കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാര്‍ ഞരളക്കാട്ട്

തലശ്ശേരി: ഡല്‍ഹിയില്‍ ആറുമാസമായി നടന്നുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ ന്യായമായ അവകാശങ്ങളെ മാനിക്കാനും അവരെ സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും എത്രയും വേഗം കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നിട്ടിറങ്ങണമെന്നും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ആറുമാസം പിന്നിട്ട ഡല്‍ഹി കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അവര്‍ സമരം ചെയ്യുന്നത് രാജ്യം മുഴുവനുമുള്ള കര്‍ഷകര്‍ക്കു വേണ്ടിയാണ്. അദ്ദേഹം പറഞ്ഞു. കര്‍ഷക സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് അതിരൂപത ഇന്‍ഫാം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ നടത്തിയ പിന്തുണ സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണം നടത്തി. അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ഈ കര്‍ഷകമഹാസമരത്തിനൊപ്പം തലശ്ശേരി അതിരൂപതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ് എമിരറ്റ്‌സ് മാര്‍ ജോര്‍ജ് വലിയമറ്റവും പങ്കെടുത്തു.