സ്ത്രീയുടെ ശബ്ദത്തെക്കാള്‍ ശക്തമാണ് പുരുഷന്റെ നിശ്ശബ്ദത. സ്ത്രീയുടെ ആയിരം വാക്കുകളെക്കാള്‍ പുരുഷന്റെ ഒരു വാക്ക് ചിലപ്പോള്‍ തീവ്രവുമായിരിക്കും. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്തത് പൊതുവെ സ്ത്രീകള്‍ക്കാണെന്നാണല്ലോ വയ്പ്. നമ്മുടെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും കൗദാശികസത്യങ്ങളെയും എതിര്‍്ക്കുകയോ തകര്‍ക്കുകയോ ചെയ്യാതെ തന്നെ ചെറിയൊരു നിരീക്ഷണം പറഞ്ഞുകൊള്ളട്ടെ, കുമ്പസാരിപ്പിക്കാനുള്ള അധികാരം വൈദികര്‍ക്ക് നല്കിയതു പോലും അപ്പസ്‌തോലികപാരമ്പര്യത്തിന്റെ തുടര്‍ച്ചയായതുകൊണ്ടു മാത്രമാകണമെന്നില്ല മറിച്ച് സ്ത്രീകളായിരുന്നുവെങ്കില്‍ കുമ്പസാരരഹസ്യം ചിലപ്പോഴെങ്കിലും നാലാള്‍ അറിയാന്‍ ഇടയാകുമായിരുന്നു എന്നതുകൊണ്ടുകൂടിയാവാം.
പറഞ്ഞുവരുന്നത് അതല്ല ജോസഫിന്റെ മൗനത്തെക്കുറിച്ചാണ്. എന്തുകൊണ്ട് ജോസഫിനെ മൗനിയായി ചിത്രീകരിച്ചു എന്നതിനെക്കുറിച്ചാണ്. ജോസഫിന്റെ മൗനത്തിന് ഒന്നേയുള്ളു വിശദീകരണം. സങ്കീര്‍ത്തനങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നുണ്ടല്ലോ ദൈവത്തിന്റെ അത്ഭുതങ്ങളെയോര്‍ത്ത് ഞാന്‍ മൗനം അവലംബിക്കുന്നുവെന്ന്.
അതുപോലെ ദൈവത്തിന്റെ വാക്കുകള്‍ക്ക് മുമ്പില്‍ നിശ്ശബ്ദനാകുന്ന ജോബിനെയും നാം പഴയനിയമത്തില്‍ കാണുന്നുണ്ട്. ‘ഞാന്‍ നിസ്സാരനാണ്, ഞാന്‍ എന്തുത്തരം പറയാനാണ്. ഞാന്‍ വാ പൊത്തുന്നു. ഒരിക്കല്‍ ഞാന്‍ സംസാരിച്ചു ഇനി ഞാന്‍ ഉത്തരം പറയുകയില്ല രണ്ടുതവണ ഞാന്‍ മറുപടി പറഞ്ഞു ഇനി ഞാന്‍ മിണ്ടുകയില്ല’ ഇതാണ് ജോബിന്റെ പ്രതികരണം.
ദൈവത്തിന്റെ അത്ഭുതങ്ങളെക്കുറിച്ചോര്‍മ്മിക്കുന്ന ഒരാള്‍ക്ക് മൗനിയായിരിക്കാനേ കഴിയൂ, ധ്യാനിക്കാനേ കഴിയൂ. നിശ്ശബ്ദനായിരിക്കാനേ കഴിയൂ. ജോസഫിന് മുമ്പില്‍ ദൈവത്തിന്റെ അത്ഭുതങ്ങളുണ്ടായിരുന്നു. അല്ലെങ്കില്‍ അതാരുടെ ജീവിതത്തിലാണ് ഇല്ലാതെയുള്ളത്?
