വിശുദ്ധരുടെ ഗണത്തിൽ ഇടംപിടിച്ച പ്രശസ്തരായ അൽഫോൻസ് ലിഗോരി, ജെറാർഡ് മജെല്ല, ക്ലമന്റ് ഹോഫ്ബൗർ, ജോൺ നോയ്‌മാൻ എന്നിവരെക്കൂടാതെ ഒരു കൂട്ടം വാഴ്ത്തപ്പെട്ടവരും Redemptorist (C.Ss.R) സഭയുടെ യശസ്സ് വാനോളം ഉയർത്തുന്നു. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഇതുവരെ സ്ഥാനംപിടിച്ച പതിനഞ്ച് ദിവ്യരക്ഷകസഭാംഗങ്ങളിൽ പതിനൊന്നുപേരും രക്തസാക്ഷികളാണ്. ഈവർഷം പന്ത്രണ്ട് C.Ss.R രക്തസാക്ഷികളെക്കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് തിരുസഭ ഉയർത്തുമ്പോൾ ആകെ ഇരുപത്തിമൂന്ന് രക്തസാക്ഷികൾ ദിവ്യരക്ഷകസഭക്ക് സ്വന്തം.
1931-ൽ സ്പെയിനിൽ ഏകാധിപത്യം അവസാനിച്ചതോടെ രണ്ടാം റിപ്പബ്ലിക് സ്ഥാപിക്കപ്പെടുകയും അതിന്റെ നേതാക്കൾ മതമർദ്ദനം അഴിച്ചുവിടുകയും ചെയ്തു. സഭയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത പദ്ധതികളും നയങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായപ്പോൾ അതിനെതിരെ സ്പാനിഷ് സഭ ഒരു വൻമതിൽപോലെ നിലകൊണ്ടതിനാൽ പുരോഹിതർക്കും സമർപ്പിതർക്കുമെതിരായി തിരിഞ്ഞ ഗവണ്മെന്റ് ക്രൂരമായ മതമർദ്ദനം അഴിച്ചുവിട്ടു. ഇതിന്റെ ഇരകളായവരെ “സ്പാനിഷ് രക്തസാക്ഷികൾ” എന്നാണറിയപ്പെടുന്നത്. ഇവരിൽ പലരും രൂപതാ-സന്യാസ വൈദികരും സന്യാസ സഹോദരന്മാരും ആയിരുന്നു.
1869 മുതൽ ദിവ്യരക്ഷകസഭാംഗങ്ങൾ മാഡ്രിഡിൽ സേവനം ചെയ്യാൻ തുടങ്ങി. അര നൂറ്റാണ്ടിനുശേഷം മതമർദ്ദനം ആരംഭിച്ചപ്പോൾ മാഡ്രിഡിലെ രണ്ട് C.Ss.R. ആശ്രമങ്ങളിൽ നിന്നായി ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിൽ രക്തസാക്ഷിത്വം വരിച്ചത് 12 പേരാണ്. വൈദീകരായ ക്രെസെൻസിയോ ഒർട്ടീസ് ബ്ലാങ്കോ, ആംഗേൽ മാർട്ടിനെസ് മിഗു എലസ്, ഹോസെ മരിയ ഉറുച്ചി ഒർട്ടീസ്, അന്തോണിയോ ജിറോൺ ഗോൺസാലസ്, ഡൊണാറ്റോ ഹിമേനേസ് ബിബിയാനോ, വിൻസെന്റ് നിക്കാസിയോ റെനുൻസിയോ ടോറിബിയോ എന്നിവരും സന്യാസ സഹോദരന്മാരായ ഗബ്രിയേൽ സൈ ഗുട്ടിയേറെ, നിച്ചേസിയോ പെരെസ്, ഗ്രിഗോറിയോ സുഗാസ്‌തി ഫെർണാണ്ടസ്, അനിസെറ്റോ ലിസാസോയെൻ ലിസാസോ, പാസ്‌ക്വൽ എർവിറ്റി ഇൻസാഉസ്‌തി, മാക്സിമോ പെരയാ പിനെദോ എന്നിവരും. സിവിൽ യുദ്ധത്തിന്റെ ഇരകളായ ഇവർ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഈവർഷം ഒക്ടോബർ ഇരുപത്തിരണ്ടിന് ചേരുകയാണ്.
“വിശ്വാസത്തെപ്രതിയുള്ള സാക്ഷ്യത്തിന്റെയും രക്തസാക്ഷികളുടെയും നൂറ്റാണ്ട്” എന്നാണ് കഴിഞ്ഞ നൂറ്റാണ്ടിനെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിച്ചത്. ലോകത്തിന്റെ പലഭാഗത്തും പ്രത്യേകിച്ച് യൂറോപ്പിൽ അനേകം രക്തസാക്ഷികൾ ഉണ്ടായ നൂറ്റാണ്ടായിരുന്നു അത്. സ്പെയിനിലെ കുഎൻകായിലെ C.Ss.R. ആശ്രമത്തിൽ കഴിയവേ ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിൽ രക്സ്തസാക്ഷിത്വം വരിച്ച 6 ദിവ്യരക്ഷകസഭാംഗങ്ങളെ രണ്ടായിരത്തിപതിമൂന്ന് ഒക്ടോബർ പതിമൂന്നിന് ഫ്രാൻസിസ് പാപ്പാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർത്തിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ റഷ്യൻ കമ്മൂണിസ്റ് ഭരണത്തിന് ഇരകളായവരാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഉക്രൈൻ റീത്തിൽപ്പെട്ട മറ്റു അഞ്ച് C.Ss.R. രക്തസാക്ഷികൾ എന്നത് ഈയവസരത്തിൽ ഓർക്കാതിരിക്കാനാവില്ല. രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്ന സഭയിൽ വരും നാളുകളിലും മതപീഡനങ്ങളും, രക്തസാക്ഷികളും ഉണ്ടാകുമെന്ന് കാലത്തിന്റെ അടയാളങ്ങൾ സൂചിപ്പിക്കുന്നു. വിശ്വാസത്തിനും, സത്യത്തിനും, നീതിക്കുംവേണ്ടി ജീവൻ ബലികഴിക്കാൻ സന്നദ്ധരായ അനേകം മിഷനറിമാരും, അല്മായരും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. അങ്ങനെ അവർ ലോകത്തിൽ കെടാവിളക്കായി എന്നും ശോഭിക്കട്ടെ.
Fr. James Kizhakkeyil C.Ss.R.