ഇറ്റലിയിലെ ആദ്യത്തെ സെക്കുലര്‍ ഫെമിനിസ്റ്റ് വാഴ്ത്തപ്പെട്ട പദവിയിലേക്ക്

റോം: ഇറ്റലിയിലെ ആദ്യ സെക്കുലര്‍ ഫെമിനിസ്റ്റ് ആര്‍മിഡ ബാരെല്ലി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ആര്‍മിഡയുടെ മാധ്യസ്ഥതയിലുള്ള അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചാലുടനെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടക്കും. ഫെമിനിസ്റ്റ് ആയിരുന്നുവെങ്കിലും വിശ്വാസകേന്ദ്രീകൃതമായ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളാണ് ആര്‍മിഡ കാഴ്ച വച്ചിരുന്നത്. മിലാനിലെ ഉന്നതകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആര്‍മിഡ ഉര്‍സുലൈന്‍ കന്യാസ്ത്രീകളുടെ വിദ്യാലയത്തിലാണ് പഠിച്ചത്. മാതാപിതാക്കള്‍ കൊണ്ടുവന്ന വിവാഹാലോചനകളോട് നോ പറഞ്ഞ അവള്‍ തന്റെ ജീവിതം മുഴുവന്‍ ദൈവത്തിന് വേണ്ടി സമര്‍പ്പിക്കാനും ദരിദ്രരെ പ്രത്യേകിച്ച് അനാഥരും ജയില്‍വാസികളുമായവരുടെ മക്കളെ സംരക്ഷിക്കാനുമായിട്ടാണ് സന്നദ്ധയായത്. ആത്മീയപിതാവിന്റെ നിര്‍ദ്ദേശപ്രകാരം ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയില്‍ അംഗമായി.

മിലാനിലെ ആര്‍ച്ച് ബിഷപും വാഴ്ത്തപ്പെട്ടവനുമായിരുന്ന കര്‍ദിനാള്‍ ആന്‍ഡ്രിയ ഫെറാറിയുടെ നിര്‍ദ്ദേശപ്രകാരം കാത്തലിക് വിമന്‍സ് ചാപ്റ്റര്‍ ഓഫ് കാത്തലിക് ആക്ഷനില്‍ സഹകരിച്ചു. പോപ്പ് ബെനഡിക്ട് പതിനഞ്ചാമനുമായുളള സ്വകാര്യ കണ്ടുമുട്ടലിനെ തുടര്‍ന്ന് നാഷനല്‍ ഗേള്‍സ് യൂത്ത് ഓഫ് കാത്തലിക് ആക്ഷന്റെ പ്രസിഡന്റായി നിയമിതയായി. മൂന്നുവര്ഷം നീണ്ടുനിന്ന രോഗദുരിതങ്ങള്‍ക്ക് ശേഷം 1952 ലായിരുന്നു അന്ത്യം. വീരോചിതമായ ജീവിതമാതൃകയെ പരിഗണിച്ച് ബെനഡിക്ട് പതിനാറാമന്‍ 2007 ല്‍ ധന്യപദവിയിലേക്കുയര്‍ത്തി.

2021 ഫെബ്രുവരി 20 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ബാരെല്ലിയുടെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തെ അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ടപദപ്രഖ്യാപനത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.