കാഴ്ച്ച

കാഴ്ച്ചയുടെ മാസ്മരികതയിലാണ് ലോകമിന്ന്. പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റം ശക്തമാണ് കണ്ണ്. ശരീരത്തിൻ്റെ വിളക്കാണത്. ശരീരത്തെ പരിശുദ്ധമാക്കാനും മലിനമാക്കാനും കണ്ണിനു കഴിയും.
ലോകത്തിൻ്റെ കാഴ്ചയിൽ കുടുങ്ങുന്നവർ സൃഷ്ടാവിൻ്റെ ശക്തിയിലും കരുതലിലും വിശ്വാസമില്ലാത്തവരാണ് .
അത് മനുഷ്യനെ തകർത്തു കളയും.
പഴയ ഇസ്രായേലിന് അത്തരമൊരു ചരിത്രം കൂടിയുണ്ട്.
വീരോചിതമായ യാത്രയുടെ ചരിത്രം സൃഷ്ടിക്കാൻ പലതും തള്ളിക്കളഞ്ഞവരാണ് അവർ. എന്നാൽ ക്ലേശ കാലത്ത് ആ പഴയ എച്ചിൽ പാത്രങ്ങളുടെ ഓർമ്മ അവരെ കൊതിപ്പിച്ചു.
മോശ അവരെ ബലപ്പെടുത്തി.
കാരണം മോശ കണ്ടത് ഒടുങ്ങാത്ത കടലിനെയും പിന്തുടരുന്ന ശത്രുസൈന്യത്തെയുമല്ല;
എല്ലാം ശാന്തമാക്കാൻ കഴിവുള്ള സൈന്യങ്ങളുടെ കർത്താവിനെയാണ്.
ഉൾകാഴ്ച്ച നഷ്ടപ്പെട്ടവർ എന്നും ഇങ്ങനെയാണ്. എന്തിനെ അതിജീവിച്ച് മുന്നേറിയോ….. വീണ്ടും അതിൽ ചെന്നു ചേരാൻ മോഹിക്കും.
ദൈവകൃപയുടെ ഇന്നലെകളിൽ നിങ്ങൾ തള്ളി മാറ്റിയ നൈമിഷിക സുഖങ്ങൾ ആത്മാവിൻ്റെ വെളിച്ചം കെടുത്തും വിധം
ചേർത്തു പിടിക്കാൻ തോന്നുന്നത് വലിയ പ്രലോഭനമാണ്.
കാഴ്ച്ചയിൽ കുരുങ്ങിയ വിശ്വാസി
ജീവിത പ്രതികൂലങ്ങളിൽ ഭയത്തിലും ആകുലതയിലും ആയിരിക്കുമ്പോൾ….,
വിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടുന്നവൻ പ്രതിബന്ധങ്ങളെ അതിജീവിച്ചും മുന്നോട്ടു പോകും.
“കർത്താവിൻ്റെ ദൂതർ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ സംരക്ഷിക്കുന്നു.”
(സങ്കീർത്തനങ്ങൾ 34 : 7 )
Jincy Santhosh