ജാമ്യം കാത്ത് നേപ്പാളിലെ ജയിലില്‍ രണ്ടു കന്യാസ്ത്രീകള്‍

കാഠ്മണ്ഡു: വ്യാജ കുറ്റാരോപണം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് സൗത്ത് കൊറിയന്‍ കന്യാസ്ത്രീകള്‍ ജാമ്യത്തിന് വേണ്ടി ഇനിയും കാത്തിരിക്കണം. ദീപാവലിയുടെ അവധിക്ക് ശേഷം മാത്രമേ കോടതി തുറന്നുപ്രവര്‍ത്തിക്കൂ എന്നതുകൊണ്ടാണ് കന്യാസ്ത്രീകളുടെ ജയില്‍വാസം തുടരുന്നത്. തെരുവുകുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ജെമ്മ ലൂസിയ, സിസ്റ്റര്‍ മാര്‍ത്താ പാര്‍ക്ക് എന്നിവരെയാണ് നേപ്പാള്‍ ഭരണകൂടം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ച് ജയിലില്‍ അടച്ചിരിക്കുന്നത്. കാഠ്മണ്ഡുവില്‍ സെന്റ് പോള്‍സ് ഹാപ്പി ഹോം നടത്തുകയായിരുന്നു ഈ കന്യാസ്ത്രീകള്‍.
120 തെരുവുകുട്ടികളുടെ പുനരധിവാസ കേന്ദ്രമാണ് ഇത്. കോവിഡ് കാലത്ത് അഗതികളായ നിരവധി പേര്‍ക്ക് ഈ കന്യാസ്ത്രീകള്‍ ഭക്ഷണം വിതരണം ചെയ്തിരുന്നു. ദരിദ്രര്‍ക്ക് ജീവിതം ഉഴിഞ്ഞുവച്ച് സേവനം ചെയ്യുന്ന കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവം ക്രൈസ്തവര്‍ക്കിടയില്‍ കടുത്ത വേദനയും അമര്‍ഷവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ ഇവര്‍ നല്കിയ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞിരുന്നു. വീണ്ടും നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുമോ.. അതറിയാന്‍ ദീപാവലി അവധി കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഇവരുടെ മോചനത്തിനായി നമുക്ക് പ്രാര്‍ത്ഥന തുടരാം.