ഇറ്റാലിയന്‍ കൗമാരക്കാരന്‍ ധന്യപദവിയിലേക്ക്

ഇറ്റലി: കൗമാരക്കാരനായ മാറ്റോ ഫരീനായെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ ധന്യപദവിയിലേക്കുയര്‍ത്തി വെറും പത്തൊമ്പതു വര്‍ഷം മാത്രമേ ഈ ലോകത്ത് ജീവിച്ചിരിക്കാന്‍ ഫരീനയ്ക്ക് കഴിഞ്ഞുള്ളൂ.

സൗത്തേണ്‍ ഇറ്റലിയിലെ ബ്രിന്‍ഡ്‌സി യിലെ ഉത്തമ ക്രൈസ്തവ കുടുംബത്തിലായിരുന്നു ജനനം. സഹോദരിയുമായി തീവ്രമായ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഫരീന അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെയും വിശുദ്ധ പാദ്രെ പിയോയുടെയും ഉത്തമഭക്തനായിരുന്നു. സ്‌പോര്‍ട്‌സും സംഗീതവും അവന്റെ പ്രാണനുമായിരുന്നു. എട്ടാ ംവയസുമുതല്‍ അനുരഞ്ജനകൂദാശയില്‍ അവനേര്‍പ്പെട്ടിരുന്നു. ദൈവവചനത്തോട് തീവ്രമായ അഭിനിവേശമുള്ള അവന്‍ ഒമ്പതാം വയസില്‍ നോമ്പുകാല പരിശീലനമെന്ന മട്ടില്‍ വിശുദ്ധ മത്തായിയുടെ സുവിശേഷം മുഴുവനുംവായിച്ചൂതീര്‍ത്തിരുന്നു.

എല്ലാ ദിവസവും ജപമാല ചൊല്ലുന്നതിനും മുടക്കംവരുത്തിയിരുന്നില്ല. ഒമ്പതാം വയസില്‍ വിശുദ്ധ പാദ്രെപിയോയുടെ സ്വപ്‌നദര്‍ശനവും ഫരീനയ്ക്കുണ്ടായി. യുവജനങ്ങളോട് സുവിശേഷം പ്രസംഗിക്കണമെന്നതായിരുന്നു അവന്റെ ആഗ്രഹം. 2003 ല്‍ പതിമൂന്നാം ജന്മദിനത്തിന് മുമ്പായി അവന്‍ രോഗബാധിതനായി. ബ്രെയ്ന്‍ ട്യൂമറായിരുന്നു അസുഖം അടുത്ത ആറുവര്‍ഷം അവന്‍ പലതവണ ബ്രെയ്ന്‍ ഓപ്പറേഷന് വിധേയനായി. ഈ സമയമെല്ലാം അവന്‍ സഹനത്തില്‍ സന്തോഷിക്കുകയാണ് ചെയ്തിരുന്നത്. മാതാവിന്റെ വിമലഹൃദയത്തിന് സ്വയം സമര്‍പ്പിക്കുകയും ചെയ്തു.

2009 ഏപ്രില്‍ 24 ന് സുഹൃത്തുക്കളും വീട്ടുകാരും നോക്കിനില്ക്കുമ്പോായിരുന്നു അവന്റെ സ്വച്ഛന്ദമായ മരണം.