സേവനത്തിന്റെ പാതയില്‍ ബഥനി സിസ്റ്റേഴ്‌സിന് നൂറു വര്‍ഷം

മാംഗ്ലൂര്: കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ദ ലിറ്റില്‍ ഫഌവര്‍ സേവനത്തിന്റെ പാതയില്‍ നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്നു, ബഥനി സിസ്റ്റേഴ്‌സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മാംഗ്ലൂരിലെ ബെന്‍ഡുര്‍ കേന്ദ്രമായി 1921 ജൂലൈ 16 നാണ് ഈ തദ്ദേശീയ സന്യാസസമൂഹം ആരംഭിച്ചത്.

ദൈവദാസനായ റെയ്മണ്ട് ഫ്രാന്‍സിസ് ആണ് സമൂഹസ്ഥാപകന്‍. ഏഷ്യയിലെ ഒമ്പതു രാജ്യങ്ങളില്‍ ബഥനിസിസ്റ്റേഴ്‌സ് പ്രവര്‍ത്തിക്കുന്നു. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലും ഇവര്‍ പ്രവര്‍ത്തനിരതരാണ്. കാലത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് അരികുജീവിതങ്ങളുടെ ശ്രേയസിനും നന്മയ്ക്കുംവേണ്ടിയുള്ള സേവനപ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ച വയ്ക്കുന്നത്. ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലായി 63 രൂപതകളില്‍ 1378 ബഥനി സിസ്റ്റേഴ്‌സ് നിസ്വാര്‍ത്ഥ സേവനവുമായി മുന്നോട്ടുപോകുന്നു.

ബഥനി എഡ്യൂക്കേഷനല്‍ സൊസൈറ്റി മില്യന്‍ കണക്കിന് യുവജനങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. കോളജുകളും ജൂനിയര്‍ കോളജുകളുമായി 185 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യമേഖലയിലും നിസ്വാര്‍ത്ഥ സേവനവുമായി ഇവര്‍ മുന്നോട്ടുപോകുന്നുണ്ട്.ഗ്രാമീണമേഖലകളില്‍ നാലു ഹോസ്പിറ്റലുകളും നടത്തുന്നു.

സന്യാസസമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ജൂലൈ 11 ന് തുടക്കം കുറിച്ചു.