കുറിച്ചി മൈനർ സെമിനാരിയിലെ 2000-2001 അധ്യയന വർഷം. ആ പ്രഭാതത്തിലും പതിവു പോലെ വി.കുർബ്ബാനക്ക് മൂന്ന് അച്ചന്മാരുണ്ട്. ബഹു. മാത്യു മറ്റപ്പള്ളിയച്ചനാണ് മുഖ്യ കാർമ്മികൻ. ഗേഹന്ത പ്രാർത്ഥനകൾ കഴിഞ്ഞതും വലിയ ഇടി വെട്ടുന്നതു പോലൊരു ശബ്ദം. തൊട്ടടുത്തുള്ള റെയിൽവേ ട്രാക്ക് തെറ്റി ഏതോ ട്രെയിൻ പാഞ്ഞു വരുകയാണ് എന്നാണ് ആദ്യം തോന്നിയത്. പെട്ടെന്ന് കെട്ടിടം വിറയ്ക്കാൻ തുടങ്ങി. ഭയചകിതരായ കുഞ്ഞു ശെമ്മാശന്മാർ പ്രാണരക്ഷാർത്ഥം പുറത്തേക്കോടി. ഭൂമി കുലുക്കമാണ്! അല്പ സമയത്തിനകം എല്ലാം ശാന്തമായി. അല്പം ജാള്യതയോടെ തിരികെ വന്ന ബ്രദേഴ്സ് അൾത്താരയിലേക്ക് നോക്കി അത്ഭുതപ്പെട്ടു. ബലിവേദിയിൽ നിന്നുമനങ്ങാതെ ആ മൂന്നു വൈദികർ അവിടെത്തന്നെ നിൽക്കുന്നു! പരിശുദ്ധ കുർബ്ബാന കഴിഞ്ഞ് കാപ്പി കുടിക്കു മുൻപേ, തള്ളക്കോഴിക്കു ചുറ്റും മക്കൾ കൂടും പോലെ കുഞ്ഞുങ്ങളെല്ലാം മറ്റപ്പള്ളിയച്ചനു ചുറ്റും കൂടി. എല്ലാർക്കുമറിയേണ്ടതൊന്നു മാത്രം, “എന്തേ ഓടാഞ്ഞത്?”
സ്വതസിദ്ധമായ നിഷക്കളങ്ക പുഞ്ചിരിയോടെ ആ വന്ദ്യ വയോധികൻ മറുപടി പറഞ്ഞു, “തമ്പുരാന്റെ അൾത്താര വിട്ട് എവിടേക്ക് ഓടാനാ മക്കളെ, ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും അത് അൾത്താരയിൽ തന്നെയാവട്ടെ.”
മരണത്തിന്റെ മുന്നിലും അൾത്താര വിട്ട് ഓടിപ്പോകാത്ത സമർപ്പിത ആത്മാക്കളിലാണോ, പ്രതിഷേധത്തിന്റെയോ പ്രേരണയുടേയോ നിറം ചാലിച്ച് വി.കുർബ്ബാന വിട്ട് ഓടിപ്പോകുന്ന അഭിനവ സന്ന്യാസ വേഷ ധാരികളിലാണോ ക്രൈസ്തവ സമർപ്പിത സാക്ഷ്യം നിലകൊള്ളുന്നത്?
ആപത്തോ വാളോ മരണമോ തന്നെ വന്നാലും അൾത്താര വിട്ട് ഓടരുത് എന്നു പഠിപ്പിച്ച ഗുരുഭൂതർക്ക് ഹൃദയം നിറഞ്ഞ നന്ദി…
Fr. Prince Thekkepuram CSsR