ഒട്ടൊരു നന്ദി നിറഞ്ഞ ഹൃദയമുണ്ടെങ്കില്‍ ലില്ലികളെ പരിപാലിക്കുന്ന ദൈവത്തിന്റെ കരുതലിനെക്കുറിച്ച് സ്വന്തം ജീവിതത്തില്‍ നാമും അറിയാതിരിക്കില്ല.പ്രപഞ്ചം മുതല്‍ അനുദിന ജീവിതത്തിലെ തീരെ ചെറുതെന്ന് കരുതുന്ന ഓരോ ഇടപെടലുകള്‍ വരെയുള്ള എത്രയോ സംഭവങ്ങളുണ്ട് നമുക്ക് പോലും ദൈവത്തിന്റെ അത്ഭുതങ്ങളെക്കുറിച്ചോര്‍മ്മിച്ച് നന്ദി പറയാനും ധ്യാനിക്കാനും. അങ്ങനെയെങ്കില്‍ ജോസഫിനെ പോലെയുളള ഒരാള്‍ക്ക് അത് എത്രയോ അധികമായിരിക്കും! അത്തരമൊരു വ്യക്തി പിന്നെയെങ്ങനെ ദൈവത്തോട് മറുതലിക്കും. ചോദ്യങ്ങള്‍ ചോദിക്കും. ഉണങ്ങിയ തന്റെ വടി വിവാഹനിശ്ചയ ദിവസം പുഷ്പിച്ചപ്പോള്‍ മുതല്‍ ദൈവത്തിന്റെ അത്ഭുതങ്ങളെ ആ ബ്രഹ്മചാരി നേര്‍്ക്കുനേര്‍ കാണുകയായിരുന്നു. ആ അത്ഭുതങ്ങള്‍ പിന്നെയൊരിക്കലും അയാളെ വിട്ടുപോയതുമില്ല.
ഇതെങ്ങനെ സംഭവിക്കും, ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ എന്നും മകനേ നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത് എന്നും അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ എന്നും മറിയം സംസാരിക്കുമ്പോഴും ജോസഫിന്റെ അധരങ്ങളെ ഏതോ മാലാഖ അദൃശ്യമായ താഴുകള്‍ കൊണ്ട് മുദ്രവച്ചിരിക്കുകയായിരുന്നു. മറിയം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങളും രഹസ്യങ്ങളും ഹൃദയത്തില്‍ സംഗ്രഹിച്ചുവെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കാതെയും സന്ദേഹമുക്തനായും ജോസഫും എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. മൗനം അയാള്‍ക്ക് ആവശ്യമായിരുന്നില്ല, അലങ്കാരമായിരുന്നു.അത് അയാളുടെ ജീവിതം തന്നെയായിരുന്നു.
അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും മുഖമുദ്രയുള്ള ആളുകളും വാക്കുകള്‍ കൊണ്ട് ആരെയുംവേട്ടയാടുന്നില്ല. അല്ലെങ്കില്‍ നോക്കൂ നാസീര്‍വ്രതക്കാരനായ അയാളെന്തിന് ദാവീദ് ഗോത്രത്തില്‍ പെട്ട എല്ലാ പുരുഷന്മാരും മറിയത്തിന്റെ പുരുഷനാകാനുള്ള തിരഞ്ഞെടുപ്പില്‍ വരണം എന്ന് പുരോഹിതര്‍ കല്പന പുറപ്പെടുവിക്കുമ്പോള്‍ എത്തിച്ചേരണം? വിവാഹമേ വേണ്ടെന്ന് വച്ച താന്‍ വരുന്നില്ല എന്ന് അറിയിച്ചാല്‍ മതിയായിരുന്നില്ലേ. അതുപോലെ ദൈവപുത്രന്റെ വളര്‍ത്തുപിതാവാകാന്‍ തിരഞ്ഞെടുക്കപ്പെട്ട താന്‍ പേരെഴുതിക്കാന്‍ ബദ്‌ലഹേമിലേക്ക് പോകുന്നില്ല എന്നും അയാള്‍ക്ക് തീരുമാനമെടുക്കാമായിരുന്നു. പക്ഷേ അതൊന്നുമല്ല ജോസഫ് ചെയ്തത്. അയാള്‍ എല്ലാറ്റിനെയും ചോദ്യം ചെയ്യാതെ അനുസരിച്ചു. നിശ്ശബ്ദത ദൈവഹിതമായി അയാള്‍ കണ്ടു. അതുകൊണ്ട് നിശ്ശബ്ദതയെ തകര്‍ക്കുന്ന ഒരു വാക്കുംജോസഫ് ഉരിയാടിയില്ല. ജോസഫ് എന്ന പുരുഷന്റെ, ഭര്‍ത്താവിന്റെ, അപ്പന്റെ ഈ നിഴല്‍ ഒട്ടുമിക്ക എല്ലാ പുരുഷന്മാരുടെയും ജീവിതങ്ങളിന്മേലും പരന്നുകിടപ്പുണ്ട്. അവര്‍ അറിഞ്ഞോ അറിയാതെയോ ഓരോ ജോസഫുമാരാകുകയാണ്.
