സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയും കോണ്ഗ്രസുകാരിയുമായിരുന്ന ഇന്ദിരാഗാന്ധിയോട് ഒപ്പമുള്ള സിക്കുകാരായ ഉദ്യോഗസ്ഥരെക്കുറിച്ച് ജാഗ്രത പുലർത്തണം എന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകിയതാണ്. തന്റെ അംഗരക്ഷകരായ ബിയാന്ത് സിംഗിനെയും സത്വന്ത് സിംഗിനെയും ചൂണ്ടി പരിഹാസത്തോടെ അവർ ചോദിച്ചത്രെ ഇവരെ സൂക്ഷിക്കണമെന്നാണോ നിങ്ങൾ പറയുന്നത് എന്ന്. ആ ഉദ്യോഗസ്ഥർ തന്നെയാണ് 1983 ഒക്ടോബർ 31 ന് രാവിലെ ഇന്ദിരയെ അവരുടെ വസതിയിൽ വച്ച് വെടിവച്ചു കൊന്നത്. മതഭ്രാന്ത് ചില മനുഷ്യരെ കൊണ്ടെത്തിക്കുന്ന അതിഭീകരമായ സ്ഥിതിയുടെ ഒരിക്കലും വിസ്മരിക്കാനാവാത്ത സത്യമായി ഇന്ദിരയുടെ ദാരുണ കൊലപാതകം ഇന്നും അവശേഷിക്കുന്നു.
ഇന്ദിരയ്ക്ക് ജാഗ്രതാ നിർദേശം കൊടുത്തവർ സിക്കുസമുഹം മുഴുവനെയും ഒഴിവാക്കണം എന്നൊന്നും ഇന്ദിരയോടു പറഞ്ഞില്ല. അതിലെ തീവ്രവാദികൾ അവിവേകം ചെയ്യാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇന്ദിര ആ മുന്നറിയിപ്പ് സ്വീകരിച്ചിരുന്നെങ്കിൽ അവർക്കു മാത്രമല്ല സിക്കുസമുഹത്തിനാകെ അനുഗ്രഹമാകുമായിരുന്നു. അംഗരക്ഷകരായ സിക്കുഭീകരരാൽ പ്രധാനമന്ത്രി വധിക്കപ്പെട്ടു എന്ന വാർത്ത പടർന്നപ്പോൾ ഡൽഹിയിൽ സിക്കുകാർക്കെതിരേ നടന്ന അതിഭീകരമായ ആക്രമണങ്ങളും ഒഴിവാക്കപ്പെടുമായിരുന്നു.
പിടിക്കേണ്ട സമയത്തു പിടിച്ചില്ലെങ്കിൽ എത്ര ശക്തമായ ഭരകൂടത്തിനു പോലും നിയന്ത്രിക്കാനാവാതെവരുന്ന കാട്ടുതീയാണ് സമുദായിക സംഘർഷം
അപ്പന്റെ ജാഗ്രത
ഈ പശ്ചാത്തലത്തിൽ കേരളത്തിലെ അമുസ്ലിങ്ങളെ മുസ്ലിങ്ങളാക്കുവാൻ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും പോലെ നടക്കുന്ന കുത്സിത പ്രവർത്തനങ്ങളക്കുറിച്ചാണ് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽവച്ച് വിശ്വാസി സമുഹത്തെ ഓർമ്മിപ്പിച്ചത്.
എല്ലാ മുസ്ലിങ്ങളെയുംകുറിച്ചല്ല അദ്ദേഹം പറഞ്ഞത്. അതിലെ ജിഹാദികളെക്കുറിച്ചു മാത്രമാണ്്. തീവ്രവാദികളല്ലെന്ന് ആണയിടുന്നവർ എന്തേ അവർക്കു സഹായവുമായി പിതാവിനെതിരേ എത്തുന്നു? അമുസ്ലിങ്ങൾക്കു മാത്രമല്ല മുസ്ലിങ്ങൾക്കും നന്മ സംഭവിക്കുന്നതിനുള്ള പ്രവചനമാണത്.
