എട്ടു നോമ്പാചരണം
സെപ്റ്റംബർ 1 മുതൽ 8 വരെ മാതാവിന്റെ ജനന തിരുനാളിനു ഒരുക്കമായി ഇതു ആചരിക്കുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു വടക്കൻ കേരളത്തിൽ ക്രൈസ്തവരും ഹൈന്ദവരും മത മർദ്ദനത്തിനിരയായി. നിർബന്ധിത മതം മാറ്റം സാധാരണമായി. പുരുഷന്മാരെ കൊന്നൊടുക്കിയ സൈന്യം സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി. ഇതറിഞ്ഞ വിശ്വാസികൾ മാതാവിന്റെ നാമത്തിലുള്ള ദൈവാലയങ്ങളിൽ ഒന്നിച്ചു ചേർന്നു. തങ്ങളുടെ മാനം സംരക്ഷിക്കപ്പെടാനും തലമുറകൾ നശിക്കാതിരിക്കാനും സ്ത്രീകളും കുട്ടികളും ദൈവാലയത്തിനുള്ളിൽ മാതാവിന്റെ മാദ്ധ്യസ്ഥം തേടി നിലവിളിച്ചു പ്രാർത്ഥിച്ചു. പുരുഷന്മാർ സംരക്ഷണത്തിനായി പുറത്തു കാവൽ നിന്നു. ആലുവാ പുഴയിൽ ജലമുയർന്നപ്പോൾ തിരുവിതാംകൂറിൽ കടക്കാതെ സൈന്യം മടങ്ങിപ്പോയി. ഈ മാതൃ ഭക്തിയാണ് എട്ടു നോമ്പിന്റെ ആരംഭം എന്നൊരു ഐതിഹ്യമുണ്ട്.
സ്ത്രീകളുടെയും, കന്യകകളുടെയും ഉപവാസമാണ് എട്ടു നോമ്പ്. നോമ്പിനു മുമ്പായി വീട്ടിൽ ഉപയോഗിച്ച പാത്രങ്ങൾ എല്ലാം കഴുകി കമഴ്ത്തിവെയ്ക്കും. ഒരു പുതിയ മൺകലവും, ചിരട്ട തവിയും, കഞ്ഞി കുടിക്കാൻ ഒരു പാത്രവും വാങ്ങി നോമ്പ് നോക്കുന്നവർ തനിയെ കഞ്ഞിവെച്ചു കുടിക്കും. നോമ്പില്ലാത്തവർ ഇതിൽ തൊടാറില്ല തുടങ്ങിയ പതിവുകളും ക്രൈസ്തവരുടെ ഇടയിലുണ്ടായിരുന്നു.
മാതാവിന്റെ അമ്മ അന്നാമ്മയ്ക്കു മക്കളുണ്ടായിരുന്നില്ല. അന്നാമ്മ നേർച്ച നേർന്നു 8 ദിവസം നോമ്പ് നോക്കി ജനിച്ച കുഞ്ഞാണ് മറിയം. മൂന്നാം വയസ്സിൽ ദൈവാലയത്തിൽ കാഴ്ച വെച്ചു അവിടെ മറിയം വളർന്നു എന്നൊരു പാരമ്പര്യ കഥയുണ്ട്.
കടപ്പാട്