മെയ് മാസറാണിയോടുള്ള വണക്കത്തില്‍ വളരാം

മെയ് മാസ വണക്കത്തിന് നമ്മുടെ വീടുകളും സന്യാസസമൂഹങ്ങളും ആരംഭംകുറിച്ചിരിക്കുകയാണ്. മാതാവിനോടുള്ള വണക്കത്തിനായി പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണ് മെയ്. മാതാവിന്റെ വണക്കമാസ പാരമ്പര്യം കത്തോലിക്കാസഭയുടെ പ്രധാനപ്പെട്ട മുഖമുദ്രയാണ്.

മെയ് മാസം മാതാവിനോടുള്ള വണക്കത്തിനായി പ്രത്യേകം നീക്കിവയ്ക്കണമെന്നും സ്‌നേഹപ്രവൃത്തികളും മറ്റും വഴി ഈ മാസം നാം ആചരിക്കുന്നതിലൂടെ ദൈവത്തിന്റെ ദയാപൂര്‍വ്വമായ ദാനങ്ങള്‍ നമ്മിലേക്ക് വര്‍ഷിക്കപ്പെടുമെന്നും പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ ചാക്രികലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇന്ന് ലോകമെങ്ങും കോവിഡ് 19 ന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.

മാതാവിലൂടെ രക്ഷ നേടാം എന്ന വിശ്വാസത്തില്‍ ലോകരാജ്യങ്ങള്‍ പലതും മാതാവിന് ഈ മാസം സമര്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടകൊണ്ടിരി്ക്കുന്നത്. മാതാവിനോടുള്ള പ്രാര്‍ത്ഥനയുടെയും വണക്കത്തിന്റെയും പ്രാധാന്യം എന്ത് എന്നതിനെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്.

അവള്‍ നമ്മുടെ ശക്തിയുള്ള അമ്മയാണ്, രാജ്ഞിയാണ്, സംരക്ഷകയാണ്, സഹരക്ഷകയാണ്, പ്രത്യാശയാണ്, മോചനമാര്‍ഗ്ഗമാണ്. എല്ലാ ദാനങ്ങളും കൃപകളും വര്‍ഷിക്കപ്പെടുന്നത് അവളിലൂടെയാണ്. സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠമാക്കിയവളുമാണ് മറിയം എന്നാണ് വെളിപാടിന്റെപുസ്തകത്തില്‍ മറിയത്തെ വിശേഷിപ്പിക്കുന്നത്.

സൂര്യകിരണങ്ങള്‍ ഇരുട്ടിനെ നീക്കിക്കളയുന്നതുപോലെ ലോകത്തിലെ ഇരുട്ടിനെ ഇല്ലാതാക്കാന്‍ കഴിവുള്ളവളാണ് മറിയം. അതുകൊണ്ടാണ് ജീവിതദുരിതങ്ങളിലും സങ്കടങ്ങളിലും പ്രയാസങ്ങളിലും നാം മറിയത്തെ വിളിച്ചപേക്ഷിക്കുന്നത്.

കൊറോണ വൈറസിന്റെ ഭീതിയില്‍ അമര്‍ന്നിരിക്കുമ്പോള്‍ ലോകത്തെ അതില്‍ നിന്ന് രക്ഷിക്കാന്‍ കഴിവുള്ളവളാണ് മറിയമെന്ന് നമ്മുടെ സഭാധികാരികള്‍ മനസ്സിലാക്കിയിട്ടുണ്ട്.അതുകൊണ്ടാണ് മാതാവിനോട് ഈ മാസം പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും തുടര്‍ന്ന് രണ്ട് പ്രാര്‍ത്ഥനകള്‍ കൂടി ചൊല്ലണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.

നമുക്ക് ഈ മാസം മാതാവിനോടുള്ള ഭക്തിയിലും സ്‌നേഹത്തിലും കൂടുതല്‍ വളരാം. അമ്മേ ഞങ്ങളെ കൈവെടിയല്ലേയെന്ന് പ്രാര്‍ത്ഥിക്കാം.