ക്രിസ്തുവിനാല്‍ ആശ്വസിക്കപ്പെടാന്‍ സ്വയം അനുവദിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സഹനത്തിന്റെ വേളകളില്‍ ക്രിസ്തുവിനാല്‍ ആശ്വസിപ്പിക്കപ്പെടാന്‍ നാം സ്വയം അനുവദിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്നാല്‍ സഹത്തിന്റെ നിമിഷങ്ങളില്‍ ദൈവത്താല്‍ ആശ്വസിപ്പിക്കപ്പെടാന്‍ അനുവദിക്കുന്നത് അത്ര എളുപ്പവുമല്ല. ജീവിതത്തിലെ പല മോശപ്പെട്ട നിമിഷങ്ങളിലും നാം കര്‍ത്താവിനോട് ദേഷ്യപ്പെടുന്നു.

നമ്മുടെ അടുക്കലേക്ക് വരാനോ നമ്മോട് സംസാരിക്കാനോ അവിടുത്തെ നാം അനുവദിക്കാറില്ല. അവിടുത്തെ മാധുര്യത്തോടെ, അടുപ്പത്തോടെ, ശാന്തതയോടെ… ക്രിസ്തു ദു:ഖിതരെ ആശ്വസിപ്പിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. സത്യത്തോടും പ്രത്യാശയോടും കൂടിയാണ് അവിടുന്ന് നമ്മെ ആശ്വസിപ്പിക്കുന്നത്. സാമീപ്യം, സത്യം, പ്രത്യാശ ക്രിസ്തുവിന്റെ ആശ്വാസത്തിന്റെ മൂന്ന് അടയാളങ്ങള്‍ ഇവയാണ്. നമ്മുടെ ജീവിതത്തിന്റെ സങ്കടങ്ങളുടെ നിമിഷങ്ങളില്‍ നമ്മുടെ അടുത്തായിരിക്കാന്‍ ക്രിസ്തു എപ്പോഴും സന്നദ്ധനാണെന്നും പാപ്പ നിരീക്ഷിച്ചു.

ക്രിസ്തു സത്യമാണ്. അവിടുന്ന് ഒരിക്കലും നുണ പറയില്ല. വിഷമിക്കരുത്, എല്ലാം കടന്നുപോകും. അവന്‍ സത്യം മാത്രമേ പറയൂ, അവിടുന്ന് ഒരിക്കലും സത്യം ഒളിച്ചുവയ്ക്കില്ല. ക്രിസ്തുവിന്റെ ആശ്വാസം എല്ലായ്‌പ്പോഴും പ്രത്യാശ നല്കുന്നുണ്ട്. അതുകൊണ്ട് ക്രിസ്തുവിനാല്‍ ആശ്വസിപ്പിക്കപ്പെടാനുള്ള കൃപയ്ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുക. ക്രിസ്തുവിന്റെ സാന്ത്വനം സത്യമാണ്. പാപ്പ പറഞ്ഞു.