കോവിഡിന്റെ പേരില്‍ വിശുദ്ധ കുര്‍ബാന തടയാന്‍ പോലീസ് ശ്രമം

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് വിശുദ്ധ കുര്‍ബാന തടയുന്നതായി പരാതി. കോഴിക്കോട് നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതെങ്കിലും ചിലയിടങ്ങളില്‍ പോലീസ് കുര്‍ബാന തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആരാധനാലയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ പരമാവധി 100 പേര്‍ക്കും അടച്ചിട്ട മുറികളില്‍ പരമാവധി 50 പേര്‍ക്കും പങ്കെടുക്കാമെന്നാണ് കളക്ടറുടെ ഉത്തരവ്.

ആളകലം പാലിക്കണമെന്നും മാസ്‌ക്ക് ധരിക്കണമെന്നും സാനിറ്റൈസര്‍, സന്ദര്‍ശക ഡയറി എന്നിവ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഈ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചിട്ടും പോലീസ് വിശുദ്ധ കുര്‍ബാനയ്ക്ക് തടസം നില്ക്കുന്നുവെന്നാണ് പരാതി.