പരിശുദ്ധ കുർബാനയുടെ ഏകീകരണത്തിനു വേണ്ടിയുള്ള സഭാ നിർദ്ദേശങ്ങളോട് മറുതലിക്കുന്ന വന്ദ്യ വൈദികരേ, വിശ്വാസികളേ….

23 റീത്തുകളുടെ കൂട്ടായ്മയാണ് സഭ. അത് ദൈവിക പദ്ധതിയാണ്. നമ്മൾ ഓരോരുത്തരും അതിൽ ഏതെങ്കിലും സഭയിൽ അംഗമായത് നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല. നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ്. അതു കൊണ്ട് തന്നെ സഭയുടെ പരമ്പര്യങ്ങളും, അതോടൊപ്പം പരമാധികാരിയായ മാർപ്പാപ്പയുടെ നിർദ്ദേശങ്ങളും നാം പാലിക്കപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
” ഞാൻ മൂലം ഒരു വിശ്വാസി സഭയിൽ നിന്നോ, വിശുദ്ധ കുർബാനയിൽ നിന്നോ അകന്നാൽ ഞാൻ ദൈവസന്നിധിയിൽ അതിന് ഉത്തരവാദിയായിരിക്കും “എന്ന തിരിച്ചറിവ് ഓരോ പുരോഹിതനും ഉണ്ടാവണം. വൈദികരെയും സമർപ്പിതരെയും വിശ്വാസികളെയും സ്വർത്ഥ താല്പര്യങ്ങൾക്കു വേണ്ടി വിഘടിപ്പിച്ചല്ല സുവിശേഷ വേല നിർവ്വഹിക്കേണ്ടത്.അതിനായി ദിവ്യകാരുണ്യ ആരാധന ശീലമാക്കണം .
ശുശ്രൂഷാ മേഖലയിൽ തൻ്റെ പേരും പെരുമയും നിലനിർത്താൻ തിരക്കുപിടിച്ച് ഓടേണ്ടവനല്ല വൈദികൻ.
പുരോഹിതൻ ശാന്തനാവണം.
ദിവ്യകാരുണ്യ സന്നിധിയിൽ തപം ചെയ്ത് ക്രിസ്തുവിനെ ഹൃദയത്തിൽ ഒപ്പിയെടുക്കുന്നവനാകണം പുരോഹിതൻ.
നമ്മുടെ ബലം കർത്താവാണ്. ഈ ബോധ്യത്തിൽ സഭയ്ക്കു വേണ്ടി, കർത്താവിനു വേണ്ടി ജീവിതം ബലിയാക്കുവാൻ ഓരോ വൈദികനും സ്വയം സമർപ്പിക്കണം.
വളരുംതോറും വിനയത്തിൻ്റെ ഊന്നുവടിയിൽ നാം ആശ്രയം വയ്ക്കണം അത് ഭാരമായിരിക്കരുത്, മറിച്ച് അത് ആഭരണമാണ്.
അനുദിന ജീവിതത്തിൽ എവിടെയും നമുക്ക് യേശുവിനെ കൊടുക്കാം.
” വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും.
ജാഗരൂകതയോടെ വർത്തിക്കുക.”
( 2 തിമോത്തിയോസ് 4 :2 )
കഷ്ടത സഹിക്കാനുള്ള മനസില്ലാത്തതുകൊണ്ടാണ് ചിലരുടെ സുവിശേഷ ജീവിതം കൂമ്പടഞ്ഞു പോകുന്നത്. ക്രിസ്തു നിനക്ക് പ്രിയപ്പെട്ടതെങ്കിൽ അവനെ മറച്ചു പിടിക്കാനാവില്ല നിനക്ക്.
“കലപ്പയിൽ കൈവച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്നവർ സ്വർഗരാജ്യത്തിനർഹരല്ല.” ഇന്നോളം ഒരു കലപ്പയും തനിയെ ഉഴുതുമറിച്ചിട്ടില്ല. ഉഴവുകാരൻ്റെ കരങ്ങൾക്കൊത്ത് ചലിച്ചാലേ കലപ്പയ്ക്ക് അത് സാധ്യമാവൂ
സുവിശേഷ വേലയ്ക്കുള്ള സാഹചര്യം നോക്കി ആയുസിൻ്റെ ദിനങ്ങൾ തള്ളിക്കളയുന്നവരുണ്ട്.
പ്രതികൂല സാഹചര്യങ്ങളെ പഴിച്ച് ക്രിസ്തുവിന് സാക്ഷ്യം നൽകാതെ ആയുസ്സിൻ്റെ ദിനങ്ങൾ തള്ളി മാറ്റുന്നവർ..,
അനുകൂല സാഹചര്യങ്ങളിൽ അവനായി നിലകൊള്ളുമെന്ന് ഒരു ഉറപ്പുമില്ല.
എല്ലാം അനുകൂലമായിട്ടല്ല സുവിശേഷവേല
ചെയ്യണ്ടത്.
ജീവിത മരുഭൂമിയാത്രയിൽ ഒരു ചെങ്കടൽ മുൻപിൽ സൃഷ്ടിച്ചവൻ തന്നെയാണ് അതു കടക്കാനുള്ള വിശ്വാസ വീര്യം നെഞ്ചിൽ പകരുന്നതും.
നിനക്ക് ക്രിസ്തുവിനായി ഒരു മനസുണ്ടോ?
അവനെ പകർന്നു കൊടുക്കുവാൻ വഴികൾ ഏറെയാണ്.
