തലശ്ശേരി: തലശ്ശേരി അതിരൂപതാധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് നാളെ 75 ാം പിറന്നാള്‍. ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നും സംഘടിപ്പിച്ചിട്ടില്ല. അതിരൂപതാ കേന്ദ്രത്തിലെ വൈദികരോടൊപ്പം രാവിലെ ആര്‍ച്ച് ബിഷപ്‌സ് ഹൗസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.മാര്‍ ഞരളക്കാട്ടിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷം കൂടിയാണ് ഈ വര്‍ഷം.
1946 ജൂണ്‍ 23 ന് കോതമംഗലം രൂപതയിലെ ആരക്കുഴയില്‍ ജനിച്ച അദ്ദേഹം 1960 ല്‍ കുടുംബസമേതം വയനാട്ടിലേക്ക് കുടിയേറി. 1971 ഡിസംബര്‍ 20 ന് പൗരോഹിത്യം സ്വീകരിച്ചു. മാനന്തവാടി രൂപതയുടെ രൂപതാ അഡ്മിനിസ്‌ട്രേറ്ററായും ഭദ്രാവതി രൂപതയുടൈ ആദ്യ വികാരി ജനറാളായും സേവനം ചെയ്ത അദ്ദേഹം മാണ്ഡ്യരൂപതയുടെ പ്രഥമ മെത്രാനായിരുന്നു.സീറോ മലബാര്‍ മതബോധന കമ്മീഷന്‍ ചെയര്‍മാന്‍, കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍, ദൈവവിളി കമ്മീഷന്‍ അംഗം, സീറോ മലബാര്‍ സ്ഥിരം സിനഡ് അംഗം എന്നീ നിലകളിലും മാര്‍ ഞരളക്കാട്ട് പ്രവര്‍ത്തിച്ചുവരുന്നു.
തലശ്ശേരി അതിരൂപതയുടെ മൂന്നാമത് ബിഷപ്പാണ് മാര്‍ ഞരളക്കാട്ട്. 2014 ഒക്ടോബര്‍ 30 നാണ് അദ്ദേഹം ചുമതലയേറ്റത്.