ഒരു വാക്കുപോലും ഉച്ചരിക്കാതെവരുമ്പോഴും ഓരോ പുരുഷന്റെയും ഉള്ളില്‍ അവന് മാത്രമറിയാവുന്ന തിരകളടങ്ങാത്ത ഒരു കടലുണ്ട്. കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂ എന്നൊക്കെ ചൊല്ലുണ്ടെങ്കിലും കിടക്ക പങ്കിടുന്ന സഖിക്കുപോലും ചിലപ്പോള്‍ അത് മനസ്സിലാവണമെന്നില്ല. അവളെ അറിയിക്കണമെന്നുമില്ല. കുടുംബത്തിന്റെ ഭാരങ്ങള്‍ ഇന്നും വഹിക്കുന്നത് പുരുഷന്റെ ചുമലാണ് എന്നതാണ് സത്യം.
ചിലയിടങ്ങളില്‍ ചിലപിന്താങ്ങലുകള്‍ ഉണ്ടെങ്കിലും ഭൂരിപക്ഷ കുടുംബങ്ങളും പുരുഷന്‍ എന്ന അച്ചുതണ്ടില്‍ മാത്രം കറങ്ങിക്കൊണ്ടിരിക്കുന്നവയാണ്. മുടങ്ങിപ്പോകുന്ന ഇഎംഐ കളുടെയും മക്കളുടെ സ്‌കൂള്‍ ഫീസിന്റെയും മാസങ്ങളായി അടയ്ക്കാതെ കിടക്കുന്ന ഇന്‍ഷ്വറന്‍സുകളുടെയുമെല്ലാം റിമൈന്ററുകള്‍ ആദ്യം ചെന്നുവീഴുന്നത് അയാളുടെ മൊബൈലില്‍ തന്നെയാണ്. അതുപോലെ ബാഹ്യമായ നിരവധി ഘടകങ്ങള്‍ക്കു പുറമെ വേറെയും പലതും അയാളെ മഥിക്കുന്നുണ്ട്.