വളരെ പഠിച്ചും വിലയിരുത്തിയും അഭിപ്രായങ്ങൾ രുപികരിക്കുന്ന ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് പിതാവുമായി സംസാരിച്ചു സത്യം അറിയുവാനോ പിതാവ് ഉന്നയിച്ച ആശങ്കകൾ സംബന്ധിച്ച വിശദീകരണം കൊടുക്കുവാനോ തയ്യാറാകാതെ അങ്ങനെ ഒന്നില്ലായെന്നു കാടടച്ചു പറയാൻ കാണിച്ച തിടുക്കം മുസ്ലിം തീവ്രവാദികളോടുള്ള ഭയമാണെന്ന് ആർക്കാണ് അറിയാത്തത്.
കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും പി.ടി. തോമസും പിതാവിന്റെ വാക്കുകളെ അപലപിച്ചു. സതിശൻ പ്രതിപക്ഷ നേതാവാണ്. കേരളത്തിലെ ജനാധിപത്യ മുന്നണിയുടെ നേതാവ് കേരള കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികൾ ചേർന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാകണം പറയുന്നത്. വിയോജിപ്പുള്ള ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അല്ലാത്തവർ സതീശനൊപ്പം എന്ന് കരുതേണ്ടി വരും.
കല്ലറങ്ങാട്ടു പിതാവ് പറഞ്ഞതാണ് സത്യം എന്നു പറഞ്ഞ യൂത്തു കോണ്‍ഗ്രസുകാരെ വിമർശിക്കാനും ശബരീനാഥൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്തു കോണ്‍ഗ്രസുകാരെ ശബരിനാഥന് അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ അദ്ദേഹം.
പാലായിലെ കോണ്‍ഗ്രസുകാരെ പുറത്താക്കിയാൽ അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. കോണ്‍ഗ്രസിന് ഏറെ ഉണ്ടാവുകയും ചെയ്യും.
പിണറായിയുടെ അജ്ഞത
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയും ഉപദേശകർ ഉണ്ടായിട്ടും ഇതുവരെ നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ല. മുസ്ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണികൂടെ അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കിൽ ജോസ് കെ. മാണി തുറന്നു പറയേണ്ടതുണ്ട്.
ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും
ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഒന്നും പാലാ മെത്രാൻ കണ്ടുപിടിച്ച വാക്കുകളല്ല. മൂസ്ലിം തീവ്രവാദികൾ ലോകത്താകെ നടപ്പാക്കുന്ന യുദ്ധ തന്ത്രമാണത്. ഇസ്ലാം മതനിയമം അനുസരിച്ച് ഹറാമായ മയക്കു മരുന്ന് ഉത്പാദിപ്പിച്ചും വിപണനം ചെയ്തും ഉപയോഗിപ്പിച്ചും കാഫിറുകളെ നശിപ്പിക്കുന്ന ജിഹാദി തന്ത്രത്തെയാണ് നാർക്കോട്ടിക്് ജിഹാദ് എന്ന് വിളിക്കുന്നത്. ജിഹാദിനായി ഉപയോഗിക്കുവാൻ മയക്കു മരുന്ന് ബിസിനസ് നടത്തുന്നത് ഹറാമല്ല ഹലാലാണ്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ ഈ കച്ചവടം ഭീകരമാകുമെന്ന് ഇന്ത്യയും ഭയപ്പെടുന്നുണ്ട്. നാർക്കോട്ടിക് ജിഹാദിന്റെ പ്രഭവകേന്ദ്രങ്ങളായ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും എല്ലാം ദശലക്ഷക്കണക്കിനു കോടികളാണ് ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നതെന്ന് അന്തർദേശിയ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. കാഫിറുകളെ ലക്ഷ്യം വച്ചെന്ന പേരിൽ നടത്തുന്ന മയക്കുമരുന്നു കച്ചവടം പാക്കിസ്ഥാനിലെ മുസ്ലിം യുവാക്കളെയും വല്ലാതെ ബാധിക്കുന്നതായി കണ്ടെത്തിക്കഴിഞ്ഞു. കേരളത്തിൽ ഈ ബിസിനസ് വ്യാപകമാവുകയാണ്.
എറണാകുളം ജില്ലയിൽ 2021 മാർച്ച് 30 വരെ 300 മയക്കുമരുന്നു കേസുകൾ രജിസ്റ്റർചെയ്തെന്നാണ് കണക്ക്. ദിവസം 10 കേസുകൾ വീതം. മൂന്നുമാസത്തെ 368 സംഭവങ്ങളിൽ 406 പേരെ അറസ്റ്റ് ചെയ്തു. കേരള തീരത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന ബോട്ടുകളിൽ നിന്നും 3000 കോടിയുടെ മയക്കു മരുന്ന് നാവിക സേന പിടികൂടി. അങ്ങനെയൊന്നും ഇല്ല എന്ന സമീപനമാണ് ആപത്ത്.
