വത്തിക്കാന്‍ സിറ്റി: കത്തോലിക്കര്‍ കുരിശില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഓശാന ഞായര്‍ ദിനത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വിശുദ്ധവാരം ക്രിസ്തുവിന്റെ പീഡാസഹനത്തിലൂടെ രക്ഷിച്ചതിന്റെ വിസ്മയം വീണ്ടും കണ്ടെത്താനുള്ള അവസരമാണ് വിശുദ്ധവാരം. അതുകൊണ്ട് വിശുദ്ധവാരത്തില്‍ കുരിശിലേക്ക് നോക്കുക, കൃപയുടെ വിസ്മയം സ്വീകരിക്കുക. പാപ്പ പറഞ്ഞു. ജീവിതത്തിലെ ഏതൊരു സാഹചര്യങ്ങളിലും ദൈവം നമ്മുടെകൂടെയുണ്ട്. നാം ഒരിക്കലും ഒറ്റയ്ക്കല്ല, തിന്മയ്‌ക്കോ പാപത്തിനോ നമ്മെ സ്പര്‍ശിക്കാനുമാവില്ല. ദൈവം വിജയിക്കുന്നു. കുരുത്തോലയുടെ വിജയം കുരിശിലൂടെ കടന്നുപോകുന്നു. കുരുത്തോലയും കുരിശും തമ്മില്‍ വേര്‍പെടുത്താനാവില്ല. ക്രൂശിതരൂപത്തെ ധ്യാനിക്കുമ്പോള്‍ എന്തുകൊണ്ടാണ് സഹോദരന്മാര്‍ കരയാതിരുന്നത് എന്ന ഫ്രാന്‍സിസ് അസ്സീസിയുടെ അത്ഭുതവും പാപ്പ പങ്കുവച്ചു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകള്‍. 120 വിശ്വാസികള്‍ മാത്രമാണ് ആകെ ഉണ്ടായിരുന്നത്. 30 കര്‍ദിനാള്‍ മാര്‍ സന്നിഹിതരായിരുന്നു.