വത്തിക്കാന്‍ സിറ്റി: ഈ മാസം ആരംഭത്തില്‍ ആരംഭിച്ച റോസറി മാരത്തോണ്‍ 31 ാം തീയതി സമാപിക്കുന്നത് കുരുക്കുകളഴിക്കുന്ന മാതാവിന്റെ മുമ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം സമര്‍പ്പിക്കുന്ന പ്രാര്ത്ഥനാനിയോഗങ്ങളോടെയായിരിക്കും.
കോവിഡില്‍ നിന്നും ലോകത്തെ രക്ഷിക്കുക എന്ന പ്രാര്‍ത്ഥനയോടെയാണ് മാതാവിനു വേണ്ടി പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തില്‍ തന്നെ റോസറി മാരത്തോണ്‍ ആരംഭിച്ചത്. തിരഞ്ഞെടുത്ത ലോകത്തിലെ പ്രശസ്തമായ മരിയന്‍ തീര്ത്ഥാടനകേന്ദ്രങ്ങളിലാണ് ജപമാല പ്രാര്‍ത്ഥന നടന്നത്.
പ്രത്യേകമായി അഞ്ചുനിയോഗങ്ങള്ക്കുവേണ്ടിയാണ് 31 ന് മാര്‍പാപ്പ കുരുക്കുകളഴിക്കുന്ന മാതാവിനോട് പ്രാര്‍ത്ഥിക്കുന്നത്.
ഏകാന്തത, തൊഴിലില്ലായ്മ, ഗാര്‍ഹികാതിക്രമം, ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കുവേണ്ടി മനുഷ്യപുരോഗതി പ്രയോജനപ്പെടുത്തുക, പാസ്റ്ററല്‍ കെയര്‍ എന്നിവയാണ് ഈ പ്രത്യേക നിയോഗങ്ങള്‍.