ചിലതൊക്കെ പുറമേയ്ക്ക് ഭാവിക്കാതെ ശാന്തത ഭാവിക്കുന്നവരാണ് പല പുരുഷന്മാരും. ഇളയ അളിയനെയാണ് ഓര്‍മ്മവരുന്നത്. മകളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പയ്യന് നെഞ്ചുവേദന വന്നത്. സമീപത്തുള്ള ഹോസ്പിറ്റലുകാരുടെ ചില തെറ്റായ നിരീക്ഷണങ്ങള്‍ഹാര്‍ട്ട് അറ്റാക്ക് എന്ന നിഗമനത്തിലെത്തിച്ചുവെങ്കിലും ദൂരെയുളള ഒരു ഹോസ്പിറ്റലിലേക്ക് സെക്കന്റ് ഒപ്പീനിയന് വേണ്ടി പറക്കുകയായിരുന്നു. ലോക്ക് ഡൗണ്‍കാലത്തായിരുന്നു സംഭവങ്ങളെല്ലാം. അളിയനൊപ്പം എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റലില്‍ വണ്ടിയില്‍ വന്നിറങ്ങുമ്പോള്‍ അളിയനെ കെട്ടിപിടിച്ച് മകള്‍ കരഞ്ഞു. വല്ലാത്തൊരു തീക്കാറ്റ് വന്നു തൊടുന്നതുപോലെയായിരുന്നു അത്. ഞാന്‍ എടുത്തുനടന്ന, എനി്ക്ക് മകളെ പോലെയായിരുന്നവള്‍. കുട്ടിക്കാലത്ത് അവള്‍ക്ക് ചിക്കന്‍പോക്‌സ് വന്നതിന്റെ അസ്വസ്ഥതകളോടെ രാത്രിയില്‍ കിടന്നു കരയുമ്പോള്‍ പെങ്ങള്‍ രണ്ടാം വട്ടം ഗര്‍ഭിണിയായിരുന്നതിനാല്‍ അവളുടെ പരിചരണമെല്ലാം എന്റെ ചുമലിലായിരുന്നു. അന്ന് കരഞ്ഞുവിളിച്ച ബിജുപ്പൂ എന്ന വിളി ഇപ്പോള്‍ അവള്‍ മാത്രമല്ല അവളുടെ നല്ലവനായ ഭര്‍ത്താവും അങ്ങനെ തന്നെയാണ് എന്നെ വിളിച്ചുതുടങ്ങിയത്. അങ്ങനെയെല്ലാമുള്ള അവളാണ് ഇപ്പോള്‍ ഇളംമുള കീറുന്നതുപോലെ.. കണ്ടുനില്ക്കാനാവാതെ കണ്ണുനിറഞ്ഞ് പുറംതിരിഞ്ഞുനില്ക്കാനേ എനിക്കായുള്ളൂ. പക്ഷേ അളിയന്‍ അക്ഷോഭ്യനായിരുന്നു. ഒരു ആശ്വാസവാക്കുപോലും പറയാതെ,കരയാതെ മകളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് തലോടിക്കൊണ്ടിരിക്കുക മാത്രം.. ഇവിടെ അളിയന് പകരം പെങ്ങളായിരുന്നുവെങ്കിലോ അവളും മകള്‍ക്കൊപ്പം കരയും. രണ്ടു വിലാപങ്ങള്‍ ഒന്നിക്കും. ഇതാണ് പുരുഷന്‍. ഉള്ളിലുള്ള സങ്കടങ്ങള്‍ പോലും പുറമേയ്ക്ക് പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്ന നിസ്സഹായന്‍. മരണാനന്തരചടങ്ങുകളില്‍ സ്ത്രീകള്‍ വാവിട്ടുകരയുമ്പോഴും ഉള്ളിലെസങ്കടം പോലും പരസ്യമാക്കാനാവാതെ വിഷമിക്കുന്ന പുരുഷന്മാരെയുംകണ്ടിട്ടുണ്ട്.
ദൈവാശ്രയബോധത്തിന്റെ നടക്കല്ലില്‍ ശിരസുചേര്‍ത്തുവച്ച ഒരാള്‍ക്ക് അധികം ചോദ്യങ്ങളില്ല. അധികം ചോദ്യങ്ങളില്ലാത്തതുകൊണ്ട് അയാള്‍ അധികം ഭാരപ്പെടുന്നുമില്ല. പക്ഷേ അങ്ങനെയുള്ള ആളുടെ പോലും ജീവിതവഴി സരളമോ പ്രശ്‌നരഹിതമോ ആകുന്നില്ല. ഒരുപക്ഷേ അത്തരക്കാരായിരിക്കാം വിശ്വാസത്തിന്റെ ഉരകല്ലില്‍ കൂടുതല്‍ ഉരച്ചുനോക്കപ്പെടുന്നതും.
