മൂന്ന് റെഡ് ക്രോസ് നേഴ്‌സുമാര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്

സ്‌പെയ്ന്‍: മൂന്ന് റെഡ് ക്രോസ് നേഴ്‌സുമാര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ആഭ്യന്തരയുദ്ധകാലത്ത് പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെടുകയും കത്തോലിക്കാ വിശ്വാസം നിഷേധിക്കാത്തതിന്റെ പേരില്‍ വെടിവച്ചു കൊല്ലപ്പെടുകയും ചെയ്തവരാണ് ഇവര്‍.

85 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒക്ടാവിയ, ഓല്‍ഗാ, പിലാര്‍ എന്നീ മൂന്നുപേരെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നത്.

ക്രൈസ്തവ ഉപവിയും സഹജീവി സ്‌നേഹവും പ്രകടമാക്കിയവരായിരുന്നു ഇവരെന്നും അവരൊരിക്കലും തങ്ങളെ ഉപദ്രവിക്കാന്‍ വന്നവരോട് പോലും പരുഷമായ വാക്ക് ഉച്ചരിച്ചിരുന്നില്ലെന്നും ബിഷപ് ജീസസ് ഫെര്‍ണാണ്ടസ് പറഞ്ഞു. ആധുനികകാലത്തെ ക്രിസ്ത്യന്‍ അല്മായ ദൈവവിളിയുടെ പ്രകടമായ ഉദാഹരണങ്ങളാണ് ഇവരെന്നും അദ്ദേഹം അനുസ്മരിച്ചു. അവര്‍ തങ്ങളുടെ കുരിശു സ്വയം ചുമക്കുകയും തങ്ങളെ കൊലപ്പെടുത്തിയവരോട് ക്ഷമിക്കുകയും ചെയ്തു. അദ്ദേഹം വ്യക്തമാക്കി.

1936 ല്‍ ഗിജോന്‍ പ്യൂറെറ്റോ ദെ സോമിയെഡോ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്നു ഈ മൂന്നുപേരും. ഒക്ടോബര്‍ 27 ന് അവിടം റിപ്പബ്ലിക്കന്‍ ഫോഴ്‌സ് കീഴടക്കുകയും ഹോസ്പിറ്റല്‍ പിടിച്ചെടുക്കുകയും ചെയ്തു. ചാപ്ലെയ്‌നെ കൊന്ന സംഘം നേഴ്‌സുമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കത്തോലിക്കാ കന്യാസ്ത്രീമാരാണ് ഈ നേഴ്‌സുമാരെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ പട്ടാളക്കാര്‍ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തത്. ക്രിസ്തുരാജന്‍ വിജയിക്കട്ടെ എന്ന ഉറക്കെ നിലവിളിക്കുമ്പോഴാണ് അവരെ വെടിവച്ചു കൊന്നത്.