“വൈറൽ വൈദികരെയല്ല; തിരുസ്സഭയോട് വിധേയത്വമുള്ള വൈദികരെയാണ് ഞങ്ങൾക്കാവശ്യം”

സഭയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നവരും, കോൺഗ്രിഗേഷനുകളിൽ അച്ചടക്ക നടപടി എടുത്ത് ഒരു രക്ഷയും ഇല്ലാതെ തള്ളി കളഞ്ഞേക്കുന്നവരും, അധികാര സ്ഥാനത്തിന് വേണ്ടിയുള്ള വടംവലിയിൽ എന്തും ചെയ്യാൻ തയ്യാറിയിട്ടുള്ളവരും സോഷ്യൽ മീഡിയാ പ്രഘോഷണം നടത്തി അധാർമ്മിക സൃഹുത്തുക്കളെ സമ്പാദിക്കുന്നത് കാണുമ്പോൾ യേശു ശിഷ്യന്മാരോട് പറഞ്ഞ ഉപമയാണ് ഓർമ്മ വരുന്നത്.
വിശുദ്ധ ലൂക്ക എഴുതിയ സുവിശേഷം അധ്യായം 16 വാക്യങ്ങൾ 1 മുതൽ 9 വരെ.
ഈശോ ശിഷ്യരോട് പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നു. അവൻ സ്വത്ത് ദുർവ്യയം ചെയ്യുന്നുവെന്ന് യജമാനന് പരാതി ലഭിച്ചു. യജമാനൻ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാൻ കേൾക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്ക് ബോധിപ്പിക്കുക. മേലിൽ നീ കാര്യസ്ഥനായിരിക്കാൻ പാടില്ല. ആ കാര്യസ്ഥൻ ആത്മഗതം ചെയ്തു. യജമാനൻ കാര്യസ്ഥത എടുത്ത് കളയുന്നതിനാൽ ഞാൻ ഇനി എന്ത് ചെയ്യും? കിളക്കാൻ എനിക്ക് ശക്തിയില്ല. ഭിക്ഷ യാചിക്കാൻ ലജ്ജ തോന്നുന്നു. എന്നാൽ, യജമാനൻ കാര്യസ്ഥത എന്നിൽ നിന്ന് എടുത്ത് കളയുമ്പോൾ ആളുകൾ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിന് എന്ത് ചെയ്യണമെന്ന് എനിക്കറിയാം.
യജമാനനിൽ നിന്ന് കടം വാങ്ങിയവർ ഓരോരുത്തരെ അവൻ വിളിച്ചു. ഒന്നാമനോട് അവൻ ചോദിച്ചു: നീ എന്റെ യജമാനന് എന്ത് കൊടുക്കാനുണ്ട്? അവൻ പറഞ്ഞു: നൂറ് ബത്ത് എണ്ണ. അവൻ പറഞ്ഞു: ഇതാ നിന്റെ പ്രമാണം, എടുത്ത് അൻപത് ബത്ത് എന്ന് തിരുത്തിയെഴുതുക. അനന്തരം അവൻ മറ്റൊരുവനോട് ചോദിച്ചു: നീ എന്ത് കടപ്പെട്ടിരിക്കുന്നു? അവൻ പറഞ്ഞു: നൂറ് കോർ ഗോതമ്പ്. അവൻ പറഞ്ഞു: നിന്റെ പ്രമാണം എടുത്ത് അൻപത് കോർ എന്ന് തിരുത്തിയെഴുതുക.
കൗശലപൂർവ്വം പ്രവർത്തിച്ചതിനാൽ നീതിരഹിതനായ യജമാനൻ പ്രശംസിച്ചു. എന്തെന്നാൽ ഈ യുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്. ഞാൻ നിങ്ങളോട് പറയുന്നു. അധാർമിക സമ്പത്ത് കൊണ്ട് നിങ്ങൾക്കായി സ്നേഹിതരെ സമ്പാദിച്ചു കൊള്ളുവിൻ. അത് നിങ്ങളെ കൈവെടിയുമ്പോൾ അവർ നിങ്ങളെ നിത്യകൂടാരങ്ങളിൽ സ്വീകരിക്കും.
വിശുദ്ധ ലൂക്ക എഴുതിയ സുവിശേഷം അധ്യായം 16 വാക്യം 10.
“ഈശോ അവരോട് പറഞ്ഞു: ചെറിയ കാര്യത്തിൽ വിശ്വസ്തൻ വലിയ കാര്യത്തിലും വിശ്വസ്തൻ ആയിരിക്കും. ചെറിയ കാര്യത്തിൽ അവിശ്വസ്തൻ വലിയ കാര്യത്തിലും അവിശ്വസ്തൻ ആയിരിക്കും.”
അതുകൊണ്ട് ചെന്നായ വരുമ്പോൾ ഓടിപ്പോകാത്ത, ചുരുങ്ങിയപക്ഷം ചെന്നായയുടെ കൂടെ ചേർന്ന് ഞങ്ങളെ ആക്രമിക്കാത്ത സഭയോട് വിശ്വാസ്യതയും വിധേയത്വവും ഉള്ള ഇടയന്മാരെയാണ് ഞങ്ങൾക്കിന്നാവശ്യം!
By Justin George