ദുരിതബാധിതരുടെ ജീവിതത്തില്‍ മഴവില്ല് വിരിയിക്കാന്‍ കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത കൈകോര്‍ക്കുന്നു. റെയിന്‍ബോ 2021 എന്ന പദ്ധതിയിലൂടെയാണ് പ്രളയദുരിതത്തില്‍ അകപ്പെട്ടവരുടെ ജീവിതങ്ങളിലേക്ക് ആശ്വാസവുമായി രൂപത എത്തുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 130 കുടുംബങ്ങളില്‍ 15000 രൂപ വീതം വരുന്ന ഗൃഹോപകരണങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ ഉള്ളാട്ട്, എസ്എംവൈഎം ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എംവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ലക്ഷക്കണക്കിന് രൂപ വില വരുന്ന ഗൃഹോപകരണങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധഭാഗങ്ങളില്‍ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കാണ് റെയിന്‍ബോയുടെ സഹായങ്ങള്‍ ലഭിക്കുന്നത്.