എങ്കിലും പ്രതിസന്ധികളിലൂടെയു പ്രതിബന്ധങ്ങളിലൂടെയും കടന്നുപോകുമ്പോഴും അവര്‍ നിരാശപ്പെടുന്നില്ല, ഏറ്റെടുക്കാനുള്ള വെല്ലുവിളികളുടെ ബാഹുല്യത്താല്‍ തളരുന്നുമില്ല. പൂര്‍ണ്ണഗര്‍ഭിണിയായ മറിയത്തെയും കൊണ്ടു പേരെഴുതിക്കാനുള്ള യാത്രയും ഈജിപ്തിലേക്കുള്ള പലായനവും മടങ്ങിവരവും പിന്നീടുള്ള മുപ്പതുവര്‍ഷക്കാലവും ജോസഫ് നേരിടേണ്ടത് പ്രതിസന്ധികള്‍ തന്നെയാണ്. മറിയത്തിന് പകരം മറ്റൊരു സ്ത്രീയായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ജോസഫിനെ പ്രതിക്കൂട്ടിലാക്കാവുന്ന കോപ്പുകളൊക്കെ അയാളുടെ പക്കലുണ്ട്. പക്ഷേ മറിയമായതുകൊണ്ട് മാത്രം ജോസഫ് കുറ്റപ്പെടുത്തലിന്റെ വിചാരണകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു.
ഒന്നുമില്ലായ്മയില്‍ നിന്ന് ആരംഭിച്ചതായിരുന്നു ആ കുടുംബം. നിര്‍ദ്ധനകുടുംബത്തിലെയായിരുന്നു ഭാര്യ.കയറികിടക്കാന്‍ സ്വന്തമായി ഒരുവീടുപോലും ഇല്ലാത്തവള്‍. അയാള്‍ അല്പം കൂടി ഭേദപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് മാത്രം.കാരണം ചെറിയൊരു വീടെങ്കിലുമുണ്ടായിരുന്നു അയാള്‍ക്ക്. പക്ഷേ ഒരുമിച്ചുളള ജീവിതത്തിലൂടെ അവര്‍ക്കിടയില്‍ ദൈവം ഒരുപാട് അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു.ഭൗതികമായ സമൃദ്ധിയാണല്ലോ ദൈവാനുഗ്രഹത്തിന്റെ പോലും അടയാളമായി കണക്കാക്കപ്പെടുന്നത്. അബ്രഹാമും ജോബും പോലെയുള്ള നിരവധി ഉദാഹരണങ്ങള്‍ ബൈബിളില്‍ നാം കാണുന്നുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും സമൂഹത്തില്‍ അര്‍ഹമായ ആദരവും ബഹുമാനവും വഴികിട്ടിത്തുടങ്ങുകയും ചെയ്തതോടെ ഭാര്യയുടെ സ്വഭാവത്തില്‍ അല്പമല്ലഒരുപാട് മാറ്റമുണ്ടായി. അയാളോടു പോലും. അല്പന് അര്‍ത്ഥം കിട്ടിയതുപോലെത്തെ അവസ്ഥ. എല്ലാം തന്റെ കഴിവുകൊണ്ടാണെന്ന മട്ട്. ഭാര്യയുടെ സ്വഭാവത്തിലെ അന്തരം അയാളെ വല്ലാതെ വിഷമിപ്പിച്ചു. മുമ്പെങ്ങും ഇല്ലാത്തവിധത്തില്‍ പരുഷമായ ഭാഷ.. അപമര്യാദയോടെയുള്ള പെരുമാറ്റം. ഭര്‍ത്താവിന്റെ കുറ്റങ്ങള്‍ പറ്റുന്നിടങ്ങളിലൊക്കെ പറഞ്ഞുപരത്തുക പോലെയുള്ള വിലകുറഞ്ഞ രീതികള്‍. ആദ്യമൊക്കെ അയാളെ അത് വല്ലാതെ തളര്‍ത്തിക്കളഞ്ഞിരുന്നു.