കുടുംബങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍: പാലാ രൂപതയോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് സിനഡല്‍ കമ്മീഷന്‍

കൊച്ചി: കുടുംബവര്‍ഷാചരണത്തോട് അനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ കാലത്തിന്‍െ സ്പന്ദനങ്ങള്‍ക്കനുസൃതമായുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമിജീയോസ് ഇഞ്ചനാനിയിലും മാര്‍ ജോസ്പുളിക്കലും.

മനുഷ്യജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാര്‍ത്ഥ സംസ്‌കൃതസമൂഹമെന്ന് കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പ്രഖ്യാപനമെന്ന് മാര്‍ കല്ലറങ്ങാട്ട് അസന്ദിഗ്ദമായി പറയുന്നുണ്ട്.. അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നില്‍ സിനഡല്‍ കമ്മീഷന്‍ ഉറച്ചുനില്ക്കുകയും അതിനെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.

പാലാ രൂപതയില്‍ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികള്‍ക്ക് സമാനമായ പദ്ധതികള്‍ സീറോ മലബാര്‍ സഭയിലെ എല്ലാരൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ് നയമാണ് സഭയ്ക്കുള്ളത്. അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല ഉത്തരവാദിത്വപരമായ മാതൃത്വത്തെയും പിതൃത്വത്തെയും പറ്റിയാണ് സഭ ദമ്പതികളെ ഓര്‍മ്മിപ്പിക്കുന്നത്.