“എന്ത് ചെയ്താലും അത് ദൈവസ്നേഹത്തെ പ്രതി ചെയ്യുക” എന്നു പഠിപ്പിച്ച ഒരു വിശുദ്ധയുടെ തിരുനാൾ ദിവസമാണിന്ന്. ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ.
തെരേസക്ക് നാല് വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി. അപ്പന്റെ ശിക്ഷണത്തിൽ ഒരു മാതൃകാ ക്രിസ്തീയ കുടുംബത്തിൽ അവൾ വളർന്നു. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ കന്യകാമഠജീവിതം അവളെ വല്ലാതെ ആകർഷിച്ചിരുന്നു. പതിനഞ്ചാമത്തെ വയസിൽ തന്റെ രണ്ട് സഹോദരിമാരോടൊപ്പം കർമലീത്ത മഠത്തിൽ ചേരുവാൻ അവൾക്ക് അനുവാദം ലഭിച്ചു. വെറും എട്ടു വർഷത്തെ സന്യാസ ജീവിതത്തിനു ശേഷം ക്ഷയരോഗം പിടി പെട്ട കൊച്ചുത്രേസ്യ ഇരുപത്തിനാലാമത്തെ വയസിൽ ഇഹലോഹവാസം വെടിഞ്ഞു. വലിയ ഒരു മിഷനറി ആകുവാൻ ആഗ്രഹിച്ചിട്ട്, രോഗത്താൽ മഠത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം കഴിയേണ്ടി വന്നവൾ എങ്ങനെ മിഷനറിമാരുടെ മാധ്യസ്ത ആയി എന്നത് അതിശയകരമായ കാര്യമാണ്.സാധാരണ ദൈനംദിന ജോലികൾ പരിപൂർണ വിശ്വാസത്തോടെ ചെയ്തും ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്നേഹത്തിലും നിഷ്കളങ്കമായ കുഞ്ഞിന്റേതുപോലുള്ള മനോഭാവത്തിലും സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും അവൾ വിശുദ്ധിയുടെ ഉന്നതശ്രേണിയിലെത്തി. മറ്റുള്ളവർക്ക് വേണ്ടി, സഭയ്ക്ക് വേണ്ടി, മിഷനറിമാർക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ അവൾ മുടക്കിയിരുന്നില്ല. 1925-ൽ സഭ അവളെ വിശുദ്ധയായി ഉയർത്തി. ഒരു മിഷനറിയാകാൻ അതിയായി ആഗ്രഹിച്ച ത്രേസ്യായെ 1928-ൽ പതിനൊന്നാം പീയൂസ് മാർപാപ്പ മിഷണറിമാരുടെ മധ്യസ്ഥയായി പ്രഖ്യാപിച്ചു. കാർമലൈറ്റ് വസ്ത്രങ്ങൾ ധരിച്ച് ഒരു കുല റോസാപുഷ്പങ്ങൾ കൈയ്യിലേന്തിക്കൊണ്ടുള്ള ചിത്രീകരണമാണ് തെരേസയ്ക്ക് ശില്പങ്ങളിലും ചിത്രങ്ങളിലും നൽകിയിട്ടുള്ളത്. ആനുകൂല്യങ്ങളും അത്ഭുതങ്ങളും റോസാപ്പുഷ്പങ്ങൾ പോലെ അനേകരിലേയ്ക്ക് ചൊരിയുമെന്ന തെരേസയുടെ വാഗ്ദാനത്തിന്റെ സ്മരണ ഇപ്രകാരം നിലനിർത്തപ്പെടുന്നു.
ഒരു ചെറിയ പ്രാർത്ഥന: “ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്ത്, വിശുദ്ധിയുടെ കുറുക്കുവഴികൾ കണ്ടെത്തിയ വിശുദ്ധ കൊച്ചു ത്രേസ്യാ, നിഷ്കളങ്കമായ സ്നേഹത്തിലൂടെ വിശുദ്ധിയിൽ വളരാനുള്ള കൃപയ്ക്കായി ഞങ്ങൾക്ക് വേണ്ടി നീ മാധ്യസ്ഥം വഹിക്കേണമേ”
ഫാ. റിജോ മുപ്പ്രാപ്പള്ളി