പതുക്കെപതുക്കെ അയാള്‍ക്ക് ആ സാഹചര്യങ്ങളെ നേരിടാനുള്ള ത്രാണി ലഭിച്ചു. താന്‍ കടന്നുപോകുന്ന അവസ്ഥയെ അയാള്‍സമീപിച്ച രീതി അത്ഭുതപ്പെടുത്തുന്നതായിരുന്നു.അയാള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഭാര്യയും ഭര്‍ത്താവും ഒരുപോലെയാകുന്നത് തിരുക്കുടുംബത്തിലോ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളുടെ കുടുംബത്തിലോ മാത്രമാകാം. സാധാരണക്കാരുടെ ജീവിതത്തില്‍ അത് അപൂര്‍വ്വസംഭവമാണ്. ഞാന്‍ ആഗ്രഹിക്കുകയും ഞാന്‍ പെരുമാറുകയും ചെയ്യുന്നതുപോലെ തന്നെയായിരുന്നു ഭാര്യയുമെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഈ നേട്ടങ്ങളിലൊക്കെ അഹങ്കാരിയാവുകയും ദൈവത്തെ മറന്നുപോകുകയും ചെയ്യുമായിരുന്നു. ദൈവം എനിക്ക് ഇത്രയൊക്കെ സൗഭാഗ്യങ്ങള്‍ തന്നില്ലേ. ഇനി അതുകൊണ്ട് ഭാര്യയുടെ പേരില്‍ ഞാന്‍ പരാതിപ്പെടാനോ പ്രാര്‍ത്ഥിച്ച് അവളുടെ സ്വഭാവം മാറ്റിയെടുക്കാനോ ഞാന്‍ പോകുന്നില്ല. അവള്‍ അവള്‍ക്ക് ഇഷ്ടമുള്ളതുപോലെ പറയുകയോ ചെയ്യുകയോ ചെയ്യട്ടെ. ‘
ഇവിടെ നിശ്ശബ്ദതയിലേക്ക് മടങ്ങുന്ന കുടുംബനാഥനെയാണ് നാം കാണുന്നത്. വേണമെങ്കില്‍ പോരടിച്ച് അയാള്‍ക്കു കുടുംബജീവിതത്തിന്റെ ശാന്തത തകര്‍ക്കാമായിരുന്നു. അയല്‍ക്കാര്‍ക്ക് പറഞ്ഞുനടക്കാന്‍ അവസരം സൃഷ്ടിക്കാമായിരുന്നു. പക്ഷേ അയാള്‍ നിശ്ശബ്ദനായി. കാരണം അയാള്‍ക്ക് അയാളെ അറിയാമായിരുന്നു. അതുപോലെഭാര്യയെയും. പരസ്പരം മന്സ്സിലാക്കാതെ പോകുന്നതുകൊണ്ടാണ് തിരുത്തലുകളും വാഗ്വാദങ്ങളും കുറ്റപ്പെടുത്തലുകളും സംഭവിക്കുന്നത്. ഇവിടെ ഭാര്യ കുറ്റപ്പെടുത്തുമ്പോഴും അപമര്യാദയോടെ സംസാരിക്കുമ്പോഴും ഇത് ദൈവത്തെ താന്‍ മറന്നുപോകാതിരിക്കാനുള്ള,ദൈവം തന്നെ ഒരുക്കുന്ന അവസരമായി കണ്ട് നിശ്്ബ്ദനാകാന്‍ അയാള്‍ പഠിച്ചു. കല്ലെറിയാന്‍ ദൈവം തന്നെയാണ് അവസരമൊരുക്കിയതെന്ന ദാവീദിന്റെ വെളിപാടുപോലെ എന്തോ ഒന്ന് അയാളെയും എല്ലാവിധ വാഗ്വാദങ്ങളില്‍ നിന്നും തടഞ്ഞു. അതാവട്ടെ കുടുംബത്തിന്റെ ശാന്തതയ്ക്കും കാരണമായി. രണ്ടു കരവും കൂട്ടിമുട്ടിയാലല്ലേ പ്രശ്‌നം എന്ന് അയാള്‍ പഴമൊഴിയും പറഞ്ഞു.
