്‍ നേരിട്ടാണ് കാണുന്നത്.പക്ഷേ മക്കളുടെ കാഴ്ചയ്ക്കപ്പുറ മാണ് അപ്പന്റെ വിയര്പ്പൊഴുക്കലുകള്. അതുകൊണ്ട് തന്നെ അപ്പന് എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്നതിനെക്കുറിച്ച് അവര്‍ക്ക് വേണ്ടത്ര ഗാഹ്യമില്ല.
മാത്രവുമല്ല ഗര്‍ഭധാരണം, പത്തുമാസം, വേദനയോടെയുള്ള പ്രസവം, കുഞ്ഞുങ്ങളെ പരിപാലിക്കല്‍ ഇങ്ങനെ ഒരുപാട് കാര്യങ്ങളില്‍ നാം അവളെ ഗ്ലോറിഫൈ ചെയ്യുന്നുണ്ട്.പുരുഷന്സഹിക്കുന്ന കഷ്ടപ്പാടുകള്‍ അവന് ഹൃദയത്തിലാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ അതാരും അറിയാതെ പോകുന്നു.
പക്്ഷേ ഓരോ പിറവിക്കു പിന്നിലുമുള്ള പുരുഷന്റെ പ്രാധാന്യം നാം എത്രപേര്‍ തിരിച്ചറിയുന്നുണ്ട്? നിലം ഉഴുത് വിത്തുവിതയ്ക്കുന്ന കര്‍ഷകനും ഒരു പുരുഷനും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. വിതയ്ക്കപ്പെടുന്നതിന്റെ ഗുണമേന്മയാണ് ഫലം നല്‍കുന്നത്. ഭാര്യ ഗര്‍ഭം ധരിക്കാന്‍ വൈകുന്നുണ്ടെങ്കില്‍ ആദ്യം വിരല്‍ ചൂണ്ടുന്നത പുരുഷന് നേര്‍ക്ക് തന്നെയാണ്. ‘അവന്റെ കഴിവുകേട്.’ ഇതാണ് വിലയിരുത്തല്‍.സെക്സിനെ പോലും ഗോദയിലെ മത്സരമായും പുരുഷന്റെ വീര്യമായും കരുതിപ്പോരുന്നവരും നമുക്കിടയില്‍ ധാരാളം. എന്നാല്‍ സൃഷ്ടികര്‍മ്മത്തില്‍ ദൈവത്തിന് തുല്യം തന്നെയാണ് പുരുഷനും. ദൈവത്തിന് ലിംഗമുണ്ടോയെന്നറിയില്ല, എങ്കിലും ദൈവത്തെ ഒരു സ്ത്രീയായിട്ടല്ല പുരുഷനായിട്ടു തന്നെയാണല്ലോ നമ്മുടെ മനസ്സിലെ വിചാരങ്ങളും. തീര്‍ച്ചയായും ദൈവം പുരുഷന് തന്നെയാണ്. അതാണ് പുരുഷത്വത്തിന് കിട്ടിയ വലിയ അംഗീകാരവും.
മറിയത്തെയും ജോസഫിനെയും പോലും രതിയുടെ ഭൂമികയില്‍ നിന്ന് ഒഴിവാക്കിക്കാണാന് പലര്‍ക്കും കഴിയുന്നില്ല എന്നതും ചിന്തിക്കണം. അതുകൊണ്ടാണ് മറിയത്തെ സുന്ദരിയായി ചിത്രീകരിക്കുമ്പോഴും ജോസഫിനെ വൃദ്ധനാക്കുന്നത്. മറിയത്തിന് ക്രിസ്തുവിന്റെ ജനനത്തിന് ശേഷം വീണ്ടും മക്കളുണ്ടായതായി വാദിക്കുന്നത്. യൗവനയുക്തനായ ഒരു പുരുഷനൊപ്പം ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ വര്‍ഷങ്ങളോളം കഴിയുമ്പോള്‍ രതി അനുഷ്ഠിക്കാതെ എങ്ങനെ ജീവിക്കാന്‍ കഴിയും എന്നതാണ് അവരുടെ സംശയം. സ്നേഹം എന്ന ബന്ധത്തിന്റെ സ്വര്‍ണ്ണനൂലിഴയില്‍ കോര്‍ത്തിണക്കുന്ന ബന്ധങ്ങള്‍ ശരീരംകൊണ്ടല്ല ആത്മാവുകൊണ്ടാണ് ബന്ധിതരായിരിക്കുന്നതെന്ന് അവരെങ്ങനെ അറിയാന്‍? യഥാര്‍ത്ഥ സ്നേഹത്തിന് ശരീരം പോലും അപ്രസക്തമാണ്. ആത്മാവു കൊണ്ട് സനേഹിക്കുന്നവര്‍ക്ക് ശരീരം പ്രധാനമേ അല്ല. സ്ത്രീയുടെ സ്വയംപര്യാപ്തതയും സമത്വവാദവും സ്ത്രീസ്വാതന്ത്ര്യവുമെല്ലാം ചേര്‍ന്നാണ് ഇന്ന്് പുരുഷന്റെ സ്ഥാനത്തെ ഇത്തിരിയെങ്കിലും പിന്നിലേക്ക് മാറ്റിനിര്‍ത്തിയിരിക്കുന്നു എന്നും പറയാതെ വയ്യ.. കാരണം ഇന്ന് ഒട്ടുമിക്ക ഭവനങ്ങളിലും സ്ത്രീകള്‍ ഉദ്യോഗസ്ഥരാണ്. അല്ലെങ്കില്‍ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തിയുള്ളവരും. അതുകൊണ്ട് തന്നെ പുരുഷനെ പണ്ടുകാലങ്ങളിലേതുപോലെ എല്ലാ കാര്യങ്ങളിലും ആശ്രയിക്കേണ്ടതായും വരുന്നില്ല. ആശ്രയത്വം എന്തോ കുറച്ചില്പോലെയാണ് പലസ്ത്രീകളും കാണുന്നത്.
