സ്നേഹം എപ്പോഴും അങ്ങനെയാണ്. അതില്‍ എവിടെയോ സംശയത്തിന്റെ ഒരു കണിക ബാക്കിയുണ്ടാവും. നീയെന്നെ സ്‌നേഹിക്കുന്നുണ്ടോ.. നീയെന്നെ എത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്. നിന്റെ സ്‌നേഹം എന്റെ സ്‌നേഹത്തെക്കാള്‍ വലുതാണോ..
സ്‌നേഹത്തെക്കുറിച്ചുള്ള സംശയങ്ങളും അതേ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നുന്നു. രണ്ടു മക്കളില്‍ അമ്മയ്ക്ക് തന്നോടാണോ മറ്റേയാളോടാണോ സ്‌നേഹക്കൂടുതലെന്ന് സംശയിച്ചുപോകാത്ത മക്കള്‍ പോലുമുണ്ടാവില്ലെന്ന് തോന്നുന്നു. എല്ലാവരിലും എപ്പോഴും ഏറിയും കുറഞ്ഞുമൊക്കെ ഇത്തരം സംശയങ്ങളുണ്ടാവാം.
ദൈവത്തെ സ്‌നേഹമായി നിര്‍വചിച്ച ക്രിസ്തു തന്നെ സ്‌നേഹത്തെക്കുറിച്ച് സംശയിക്കുന്നുണ്ട്. ശിഷ്യപ്രമുഖനായ പത്രോസിനോടാണത്.. നീയെന്നെ സ്‌നേഹിക്കുന്നുണ്ടോ? ഉവ്വെന്ന് പറയുമ്പോഴും ക്രിസ്തു വീണ്ടും ചോദിക്കുന്നു, നീയെന്നെ സ്‌നേഹിക്കുന്നുവോ..
ഒടുവില്‍ തന്റെ മറുപടി ധര്‍മ്മസങ്കടത്തിലേക്ക് മാറ്റി അത് നിനക്കറിയാമല്ലോ എന്ന് പറഞ്ഞ് പത്രോസ് നിസ്സഹായനാകുന്നു.
ഇനി തോമസിലേക്ക്
സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയും സ്‌നേഹത്തെപ്രതി കുരിശിലേറുകയും ചെയ്ത ഗുരുവിന്റെ ശിഷ്യന്‍ സ്‌നേഹത്തെക്കുറിച്ച് സംശയാകുലനാകുന്നതില്‍ തെറ്റുണ്ടോ? അവന്റെ കൈകളില്‍ ആണിയുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്താലല്ലാതെ.…
അങ്ങനെയാണ് തോമസ് പറയുന്നത്. ഇത് അസംഭവ്യമായതിനെ പ്രതിയുള്ള സംശയമല്ല മറിച്ച് കൂടുതല്‍ വ്യക്തതയ്ക്കും താന്‍ യേശുവിന് പ്രിയങ്കരനായി അവന്‍ തന്നെ വ്യക്തമാക്കുകയും വേണം എന്ന് സ്‌നേഹത്തെ പ്രതി ശാഠ്യം പിടിക്കുന്നവന്റെ പ്രഖ്യാപനമാണ്. മുറിവുകളോടുകൂടിയ ക്രിസ്തുവിനെയാണ് അയാള്‍ തേടുന്നത്. കാരണം ക്രിസ്തുവെന്നാല്‍ മുറിയപ്പെട്ടവനാണെന്ന് അയാള്‍ക്കറിയാം.
തോമസിന് കിട്ടിയ സൗഭാഗ്യങ്ങള്‍
സ്‌നേഹത്തെ വൈകാരികമോ വൈയക്തികമോ ആയ തലത്തില്‍ മാത്രം ഒതുക്കിനിര്‍ത്താതെ യുക്തിസഹമായി കൂടി ക്രിസ്തുവിനെ വീക്ഷിക്കാനുള്ള തോമസിന്റെ ജ്ഞാനത്തിന്റെ തെളിവ് കൂടിയാണിത്. മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെണീറ്റ ക്രിസ്തുവിനെക്കുറിച്ച് മറ്റൊരാളും പറഞ്ഞതിനെക്കാള്‍ തീക്ഷ്ണതയോടെയാവും തോമസ് പറഞ്ഞിട്ടുണ്ടാവുക. കാരണം അയാള്‍ക്ക് മാത്രം കിട്ടിയ സൗഭാഗ്യമായിരുന്നുവത്. അയാളറിഞ്ഞതു പോലെ മറ്റാരും ക്രിസ്തുവിനെ ഇങ്ങനെ അറിഞ്ഞിട്ടില്ല.
