പ്രളയബാധിത പ്രദേശങ്ങളില്‍ വാക്‌സിനേഷന് മുന്‍ഗണന നല്കണം: ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി: മഴയുടെ തീവ്രത വര്‍ദധിക്കുന്ന സാഹചര്യത്തില്‍ പ്രളയബാധിത മേഖലകളില്‍ കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ക്ക് നിവേദനം നല്കി.

കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയും കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളും ഗുരുതരമായ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോവിഡ് പകര്‍ച്ചവ്യാധി നിലനില്ക്കുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നത് രോഗം പടരാന്‍ കാരണമാകും. അതിനാല്‍ ആ പ്രദേശങ്ങളില്‍ ഉള്ളവരെ മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെടുത്തി അടിയന്തിരമായി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആര്‍ച്ച് ബിഷപ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.