കൊച്ചി: ഇനി മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ടിഡിഎസ് പിടിക്കും. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഇതു സംബന്ധിച്ച് വിധി പ്രസ്താവിച്ചത്. ഇതോടെ മുക്കാല്‍ നൂറ്റാണ്ട് കടന്ന ആനുകൂല്യമാണ് മറികടക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ക്ക് വ്യക്തിഗത നിയമങ്ങളെക്കാള്‍ പ്രാധാന്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ശമ്പളവരുമാനമുണ്ടെങ്കില് ടിഡിഎസ് ബാധകമാകുമെന്നും ജീവിതാന്തസിന്റെ അടിസ്ഥാനത്തില്‍ ഇളവ് അനുവദിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. സീസറിനുളളത് സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും നല്‍കണമെന്ന ബൈബിള്‍ വാക്യം ആമുഖമായി ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ വിധി. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടിഡിഎസ് ഇളവ് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാകില്ലെന്നും കോടതി പറഞ്ഞു.
ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തര്‍ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്തസഭയിലേക്കാണ് പോകുന്നതെന്നുമായിരുന്നു അപ്പീല്‍ഭാഗം വാദിച്ചത്.