ഒന്നും ആകസ്മികമല്ല എല്ലാം ദൈവ പദ്ധതിയുടെ ഭാഗം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഒന്നും ആകസ്മികമല്ല എല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവിന്റെ മഹത്തായ പ്രവൃത്തികള്‍ക്കു മുമ്പില്‍ നാം ഇതിനകം പലവട്ടം ചോദിച്ചിട്ടുണ്ടാവാം, പാപിയും ദുര്‍ബലനും ആയ എന്നെ ദൈവമേ നീയെന്തുകൊണ്ട് ഇങ്ങനെ ഉപയോഗിക്കുന്നുവെന്ന്? അതിന് കാരണം ഒന്നേയുള്ളൂ ഒന്നും ആകസ്മികമല്ല, എല്ലാം ദൈവപദ്ധതിയുടെ ഭാഗമാണ്. പൊതുദര്‍ശന വേളയില്‍ പൗലോസ് അപ്പസ്‌തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ ആധാരമാക്കിയുള്ള പ്രബോധന പരമ്പരയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

ദൈവം തന്നെയാണ് നമ്മെ അയ്ക്കുകയും അവിടുത്തെ കൃപയാല്‍ നമ്മെ താങ്ങിനിര്‍ത്തുകയും ചെയ്യുന്നത്. ഇങ്ങനെയൊരു ബോധ്യത്തോടുകൂടി ഗൗരവബുദ്ധിയോടെ ഒരുക്കമുള്ളവരായിരിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. പിതാക്കന്മാരുടെ പാരമ്പര്യങ്ങളുടെ സംരക്ഷനും നിയമത്തിന്റെ കടുത്ത പാലകനുമായിരുന്നു താന്‍ എന്ന് പൗലോസ് പറയുന്നുണ്ട്. ഒരു വശത്ത് താന്‍ സഭയെ കഠിനമായി ഉപദ്രവിച്ചിരുന്നുവെന്നും താന്‍ ഒരു ദൈവദൂഷകനും പീഡകനും അക്രമാസക്തനുമായിരുന്നുവെന്നും അടിവരയിട്ട് പറയുന്ന പൗലോസ് മറുവശത്ത് തന്നോടുള്ള ദൈവത്തിന്റെ കാരുണ്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ഈ കാരുണ്യം സമൂലമായ മാറ്റത്തിലേക്ക് അദ്ദേഹത്തെ നയിക്കുകയാണ് ചെയ്യുന്നത്. പാപ്പ പറഞ്ഞു.