സൗത്ത്സുഡാന്‍: കോവിഡ് സൗത്ത് സുഡാനെ ഭക്ഷ്യഅപര്യാപ്തതയിലേക്ക് നയിച്ചേക്കുമെന്ന് കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാത്തലിക് റിലീഫ് സര്‍വീസിന്റെ പ്രതിനിധി ജോണ്‍ ഓ ബെറിനാണ് ഇത്തരമൊരു ആശങ്ക പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര്യരാജ്യമാണ് സൗത്ത് സുഡാന്. കോവിഡ് വ്യാപനം തടയാന്‍ വേണ്ടി എല്ലാവിധപ്രവര്‍ത്തനങ്ങളും രാജ്യത്ത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചനകള്‍. 2011 ലാണ് സൗത്ത്സുഡാന്‍,സുഡാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. അധികം വൈകാതെ തന്നെ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീണു, മൂന്നുലക്ഷത്തോളം പേരാണ് മരണമടഞ്ഞത്. മില്യന്‍ കണക്കിനാളുകള്‍ ഭവനരഹിതരുമായി, സമാധാനഉടമ്പടി സ്ഥാപിച്ചുവന്നപ്പോഴേയ്ക്കും രാജ്യത്തെ കാര്‍ഷികമേഖല താറുമാറായിക്കഴിഞ്ഞിരുന്നു. കോവിഡ് പടരുന്നതിന് മുമ്പുതന്നെ ഭക്ഷണകാര്യങ്ങളില്‍ സന്നദ്ധ സംഘടകളുടെ സഹായം രാജ്യം തേടിയിരുന്നു, ഇതിന് പുറമെയാണ് കോവിഡും പിടിമുറുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം കൊടുംദാരിദ്ര്യത്തിലേക്ക് വഴുതിവീണേക്കാമെന്നാണ് ആശങ്കകള്‍.