പുരുഷനോ സ്ത്രീയോ ഒരാള്‍ക്ക് മാത്രമായി കുടുംബജീവിതത്തില്‍ പ്രത്യേക സ്ഥാനങ്ങളൊന്നുമില്ല. വിശുദ്ധ ഗ്രന്ഥാടിസ്ഥാനത്തില്‍ തന്നെ പറയുന്നതുപോലെ ദൈവകൃപയ്ക്ക് തുല്യാവകാശികള്‍ തന്നെയാണ് അവര്‍. പക്ഷേ താന്‍ കാരണം ഇണയ്ക്ക് ദൈവകൃപ നഷ്ടമാകരുത്. അല്ലെങ്കില്‍ നഷ്ടമാകുന്നുണ്ടോയെന്ന കാര്യത്തില്‍ ഓരോ ദമ്പതികളും ആത്മശോധന നടത്തേണ്ടിയിരിക്കുന്നു. ലോകത്തില്‍ ദൈവം ആദ്യമായി രൂപം കൊടുത്ത കുടുംബം അനുസരണക്കേടിന്റെ പേരില്‍ ഛിന്നഭിന്നമായിപ്പോയപ്പോള് എല്ലാ ലോകത്തേക്കും എല്ലാ കാലത്തേക്കുമായി ലോകത്തിന് മാതൃകയാകാനാണ് ദൈവം തിരുക്കുടുംബത്തിന് രൂപം കൊടുത്തത്. അതിന് ഒരുപക്ഷേ ആദ്യമനുഷ്യസൃഷ്ടിയെക്കാള് ദൈവം സമയമെടുത്തിരിക്കണം. കൂടുതല്‍ പ്ലാന്‍ ചെയ്തിരിക്കണം. ഇനിയെങ്കിലും പാളിപ്പോകാതിരിക്കാന്‍ മാത്രം ദൈവം സൂക്ഷ്മതയോടെ മെന്ഞ്ഞെടുത്തതാണ് ആ കുടുംബം. ജോസഫിനെ പോലെയുള്ള ഒരു മനുഷ്യനെ ആദരിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും അനുസരിക്കാനും ക്രിസ്തു തയ്യാറായി എന്നതിനെയും വലിയ പ്രാധാന്യത്തോടെ വേണം വിലയിരുത്തേണ്ടത്. അത്രത്തോളം മഹത്വം അയാളിലുണ്ടായിരുന്നു. ദൈവത്തിന് പോലും ആദരവ് തോന്നിയ വ്യക്തിത്വം. ഏറ്റവും വിലയുള്ള രണ്ടുപേരെയാണ് ദൈവം അയാളുടെ കൈയിലേക്ക് വച്ചുകൊടുത്തത്. മറിയത്തെയും ക്രി്സതുവിനെയും.
