മെയ്ക്കാടിന്റെ റോളില്‍ പള്ളിവികാരി: നാടിന്റെ കൂട്ടായ്മയില്‍ ഒരു വീട് !

ട്രാക്ക് സ്യൂട്ടും ബൂട്ടും ധരിച്ച് തലയിൽ തോർത്തുമുണ്ടുകൊണ്ട് ഒരു കെട്ടും കെട്ടി സിമന്റും മണലും കൂട്ടിക്കുഴയ്ക്കുന്ന ഒരാൾ. വീട് പണിയ്ക്കായി എത്തിയ ഏതെങ്കിലും മറുനാടൻ തൊഴിലാളിയാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ആളൊരു പുരോഹിതനാണ്. നിലമ്പൂർ എടക്കരയിലെ കരുനെച്ചി ലിറ്റിൽ ഫ്ളവർ മലങ്കര കത്തോലിക്കാ പള്ളിയിലെ വികാരി ജോൺസൺ പള്ളിപ്പടിഞ്ഞാറേതിൽ ആണ് പ്രഫഷണൽ മെയ്ക്കാട് പണിക്കാരെ വെല്ലുന്ന തരത്തിൽ സിമന്റുകുഴയ്ക്കുന്നത്. അച്ചനിതിന്റെ വല്ല കാര്യവും ഉണ്ടോയെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം കിട്ടും.
കാര്യമുണ്ട്, കാരണം ഒരു നിർധന കുടുംബത്തിനാണ് വീട് വയ്ക്കുന്നത്. നിർമാണ കമ്മിറ്റി കൺവീനറാണ് ജോൺസണച്ചൻ. വീട് വച്ചുകൊടുക്കുന്ന കുടുംബത്തിൽ മൂന്ന് പെൺകുട്ടികളാണ് ഉള്ളത്. അവരെ വിവാഹം കഴിപ്പിച്ചുവിട്ടു. അവരുടെ രോഗികളായ മാതാപിതാക്കൾക്ക് വേണ്ടിയാണ് വീട് നിർമാണം. വീട് വെച്ചുകൊടുക്കാൻ ഉദ്ദേശിക്കുന്ന ആൾക്കാർക്ക് സ്ഥലത്തു വന്നുനിന്ന് വീട് പണി ചെയ്യിപ്പിക്കാൻ നിർവാഹവുമില്ല. അതിനാൽ ആ ഉത്തരവാദിത്വം അച്ഛനങ്ങ് ഏറ്റെടുത്തു.
സംഘടനകളും വ്യക്തികളും ഉൾപ്പെടെ നിരവധി പേരുടെ സഹായഹസ്തങ്ങൾ സ്വീകരിച്ചുകൊണ്ടാണ് വീട് നിർമാണം പുരോഗമിക്കുന്നത്.
തറയുടെ പണി ലയൺസ് ക്ലബ്ബും ഭിത്തി ജോൺസൺ അച്ചന്റെ ഇടവകയുമാണ് ചെയ്യുന്നത്. പള്ളിയിലെ യുവജന സംഘടനാ പ്രവർത്തകരും നിർമാണ തൊഴിലാളികളോടൊപ്പമുണ്ട്. ഒരു ഭാഗത്ത് മാറി നിന്ന് നിർദ്ദേശം കൊടുക്കുന്നതിലും നല്ലത് കൂടെ നിന്ന് പണിയെടുക്കുകയാണെന്നും അച്ഛൻ പറയുന്നു. തൊഴിലാളികൾക്ക് ഒരു ഉണർവ് നൽകാനും തന്റെ സാനിധ്യം ഗുണം ചെയ്യുന്നുണ്ടെന്നും ജോൺസനച്ചൻ പറയുന്നു.
ളോഹ ഊരിവെച്ച് സിമന്റു ചാക്കും മണലുമൊക്കെ ചുമക്കാനിറങ്ങിയതിന് മറ്റൊരു കാരണം കൂടിയുണ്ട്. വെറുതെ നോക്കിനിൽക്കാതെ ജോലിയെടുത്താൻ ഒരാളുടെ പണിക്കൂലിയെങ്കിലും ലാഭിക്കാം. കോവിഡ് ആയതിനാൽ ഇടവകയിലും ജോലികൾ കുറവാണ്. അതുകൊണ്ടുതന്നെ ധാരാളം സമയവും അച്ചന് ബാക്കിയുണ്ട്. ആ സമയം മറ്റുള്ളവർക്ക് ഉപകാരപ്രദമാകും വിധം വിനിയോഗിക്കുകയാണ് ഈ പള്ളിവികാരി.
കോവിഡിൽ നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. അങ്ങനെയുള്ളവർക്കായി, മനസുണ്ടെങ്കിൽ ഏത് ജോലിയും ആർക്കും ചെയ്യാമെന്ന് അച്ചൻ ജീവിതം കൊണ്ട് ഒരു സാക്ഷ്യം നൽകുന്നു.
ഒരു വർഷംമുൻപാണ് കരുനെച്ചി പള്ളിയിൽ വികാരിയായെത്തിയത്. അതിനുമുമ്പ് ഭൂദാനം മലങ്കര കത്തോലിക്ക പള്ളിയിലെ വികാരിയായിരുന്നു അച്ചൻ. ആ സമയത്താണ് കവളപ്പാറ ദുരന്തമുണ്ടായത്. അച്ചന്റെ ഇടവക പള്ളി അന്ന് ദുരിതാശ്വാസ ക്യാമ്പായി. വീടും ജീവിതവും നഷ്ടപ്പെട്ടവർക്ക് ജീവൻ മാത്രം ബാക്കിയായവർക്കും വിശപ്പകറ്റാൻ പള്ളിമുറ്റം കനിവിന്റെ കലവറയാക്കിയിരുന്നു അച്ചൻ.
കടപ്പാട്