ക്രിസ്തുവിലെ ദൈവികഭാവവും മനുഷ്യഭാവവും ഒരേപോലെ തിരിച്ചറിഞ്ഞ ആദ്യത്തെ വ്യക്തിയായി മാറുകയായിരുന്നു തോമസ്.യൂദന്മാരുടെ വിളയാട്ടങ്ങള്‍ക്ക് നടുവില്‍ പരാജയപ്പെട്ടവനെപോലെ തലകുനിച്ചു നില്ക്കുന്ന ക്രിസ്തുവിനെ കണ്ടപ്പോള്‍ ക്രിസ്തുവിലുള്ള വിശ്വാസം നഷ്ടമായവനാണ് യൂദാസ്. ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ഏറ്റുപറയാനുള്ള തന്റേടം നഷ്ടമായ ആളായിരുന്നു പത്രോസും.
അപ്പസ്‌തോലവഴികളില്‍ ഒരുമിച്ച് നടന്നിട്ടും മറ്റുള്ളവര്‍ പറയാത്തത് പറഞ്ഞും മറ്റുള്ളവര്‍ അനുഭവിക്കാത്തത് അനുഭവിച്ചും തോമസ് ഒറ്റനക്ഷത്രമായി പ്രഭപരത്തുന്നു.വേറിട്ട വഴികളാണ് അയാളുടേത്.
എന്റെ കര്‍ത്താവേ എന്റെ ദൈവമേ.. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഒരാള്‍ക്ക് പറയാന്‍ കഴിയുന്ന വാക്ക്. അതൊരു തിരിച്ചറിവായിരുന്നു. ആ തിരിച്ചറിവില്‍ നിന്നാണ് തോമസിന്റെ അപ്പസ്‌തോലയാത്രകള്‍ ആരംഭിക്കുന്നത്. ക്രിസ്തുവിനെ ഏറ്റവും കൂടുതല്‍ അനുഭവിച്ചവന്റെ യാത്രകളുടെ തുടക്കമായിരുന്നു അത്.
ക്രിസ്തുവിന്റെ അടയാളം
ക്രിസ്തു ലോകത്തെ എത്രമാത്രം സ്‌നേഹിച്ചു എന്നതിന്റെ അടയാളമായിരുന്നു അവിടുത്തെ തിരുമുറിവുകള്‍. ആ തിരുമുറിവുകളാണ് തോമസിലെ അപ്പസ്‌തോലകത്വത്തെ ഊതിയുണര്‍ത്തിയത്. അവയെ സ്പര്‍ശിച്ചപ്പോള്‍ തോമസിന്റെ രൂപാന്തരീകരണം പൂര്‍ത്തിയായി.
ക്രിസ്തുവിനെ വിലാപ്പുറത്ത് കുന്തം കൊണ്ട് കുത്തിയതായി നാം വായിച്ചുകേള്‍ക്കുന്നു. അവിടെയാണ് തോമസ് സ്പര്‍ശിച്ചത്. അപ്പോള്‍ തീര്‍ച്ചയായും ആ മുറിവുകളെ സ്വന്തമാക്കാന്‍ അയാള്‍ ആഗ്രഹിച്ചിട്ടുണ്ടാവും. കാലങ്ങള്‍ക്കിപ്പുറം മൈലാപ്പൂര് വച്ച് കുന്തമുനയേറ്റാണ് തോമസ് മരിച്ചത് എന്നുകൂടി ബന്ധിപ്പിച്ചു ചിന്തിക്കുമ്പോള്‍ അയാള്‍ സ്പര്‍ശിച്ച അടയാളത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നുണ്ട്. യോഹന്നാന്‍ ഒഴികെ മറ്റെല്ലാ ശിഷ്യരും രക്തസാക്ഷിത്വം വരിച്ചപ്പോഴും തോമസിന്റെ രക്തസാക്ഷിത്വം ഈ വിധത്തിലായിരുന്നു എന്നതും ധ്യാനിക്കേണ്ടതു തന്നെ.
സ്‌നേഹം സ്പര്‍ശനം കൂടിയാണ്
സ്‌നേഹിക്കുക എന്നാല്‍ സ്പര്‍ശിക്കുക എന്നു കൂടിയുണ്ട് അര്‍ത്ഥം. എല്ലാ സ്‌നേഹങ്ങളിലും സ്പര്‍ശനത്തിന്റെ മാന്ത്രികവിദ്യയുണ്ട്. സ്‌നേഹിക്കുന്നവരെ സ്പര്‍ശിക്കുമ്പോള്‍ സ്നേഹം കൂടുതല്‍ തീക്ഷ്ണവും തീവ്രവുമാകുന്നു.