പുരുഷന്റെ കൈയിലേക്ക് ദൈവം വച്ചുകൊടുത്തതാണ് കുടുംബജീവിതം പോലും എന്നാണ് ഞാന്‍ കരുതുന്നത്. ആദം എന്ന പുരുഷന് മാത്രമേ ദൈവത്തിന്റെ ചിന്തയിലുണ്ടായിരുന്നുള്ളൂ. പക്ഷേ അവന് ഏകാന്തത അനുഭവിക്കുന്നുവെന്ന വ്യഥയില്‍ നിന്നാണ് ഹവ്വ എന്ന സ്ത്രീക്ക് ദൈവം ജീവന് കൊടുത്തത്. നോര്‍മ്മല്‍ രീതിയില്‍ ഇന്നും പുരുഷനാണ് പെണ്ണ് തേടി ചെല്ലുന്നത്. പുരുഷനാണ് പെണ്ണിനെ കൈപിടിച്ച് തന്റെ കുടുംബത്തിലേക്ക്, ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. അവന് അവളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അടയാളമാണ് വിവാഹനിമിഷം കഴുത്തിലണിയിക്കുന്ന താലി. കാലം എത്ര പുരോഗമിച്ചിട്ടും സ്ത്രീവാദം പറഞ്ഞിട്ടും വിവാഹം എന്ന ചടങ്ങ് നടക്കുന്നുണ്ടെങ്കില്‍ ഇന്നും പുരുഷന് തന്നെയാണ് താലി കെട്ടുന്നത്, സ്ത്രീയല്ല.
കുടുംബജീവിതം രൂപപ്പെടുത്താനും അതിനെ മുന്നോട്ടുനയിക്കാനുമുള്ള വലിയ ഉത്തരവാദിത്തം പുരുഷന് തന്നെയാണെന്നാണ് അത് വ്യക്തമാക്കുന്നത്. ഈ ഉത്തരവാദിത്തബോധം അവന് നഷ്ടപ്പെടാന്‍ പാടില്ല. നഷ്ടപ്പെടുത്താനും. കുടുംബത്തിന് വേണ്ടി സമര്‍പ്പിക്കാനുള്ള അവന്റെ ത്യാഗസന്നദ്ധതയും ആത്മാര്‍ത്ഥതയുമാണ് പുരുഷന്റെജീവിതത്തെ കാലാതിവര്‍ത്തിയാക്കുന്നത്.
മറിയത്തിനും ക്രിസ്തുവിനും വേണ്ടി ജീവിക്കാനും കഷ്ടപ്പെടാനും അവരെ തന്നെക്കാളധികമായി സ്നേഹിക്കാനും തയ്യാറായതിലൂടെ ജോസഫ് വീണ്ടെടുത്തത് ഒരു കുടുംബസംസ്കാരമാണ്, ദാമ്പത്യത്തിലെ ഐക്യവും വിശുദ്ധിയുമാണ്. മനസ്സുവച്ചാല്‍ കുടുംബജീവിതം സുന്ദരമാക്കാം എന്നാണ്. ആരു മനസ്സ് വയ്ക്കും എന്നതല്ല രണ്ടുപേരും ഒരുപോലെ മനസ്സ് വച്ചാല്‍ മാത്രമേ അത്തരമൊരു ഭാഗ്യം അനുഭവിക്കാന്‍ കഴിയൂ എന്നുകൂടി ഈ കുടുംബം പറഞ്ഞുതരുന്നുണ്ട്.
ജോസഫിന്റെ ഭാഗ്യം മറിയത്തെപോലെയുള്ള ഒരു ഭാര്യയായിരുന്നു മറിയത്തിന്റെ ഭാഗ്യം ജോസഫിനെപോലെയുള്ള ഒരു ഭര്‍ത്താവും. മറിയത്തെപോലെ ഒരു ഭാര്യയുളള പുരുഷന്റെ ജീവിതം സമാധാനപൂര്വ്വമായിരിക്കും, സമാധാനമുള്ള ഒരു പുരുഷന് ഭാര്യയ്ക്ക് സുരക്ഷിതത്വം നല്‍കാനും കഴിയും. സമാധാനവും സുരക്ഷിതത്വവും അനുഭവിക്കാന്‍ കഴിയുന്നതോടെ ദാമ്പത്യജീവിതം ഉദാത്തതലങ്ങളിലേക്ക് സംക്രമിക്കപ്പെടുന്നു.
സത്യത്തില്‍ ദാമ്പത്യം കൃപയിലേക്കുളള യാത്രയാണ്. ആ വിളി തിരിച്ചറിയാനാണ് ജോസഫ് ഈ വര്‍ഷം നമ്മെ ക്ഷണിക്കുന്നത്. ജോസഫിനെക്കുറിച്ച് വായിച്ചുകൊണ്ടുമാത്രം ജോസഫിനെ അനുകരിക്കാനാവില്ല. ജോസഫിനെക്കുറിച്ചുള്ള ധ്യാനം കൊണ്ടുമാത്രമേ ആ ജീവിതം നമ്മെ പ്രചോദിപ്പിക്കുകയുള്ളൂ. ജോസഫ് ഒരു ധ്യാനമായി ഓരോ പുരുഷനും ഉള്ളില്‍ കൊണ്ടുനടക്കേണ്ട വലിയൊരു രഹസ്യമാണ്.
വിനായക് നിർമ്മല്‍