“മനുഷ്യനു വേണ്ടിയല്ല, കർത്താവിനു വേണ്ടി എന്ന പോലെ ” ചെയ്തെങ്കിലേ മടുപ്പുകൂടാതെ ഇതു നിർവഹിക്കാനാകൂ.
( എഫേസോസ് 6 : 7 )
വിജയിക്കുവാനല്ല വിശ്വസ്തനായിരിക്കുവാനാണ് വൈദികരെ ദൈവം വിളിക്കുന്നതെന്ന കാര്യം മറക്കരുത്.
ദൂരക്കാഴ്ച്ചകളോടെ ശുശ്രൂഷകൾ ചെയ്യുവാൻ സ്വപ്നങ്ങൾ കാണുന്നതിൽ തെറ്റൊന്നുമില്ല.എന്നാൽ പരിചയമില്ലാത്ത പോർച്ചട്ടകളും വാളും ധരിച്ചാൽ ഇടറി വീഴും.
പ്രിയ വൈദികരേ നിങ്ങൾ വിശ്വാസികളുടെ ചങ്കിലാണ്. അനേകം പേർ വായിക്കുന്ന ബൈബിളാണ് നിങ്ങളുടെ ജീവിതം. ജീവിത വഴിത്താരകളിൽ ദൈവം നാട്ടിവച്ച വഴിവിളക്കുകളാണ് വൈദികർ.
നമ്മുടെ കർത്താവിൻ്റെ ബലിയെയും ബലിക്കല്ലിനെയും ചൊല്ലി ദയവായി ഇനി നിങ്ങൾ കലഹിക്കരുത്.
പ്രിയ വിശ്വാസികളോട് ഒരു വാക്ക് ….
മനുഷ്യബുദ്ധിക്ക് വിസ്മയമാണ്
വിശുദ്ധ കുർബാന.
ഇന്ദ്രിയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത മഹാ വിസ്മയം !!!
തിരുസഭ വിശുദ്ധ കുർബാനയിൽ ‘ദിവ്യ രഹസ്യങ്ങൾ’ എന്ന് ആവർത്തിച്ചു
ഓർമ്മപ്പെടുത്തുന്നുവെങ്കിലും,
ബുദ്ധിക്ക് അഗ്രാഹ്യമെങ്കിലും വിശ്വാസത്തോടെ പങ്കു ചേരുന്ന ഓരോ ബലിയിലും സ്വർഗീയരഹസ്യങ്ങളുടെ ചുരുളുകൾ നിവർത്തപ്പെടും.
നിത്യതയിലേ അത് പൂർണമാവൂ.
കഴിഞ്ഞ കാലഘട്ടങ്ങിൽ വിവിധ രൂപതകളിലായി അൾത്താരയ്ക്ക് അഭിമുഖമായും, ജനാഭിമുഖമായും അർപ്പിച്ചു പോന്നിരുന്ന ബലിയിലെല്ലാം നമ്മുടെ കർത്താവിൻ്റെ സജീവ സാന്നിധ്യം ഈ നിമിഷം വരെയും നിറഞ്ഞു നിന്നിട്ടുണ്ട്. അതിൽ നിന്ന് ശക്തിയാർജ്ജിച്ചവരാണ് നാമെല്ലാം.
ഇനിയും അത് തുടരുമെന്നതിൽ സംശയം വേണ്ട
എത്ര വലിയ വിശുദ്ധനും, അഭിഷിക്തനും, ആത്മീയ ജീവിതത്തിൽ വീഴ്ച്ചകളും പ്രലോഭനങ്ങളും ഉണ്ടാവാം.
ദൈവജനത്തിൻ്റെ സ്വർഗ്ഗീയ യാത്രയിൽ അമരത്തിരിക്കുന്ന ,
ജനത്തിനു വേണ്ടി ദൈവസന്നിധിയിൽ കൈകൾ ഉയർത്തണ്ട അഭിഷിക്തരും സമർപ്പിതരും
പ്രലോഭനങ്ങളിൽ തളരുമ്പോൾ…..
സമർപ്പണ വഴികളിൽ കാലിടറുമ്പോൾ അവർക്ക് താങ്ങായി തുണയായ്…
അഹറോനെയും ഹൂറിനെയും പോലെ
പ്രാർത്ഥനകളും പരിത്യാഗങ്ങളും
ചെയ്യാൻ, ഞാനും നീയും കടപ്പെട്ടിരിക്കുന്നു.
ആയതിനാൽ,
ജീവിതത്തിൽ നിത്യവും വീണു കിട്ടുന്ന
വിലയേറിയ നിമിഷങ്ങൾ പ്രാർത്ഥനകളായി
നീ സ്വർഗത്തിലേയ്ക്കുയർത്തുക.
പാഴായിപ്പോകേണ്ട സമയങ്ങൾ
ഫലദായകമാക്കാം.
നിനക്കും നിൻ്റെ ചുറ്റുമുള്ളവർക്കും വേണ്ടി
മോശയെപ്പോലെ കൈകളുയർത്തി
മദ്ധ്യസ്ഥം യാചിക്കുക.
അഹറോനെയും ഹൂറിനെയും പോലെ
സമർപ്പിത ജീവിതങ്ങൾക്ക്
പ്രാർത്ഥനയുടെ കൈതാങ്ങാവുക.
ഇനിമേൽ നഷ്ടപ്പെടാവുന്ന സമയങ്ങൾ
അനുഗ്രഹ നിമിഷങ്ങളാക്കാം.
തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരാകാം.
Jincy Santhosh