മാർ അപ്രേം മല്പാൻ (എ ഡി 306 – 373)

  • സാധാരണക്കാരന്റെ മനസിലേക്കുള്ള പാതയാണ് ഗീതങ്ങൾ എന്ന് വിശ്വസിച്ച വിശുദ്ധൻ
  • സുവിശേഷ വ്യഖ്യാനങ്ങൾ ബൗദ്ധിക പ്രകടനങ്ങൾ ആവരുതെന്നു ശഠിച്ച പണ്ഡിതൻ
  • അഗതികളുടെ കണ്ണീരൊപ്പിയ സന്നദ്ധ സേവകൻ
  • പരിശുദ്ധാത്മാവിന്റെ കിന്നാരം എന്നറിയപ്പെട്ട ഗായകൻ

ജൂൺ ഒമ്പതാം തീയതി ആണ് വേദപാരംഗതനായ മാർ അപ്രേം മല്പാൻറെ ദീപ്തസ്മരണ സഭ ആചരിക്കുന്നത്. 1920 ഒക്ടോബർ അഞ്ചാം തീയതി ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയാണ് നൂറ്റാണ്ടുകളായി സഭാമക്കളുടെ മനസ്സുകളെ ദീപ്തമാക്കിയ അപ്രേം പിതാവിനെ ഡോക്ടർ ഓഫ് ദ ചർച്ച് (വേദപാരംഗതൻ) ആയി പ്രഖ്യാപിച്ചത്. പൗരോഹിത്യമോ മെത്രാൻ പദവിയോ സ്വീകരിക്കുവാൻ തൻ അയോഗ്യനാണെന്ന് ഉറച്ചു പറഞ്ഞു ജീവിതകാലം മുഴുവൻ ഒരു മ്ശംശാന (ഡീക്കൻ) ആയി ജീവിച്ച വിശുദ്ധനാണ് മാർ അപ്രേം.

സീറോ മലബാർ സഭയുടെ യാമ പ്രാർത്ഥന ഗീതങ്ങളുടെ രചയിതാവ് കൂടിയായ അപ്രേം പിതാവ് പരിശുദ്ധാത്മാവിന്റെ വീണ എന്നാണ് അറിയപ്പെടുന്നത്. സുറിയാനി സഭകൾക്ക് മാത്രമല്ല ഗ്രീക്ക്, കോപ്റ്റിക്, എത്തിയോപ്യൻ, അർമേനിയൻ, സ്ലാവ് എന്നീ പൗരസ്ത്യ സഭകളിൽ എല്ലാം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഈ വിശുദ്ധൻ സാർവത്രിക സഭയിലെ ഒരു വിസ്മയമാണ്.

എഡി 306 നോടടുത്ത് തുർക്കിയിൽ നിസിബിസിൽ  ക്രൈസ്തവ മാതാപിതാക്കളിൽ നിന്ന് ജനിച്ച അപ്രേമിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. രക്തസാക്ഷികളായ മാതാപിതാക്കളിൽ നിന്നും ലഭിച്ച വിശ്വാസം അദ്ദേഹത്തിൽ കരുപ്പിടിപ്പിക്കുന്നതിൽ മാമ്മോദീസ നൽകി വളർത്തിയ നിസിബിസിലെ മെത്രാനായ മാർ യാക്കോബിനും  പങ്കുണ്ട്.

പ്രായപൂർത്തിയായപ്പോൾ ഉടമ്പടിയുടെ പുത്രന്മാർ (ബ്നൈ ക്യാമ) എന്ന താപസ സമൂഹത്തിൽ അംഗമായ അപ്രേമിനെ പിൽക്കാലത്ത് നിസിബിസിലെ സുപ്രസിദ്ധമായ ദൈവ ശാസ്ത്ര സർവ്വകലാശാലയിലെ ബൈബിൾ വ്യഖ്യാതാവായി ബിഷപ്പ് നിയമിച്ചു. വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനം ഇപ്പോഴും കാലാനുസൃതം ആയിരിക്കണമെന്നും ഒരു വചനത്തിനു ഒരു അർഥം മാത്രമല്ല ഉള്ളതെന്നും അദ്ദേഹം പഠിപ്പിച്ചു. സാധാരണ വിശ്വാസിയുടെ ജീവിതത്തെ തൊടുന്നതാവണം വചന വ്യാഖ്യാനങ്ങൾ അല്ലാതെ വാക്കുകളുടെ ധാരാളിത്തം ആയിരിക്കരുതെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു എന്നത് പിതാവിന്റെ രചനകളിൽ നിന്ന് വ്യക്തമാണ്.

എ ഡി 338, 346, 350 വർഷങ്ങളിൽ പേർഷ്യൻ രാജാവായിരുന്ന ഷാപ്പുർ രണ്ടാമൻ നിസിബിസിനെ ആക്രമിച്ചു കീഴടക്കാൻ എത്തിയെങ്കിലും നഗരം പിടിച്ചു നിന്ന്. യുദ്ധക്കെടുതി മൂലം തകർന്ന കുടുംബങ്ങൾക്ക് ആശ്വാസമായി അപ്രേം പിതാവ് ഓടി നടന്നു. എ ഡി 372 എദേസാ നിവാസികൾ പട്ടിണിയും പകർച്ച വ്യാധികളും മൂലം വലഞ്ഞപ്പോൾ വൃദ്ധനായ അപ്രേം പിതാവ് അവിടേയ്ക്ക് ഓടിയെത്തുകയും ജനങ്ങളെ സഹായിക്കാൻ സന്നദ്ധ സേനകൾ രൂപീകരിക്കുകയും ചെയ്തു. ഒരു പക്ഷെ ആ ദിനങ്ങളിലെ കഠിനമായ അധ്വാനം മൂലമാകാം എ ഡി 373 ജൂൺ 9 നു അപ്രേം പിതാവ് സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേയ്ക്ക് യാത്രയായി. ഇന്നും സഭയുടെ യാമ പ്രാർത്ഥനകളിലെ ജീവസുറ്റ ഗീതങ്ങളിലൂടെ വചന വ്യാഖ്യാനത്തിന്റെ ജൈവികതയിലൂടെ പിതാവ് നമ്മുടെയിടയിൽ ജീവിക്കുന്നു.

കടപ്പാട്: ഡോ.സി.റോസിലിൻ എം.ടി.എസ്.