സത്യത്തിന്റെ നേരേ കൊഞ്ഞനം കാട്ടിക്കൊണ്ടാണ് ഈ നിഷേധങ്ങൾ. ലൗജിഹാദ് ഇല്ലെന്നു വാദിക്കുന്നവരോട്: അഫ്ഗാനിസ്ഥാനിലെ ജയിലിൽ എങ്ങനെ ഒരു സോണിയ സെബാസ്റ്റ്യനും മെറിൻ ജേക്കബും എത്തി എന്ന ചോദ്യത്തിന് ഉത്തരം, മതസൗഹാർദം തകർക്കും എന്ന് പറയുന്നതാണോ?
കേരളത്തിന്റെ പല ഭാഗത്തു നിന്നും മയക്കുമരുന്നു നല്കി പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ കഥകൾ വരുന്നു. കേസുകൾ പിടുകൂടുന്നതിൽ പോലീസും അത്തരം വാർത്ത കൊടുക്കുന്നതിൽ മുഖ്യധാരാമാധ്യമങ്ങളും വല്ലാത്ത കള്ളക്കളികളാണ് നടത്തുന്നത്. കൊറോണ സന്നദ്ധപ്രവർത്തകരാണ് ഈരാറ്റുപേട്ടയിൽ പിടിയിലായ മയക്കു മരുന്നു കച്ചവടക്കാർ. ഇനി എന്നാവുമോ മയക്കുമരുന്നു കേസിൽ പിടികൂടുന്നവരുടെ പേരു കൊടുക്കുന്നത് മതേതരത്വത്തിന് നിരക്കാത്ത നടപടിയാണ് എന്ന വാദവുമായി പി.ടി തോമസും കൂട്ടരും എത്തുക.
കുപ്രസിദ്ധമായ വാഴക്കാലാകേസിലെ പ്രതികളിൽ നിന്നു തുടങ്ങുക. മയക്കുമരുന്ന് ഹറാമായ ഒരു സമുഹത്തിൽ എന്തേ ഇത്രമാത്രം മയക്കുമരുന്നു വ്യാപാരികൾ. എംഡിഎംഎ യുമായി പിടികൂടുന്നവരിലേറെയും ഒരു സമുദായത്തിൽ നിന്നുള്ളതാകുന്നത് സംശയിക്കേണ്ട കാര്യമല്ലേ?
നിശാപാർട്ടികളിൽനിന്നു പിടികൂടപ്പെടുന്ന പ്രതികളിലെ സ്ത്രീപുരുഷന്മാരുടെ മതം നോക്കിയാൽ ചിത്രം കൂടുതൽ വ്യക്തമാകും. മയക്കുമരുന്നു നല്കി പെണ്‍കുട്ടിയെ പിഡിപ്പിച്ച എത്ര കേസുകളാണ് വരുന്നത്. പാല രൂപതയിൽനിന്നു മാത്രമല്ല തൃത്താല അടക്കം എത്ര ഇടങ്ങളിലെ കേസുകളാണ് പോലീസ് ലിസ്റ്റിൽ ഉള്ളത്. കുട്ടികളെ വശീകരിച്ചു ജ്യൂസ് കുടിപ്പിച്ചു ദുരുപയോഗിക്കുന്നതിന്റെയും അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും സംഭവങ്ങൾ പുറത്തുപറയാൻ പലരും മടിക്കും. ഇത്തരം മക്കളെ നോക്കി ചങ്കു പൊട്ടുന്ന മാതാപിതാക്കളുടെ മുന്നിലിരുന്നാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ വല്ലാത്ത മതേതര പ്രസംഗം നടത്തുന്നത്.
താലിബാൻ വീട്ടുമുറ്റത്തോ?
ഒരു ദേവാലയത്തിൽ മെത്രാൻ നല്കിയ ഉപദേശത്തിനെതിരേ മെത്രാസന മന്ദിരത്തിലേയ്ക്ക് മാർച്ച് നടത്താനും മറ്റും മുതിരുന്നവരാണോ മതസ്വാതന്ത്ര്യത്തിന്റെ വക്താക്കൾ. ഇവർക്കു വേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കൾ മതേതരത്വം വാദിക്കുന്നത്.