കുടുംബത്തിന്റെ മുഴുവന്‍ സ്വസ്ഥതയ്ക്ക് വേണ്ടി നിശ്ശബ്ദനാകാന്‍ ശ്രമിക്കുന്ന ഇതുപോലെ അനേകം പുരുഷന്മാരുണ്ട് നമുക്ക് ചുറ്റിനും.അത്തരം പുരുഷന്മാരുടെ വഴികള്‍ക്ക് മുമ്പിലായി നസ്രത്തിലെ ആ തച്ചന്‍ നടന്നുനീങ്ങുന്നുണ്ട്. ഇനി ആരെങ്കിലും ഈ തച്ചനെ അറിയാതെ പോകുന്നുണ്ടെങ്കില്‍ അയാളെ അറിയാനുള്ള അവസരമാണ് ഈ പ്രത്യേകവര്‍ഷക്കാലം. ജോസഫ് കാലം. ജോസഫ് കാലം ജോസഫിനെ അനുകരിക്കാനുള്ള കാലമല്ല മനസ്സിലാക്കാനുള്ള കാലമാണ് മനസിലാക്കിക്കഴിയുമ്പോഴാണ് വ്യക്തിപരമായ ഗുണങ്ങളുടെയും ഇഷ്ടങ്ങളുടെയും പേരില്‍ അനുകരിക്കാന്‍ തോന്നുന്നത്.
ചാരിത്രശുദ്ധി സംശയിക്കപ്പെടുന്ന ഒരു ഭാര്യയെ സ്വന്തമായി സ്വീകരിക്കാന്‍ ഈ തച്ചന്‍ ചിലപ്പോള്‍ പ്രേരണയായെന്നു വരില്ല. തന്റേതല്ലാത്ത കുഞ്ഞിനെ സ്വീകരിക്കാനും ഈ തച്ചനെ പോലെ ധൈര്യവും സന്മനസ്സും ഉണ്ടാകണമെന്നില്ല. റിസ്‌ക്കുകള്‍ ഏറ്റെടുക്കാനും ധൈര്യമുണ്ടാവണമെന്നില്ല.
പക്ഷേ നിശ്ശബ്ദത പാലിക്കാനുള്ള പ്രചോദനമെങ്കിലും ജോസഫില്‍ നിന്ന് നമ്മള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് പുരുഷന്മാര്‍. ശ്രമകരമെത്ര അത്.വിജയിക്കണം എന്നില്ല. പക്ഷേ ശ്രമം നടത്താതിരിക്കരുത്. കാരണം പുരുഷന്മാര്‍ കുറെക്കൂടി ധ്യാനത്തിലേക്കും മൗനത്തിലേക്കും വരാന്‍കൂടിയുള്ളകാലമാണ് ഇത്. പുരുഷന്റെ നിശ്ശബ്ദതയെ മുദ്രമോതിരം എന്നതുപോലെ ദൈവം മാനിക്കും.
പണ്ടുകാലം മുതല്‍ നമ്മുടെ പുരുഷന്മാരായിരുന്നു കൂടുതല്‍ മൗനികള്‍. വനാന്തരങ്ങളിലേക്കും മരുഭൂമികളിലേക്കും പോയിരുന്നത് പുരുഷന്മാരായിരുന്നു. മുനികളായിരുന്നു നമുക്കുണ്ടായിരുന്നതും(. മുനിയുടെ സ്ത്രീലിംഗം എന്താണാവോ) മൗനമേ നിന്റെ പേര് ജോസഫ് എന്നായിരിക്കട്ടെ.
വിനായക് നിര്‍മ്മല്‍