വത്തിക്കാന്‍ സിറ്റി: യുവജനങ്ങള്‍ വൃദ്ധര്‍ക്ക് സ്നേഹവും ശ്രദ്ധയും കൊടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രഥമ ഗ്രാന്റ് പേരന്റ്സ് ഡേയില്‍ സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ഗ്രാന്റ് പേരന്റസ് നമ്മുടെ ജീവിതത്തെ പരിപോഷിപ്പിച്ചവരാണ്. ഇന്ന് അവര്‍ നമ്മുടെ ശ്രദ്ധയ്ക്കും സ്നേഹത്തിനും വേണ്ടി ദാഹിക്കുന്നു. നമ്മുടെ സാമീപ്യവും അടുപ്പവും അവര്‍ ആഗ്രഹിക്കുന്നു. ക്രിസ്തു നമ്മെ നോക്കിയതുപോലെ നാം അവരുടെ നേരെ കണ്ണുകളുയര്‍ത്തണം.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ മാര്‍പാപ്പയുടെ സന്ദേശം വായിച്ചത് ആര്‍ച്ച് ബിഷപ് റിനോയാണ്. കോളന്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പാപ്പ വിശ്രമത്തിലാണ്. വയോജനങ്ങളെയും ഗ്രാന്റ് പേരന്റസിനെയും ആദരിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇങ്ങനെയൊരു ദിനാചരണം പ്രഖ്യാപിച്ചത്. വിശുദ്ധ അന്നായുടെയും യോവാക്കിമിന്റെയും തിരുനാള്‍ ദിനത്തോട്അനുബന്ധിച്ചുവരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്.
ഈ ദിനത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ നിശ്ചിതനിയമങ്ങളോടെ പൂര്‍ണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ വൃദ്ധരായ 2500 പേര് പങ്കെടുത്തിരുന്നു.