പ്രാര്‍ത്ഥനയിലൂടെ കരുത്താര്‍ജ്ജിക്കുന്ന ആത്മീയാനുഭവമാണ് പ്രേഷിതപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം: മാര്‍ ആലഞ്ചേരി

ചങ്ങനാശ്ശേരി: പ്രാര്‍ത്ഥനയിലൂടെ കരുത്താര്‍ജ്ജിക്കുന്ന ആത്മീയാനുഭവമാണ് പ്രേഷിതപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്നും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പാവങ്ങള്‍ക്ക് ഏറ്റവും വലിയ പരിഗണന നല്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശ്ശേരി അതിരൂപതയില്‍ പെട്ട മിഷനറിമാരായ വൈദികരുടെയും സന്യാസ്തരുടെയും സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 23 രാജ്യങ്ങളിലെ രണ്ടായിരത്തോളം മിഷനറിമാര്‍ സംഗമത്തില്‍ പങ്കെടുത്തു.
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖപ്രഭാഷണം നടത്തി. 150 സന്യാസ സമൂഹങ്ങളിലായി സേവനം ചെയ്യുന്ന മിഷനറിമാരുടെ പ്രതിനിധികളായി 22 പേര്‍ മിഷന്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് നന്ദി പറഞ്ഞു.