കോട്ടയം മെഡിക്കല്‍ കോളജിലെ നിര്‍ദ്ധനരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മൂന്നരപതിറ്റാണ്ടായി സൗജന്യഭക്ഷണ വിതരണം നടത്തുന്ന നവജീവന്‍ പി യു തോമസ് എല്ലാവര്‍ക്കും സുപരിചിതനാണ്.
അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിയാണ് ലോക്ക് ഡൗണും കോവിഡും മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കിയിരിക്കുന്നത്. ഹോട്ടലുകള്‍ അടഞ്ഞുകിടക്കുന്നു, ഉളളവയാകട്ടെ പ്രവൃത്തിസമയം കുറച്ചിരിക്കുന്നു. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും വേറെ. ബസ് യാത്രാ സൗകര്യം നിലച്ചതോടെ വീടുകളിലേക്കും മടങ്ങാന്‍ കഴിയുന്നില്ല.
ഇങ്ങനെ നിസ്സഹായതയുടെ പെരുവെള്ളപ്പാച്ചിലില്‍ മുങ്ങിത്താഴുന്ന ദരിദ്രര്‍ക്കായാണ് നവജീവന്‍ കോവിഡിനെയും അതിജീവിച്ചുകൊണ്ട് ഭക്ഷണ വിതരണം നടത്തുന്നത്. പതിവുപോലെയുള്ള സൗജന്യഭക്ഷണ വിതരണത്തിന് പുറമെയാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം കാന്‍സര്‍ വാര്‍ഡിന് സമീപം താല്ക്കാലിക ഭക്ഷണശാല തുറന്ന് സൗജന്യഭക്ഷണം നല്കുന്നത്. ഉച്ചയ്ക്കും വൈകുന്നേരവുമായിരുന്നു മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലുമായി അയ്യായിരം പേര്‍ക്ക് ചോറും കറികളും നല്കുന്നത്.
ഇത് കൂടാതെയാണ് ഇപ്പോള്‍ താല്ക്കാലിക ഭക്ഷണശാലയിലൂടെയുള്ള ഭക്ഷണവിതരണം. രാവിലെ പുട്ട്, അപ്പം, ദോശ, കപ്പ യും ഉച്ചകഴിഞ്ഞ് ചെറുകടിയും ചായയുമാണ് ഇവിടെ നല്കുന്നത്. ആയിരത്തോളം പേര്‍ ദിവസവും ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു. പൊതുജനങ്ങളുടെ സഹായസഹകരണത്തോടെയാണ് നവജീവന്‍ ശുശ്രൂഷകളെല്ലാം മുന്നോട്ടുപോകുന്നത്. കോവിഡ് ഏല്പിക്കുന്ന സാമ്പത്തികപ്രതിസന്ധി ഉദാരമതികളെ പോലും നിസ്സഹായരും ദരിദ്രരുമാക്കുമ്പോഴും അവരുടെ സാമ്പത്തികസഹായം കൈപ്പറ്റി പ്രവര്‍ത്തിച്ചിരുന്ന നവജീവന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നില്ല എന്നത് എത്രയോ അഭിനന്ദനാര്‍ഹമാണ്.
ഇതിന് നേതൃത്വം കൊടുക്കുന്ന നവജീവന്‍ പിയു തോമസ് ചേട്ടനെ നമുക്ക് അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. കഴിയുംവിധം ഉദാരമതികള്‍ നവജീവനെ സഹായിക്കാന്‍ സന്നദ്ധമാകുകയും ചെയ്യട്ടെ.