ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാതാപിതാക്കളുടെ നാമകരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു

ക്രാക്കോവ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളായ കരോളിന്റെയും എമിലിയ വൊയ്റ്റീവയുടെയും നാമകരണനടപടികള്‍ക്ക് ഇന്നലെ ഔദ്യോഗികമായ ആരംഭംകുറിച്ചു. വാഡോവൈസിലെ പ്രസന്റേഷന്‍ഓഫ് ദ ബ്ലെസ്ഡ് വിര്‍ജിന്‍ മേരി ബസിലിക്കയിലാണ് ചടങ്ങുകള്‍ നടന്നത്.

ക്രാക്കോവ് ആര്‍ച്ച് ബിഷപ് മാരെക് വിശുദ്ധകുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനായിരുന്നു. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വിശുദ്ധ കുര്‍ബാന ലൈവ് സ്ട്രീം ചെയ്തിരുന്നു. 1920 ജൂണ്‍ 20 ന് ജോണ്‍ പോള്‍ മാമ്മോദീസാ സ്വീകരിച്ചത് ഈ ദേവാലയത്തില്‍വച്ചായിരുന്നു.

കരോള്‍ വൊയ്റ്റീവ ഒരു ആര്‍മി ഓഫീസറും എമിലിയ സ്‌കൂള്‍ അധ്യാപികയുമായിരുന്നു. 1906 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. മൂന്നുകുട്ടികളുമുണ്ടായി. ഇളയ ആളായിരുന്നു ജോണ്‍പോള്‍. എമിലിയായുടെ അനാരോഗ്യം മൂലം ഡോക്ടേഴ്‌സ് അബോര്‍ഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട കുഞ്ഞായിരുന്നു ജോണ്‍ പോള്‍.

1929 ഏപ്രില്‍ 13 ന് എമിലിയ മരണമടഞ്ഞു. അന്ന് ജോണ്‍പോളിന് ഒമ്പതുവയസായിരുന്നു പ്രായം. അദ്ദേഹത്തിന് ഇരുപത് വയസുള്ളപ്പോള്‍ പിതാവ് കരോളും മരണമടഞ്ഞു.രാത്രികാലങ്ങളില്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന പിതാവ് തന്റെ ദൈവവിളിയെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന് ജോണ്‍ പോള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.