വർഗീയവിഷം തുപ്പുന്ന സക്കിർ നായിക്കും സ്നേഹസംവാദക്കാരനും എന്തിന് സാമൂഹിക നിരീക്ഷകൻ എന്നോ മാധ്യമപ്രവർത്തകൻ എന്നോ ഉള്ള കുപ്പായമിട്ട് ചാനലുകളിൽ എത്തുന്നവരും ക്രൈസ്തവ വിശ്വാസത്തിനെതിരേ നടത്തുന്ന പരിഹാസങ്ങൾ ഇവരാരും കേൾക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തു കൊണ്ട്? അവർ നടത്തുന്നത്ര അറിവില്ലാത്ത കാര്യങ്ങളല്ല, കൃത്യമായി അറിയുന്ന കാര്യങ്ങളെങ്കിലും ഇസ്ലാമിനെക്കുറിച്ചു പറഞ്ഞാൽ എന്താവും സ്ഥിതി?
കുറവിലങ്ങാട് പള്ളിയിലെ എട്ടു നോന്പാചരണത്തിനാണ് കല്ലറങ്ങാട്ട് പിതാവ് സമുഹം നേരിടുന്ന പുത്തൻ വെല്ലുവിളിയെക്കുറിച്ച് വിശ്വാസികളോട് സംസാരിച്ചത്. എട്ടുനോന്പിന്റെ ആരംഭം തന്നെ മൈസൂരിൽനിന്നു വന്ന ടിപ്പു എന്ന വേട്ടക്കാരനെ ഭയന്ന് തെക്കൻ കേരളത്തിലെക്രൈസ്തവ സ്ത്രീകൾ തങ്ങളുടെ വിശ്വാസവും വിശുദ്ധിയും കാത്തു സൂക്ഷിക്കുന്നതിനായി ദൈവാലയങ്ങളിൽ ഒത്തുകൂടി നടത്തിയ ഉപവാസത്തിൽ നിന്നുമാണ്. ടിപ്പു നാടു മാത്രമല്ല വെട്ടിപ്പിടിച്ചത്, നാട്ടിലെ സ്ത്രീകളെയും ദുരുപയോഗിച്ചു. വടക്കൻ കേരളത്തിലെ കഥകൾ കേട്ട തെക്കൻ കേരളത്തിലെ അമ്മമാർ തങ്ങളുടെ ചാരിത്ര്യം സൂക്ഷിക്കുന്നതിന് സ്വർഗത്തിന്റെ ഇടപെടലിനായി പ്രാർഥിച്ച ദിനങ്ങളായിരുന്നു ആദ്യത്തെ എട്ടുനോമ്പ്.
ഇതാണോ ധീരത?
മഹാരാജാസ് കോളജിൽ വധിക്കപ്പെട്ട അഭിമന്യുവിന്റെ മുസ്ലിം തീവ്രവാദികളായ ഘാതകരെ പിടികൂടാൻ പോലും ആവാത്തതാണ് പിണറായിയുടെ പോലീസ്. ചരിത്ര സത്യങ്ങൾ പോലും പറയാൻ അനുവദിക്കാത്ത ഏകാധിപത്യഫാസിസമാണോ പി.ടി. തോമസും കോണ്‍ഗ്രസും ഉദ്ദേശിക്കുന്ന മതേതരത്വം?
തീവ്രവാദികളുടെ രക്ഷയ്ക്കു വേണ്ടി കോടതി കയറുന്നവരുടെ ബന്ധങ്ങളും സാന്പത്തിക സ്രോതസുകളും അന്വേഷിക്കപ്പെടണം. കുറവിലങ്ങാട്ട് നടത്തിയ പ്രസംഗത്തിന് ഡൽഹിയിൽ നിന്നു കേസു ണ്ടാകുന്നത് നിസാരകാര്യമല്ല. ഒന്നോ രണ്ടോ തെരഞ്ഞെടുപ്പിലെ വിജയത്തിനായി നാടിന്റെ ജനാധിപത്യവും മതേതരത്വവും കുരുതി കഴിക്കുന്ന പ്രസ്ഥാനങ്ങളെയും അതിന്റെ തീനാളങ്ങളെയും വളർത്തുന്നത് അപകടമാണ്.
https://www.deepika.com/feature/leader_page.aspx…