ക്രിസ്തുവിനെ ഇപ്രകാരം സ്പര്‍ശിച്ചതായി ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്ന മൂന്നുപേരുണ്ട്. ചുംബനം വഴി ക്രിസ്തുവിനെ സ്പര്‍ശിക്കുകയും അതിനെ അധമമാക്കുകയും ചെയ്ത യൂദാസ്.. അന്ത്യഅത്താഴ വേളയില്‍ ക്രിസ്തുവിന്റെ തോളില്‍ ചാഞ്ഞുകിടന്ന യോഹന്നാന്‍. ഒടുവിലിതാ ലോകത്തിന്റെ മുഴുവന്‍ പാപങ്ങള്‍ക്കും വേണ്ടി മുറിവേറ്റ് മരിച്ചവന്റെ മുറിവുകളെ സ്പര്‍ശിച്ചുകൊണ്ട് തോമസും.
പക്ഷേ മറ്റ് രണ്ടുപേര്‍ സ്പര്‍ശിച്ചതുപോലെയായിരുന്നില്ല തോമസിന്റെ സ്പര്‍ശം. ആ മുറിവിന്റെ ആഴം അയാളറിഞ്ഞു.. അതിന്റെ തീവ്രത അറിഞ്ഞു. അതിന്റെ നടുക്കം അറിഞ്ഞു. ആ നടുക്കം ഒരു ഏറ്റുപറച്ചിലായി, നിലവിളിയായി പുറത്തേക്ക് വന്നു..എന്റെ കര്‍ത്താവേ എന്റെ ദൈവമേ..
അതില്‍ പശ്ചാത്താപം പോലുമുണ്ട്. എനിക്കുവേണ്ടി കൂടിയാണല്ലോ.. ഞാന്‍ കൂടി കാരണമായാണല്ലോ നിനക്കിത് വന്നത്..അങ്ങനെയൊരു തലം കൂടി തോമസിന്റെ തിരിച്ചറിവിലുണ്ടെന്ന് കരുതുന്നു.
ഓരോ മുറിവുകളും നമ്മുടെ സ്‌നേഹത്തിന്റെ അടയാളങ്ങള്‍ കൂടിയാണ്. സ്‌നേഹിച്ചവര്‍ക്കെല്ലാം അടയാളമുണ്ടാവും.. മുറിവുകളുണ്ടാകും. മുറിയപ്പെടാനുള്ള സാധ്യതയോടുകൂടിയ സ്വയംദാനമാണ് യഥാര്‍ത്ഥസ്‌നേഹം.. ക്രിസ്തു കാണിച്ചുതന്നത് അത്തരമൊരു സ്‌നേഹമായിരുന്നു. ആ സ്‌നേഹത്തിന്റെ നിറവ് മനസ്സിലായി വരുമ്പോള്‍ നമുക്കൊരിക്കലും അങ്ങനെ വിളിക്കാതിരിക്കാനാവില്ല. പക്ഷേ..
ദുക്‌റാന ക്ഷണിക്കുന്നത്
ക്രിസ്തുവിന്റെ മുറിവുകളെ നോക്കി എന്തുകൊണ്ടാണ് എനിക്കിനിയും ഇതുപോലെ വിളിക്കാന്‍ കഴിയാത്തത്? അവന്റെ മുറിവുകള്‍ എന്തുകൊണ്ടാണ് എനിക്ക് പശ്ചാത്താപത്തിന്റെയും മാനസാന്തരത്തിന്റെയും അനുഭവമാകാത്തത്?
ഓരോ ദുക്‌റാനകളും ക്രിസ്തുവിന്റെ തിരുമുറിവുകളെ നോക്കി അവയെ സ്പര്‍ശിച്ച് എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന് വിലപിക്കാനുള്ള വേളയാണെന്ന് എനിക്ക് തോന്നുന്നു. ആ നിലവിളിയില്‍ ക്രിസ്തീയ ജീവിതത്തിന്റെ മുഴുവന്‍ സാക്ഷ്യവുമുണ്ട്. വെറും ഉപരിപ്ലവമായ ആത്മീയത കൊണ്ട് അത്തരമൊരു ഇടപെടല്‍ ഉണ്ടാവുകയില്ല. അതിനുമപ്പുറം..
അവിടേയ്ക്കാണ് നാം കടന്നുചെല്ലേണ്ടത്. അത്തരമൊരു നിമിഷത്തില്‍ നമ്മുടെ ക്രിസ്ത്വാനുയാത്രയ്ക്ക് പരിപൂര്‍ണ്ണതയുണ്ടാകും. അതിന് വേണ്ടി നമുക്ക് തോമാശ്ലീഹായുടെ മാധ്യസ്ഥം യാചിക്കാം.
വിനായക് നിര്‍മ്മല്‍