ഇന്ന് ലോക വനിതാ ദിനം മാർച്ച് 8,
പുരുഷ ശിഷ്യൻമാർ എല്ലാം ഉപക്ഷിച്ചു പോയ കുരിശിൻ്റെ വഴിയിൽ അവനോടൊപ്പം സ്ത്രീ സാന്നിധ്യങ്ങളായിരുന്നു എറെയും.
നാലാം സ്ഥലത്താണ് ആണ് ആദ്യ സ്ത്രീസാന്നിധ്യം നമ്മൾ കാണുന്നത് ‘അമ്മ സാന്നിധ്യം’. “വിങ്ങിപൊട്ടുന്ന രണ്ടു ഹൃദയങ്ങൾ കവിഞ്ഞൊഴുകുന്ന നാല് കണ്ണുകൾ “എന്ന് ആബേലച്ചൻ അടയാളപ്പെടുത്തുന്നു.
ഒരു ചെറിയ പനി വരുമ്പോഴേക്കും അടുത്ത് അമ്മ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയിട്ടുള്ളവരാണ് നമ്മളൊക്കെ…
ഒരു കുടുംബത്തിലെ മുഴുവൻ വേദനയും ചേർത്തു വെക്കുമ്പോഴാണ് ‘അമ്മ’ ഉണ്ടാകുന്നത് എന്നു പറയുന്നതാണ് ഉചിതം. സഹനങ്ങളെ, വേദനകളെ ഇത്രമാത്രം ഹൃദയത്തിൽ സ്വീകരിച്ചവൾ വേറെയില്ല…
അതു കൊണ്ടാവാം ആർക്കും സാധിക്കാത്ത വിധം അവൻ്റെ വേദനകളുടെ ആഴമറിഞ്ഞ് ആശ്വസിപ്പിക്കാൻ മാലാഖമാർക്കൊപ്പം അമ്മയെയും സ്വർഗം ചേർത്തുനിർത്തിയത്.
അമ്മയുടെ ആ സാന്നിധ്യം മാത്രം മതി മുന്നോട്ടു പോകാനുള്ള വഴികളിൽ കരുത്തു പകരാൻ. കുരിശിൻ്റെ വഴിയിലെ ‘അമ്മ സാന്നിധ്യം’ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട് സഹജരുടെ ജീവിത കുരിശു യാത്രകളിൽ നീയും ആശ്വാസത്തിൻ്റെ ‘അമ്മ’ രൂപങ്ങളാകണമെന്ന്…..
ആറാം സ്ഥലം വേറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നു… സഖി സാന്നിധ്യമാണിത്… വീണ്ടും ആബേലച്ചൻ്റെ വാക്കുകൾ കടംകൊള്ളുകയാണ്… അവൾക്ക് ഈശോയെ ആശ്വസിപ്പിക്കണം….ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ സ്നേഹം പ്രതിബന്ധം അറിയുന്നില്ല…
അവൾ തൂവാലക്കൊണ്ട് അവൻ്റെ രക്തം നിറഞ്ഞ മുഖം ഒപ്പിയെടുക്കുമ്പോൾ, ആശ്വസിപ്പിക്കുമ്പോൾ പറയാതെ പറയുന്നുണ്ട് ദേ ഞാനും നിന്നോടുകൂടെയുണ്ടെന്ന്….
പുരുഷൻ്റെ കണ്ണുകൾ നിറയാൻ പാടില്ല… അവനു കരയാൻ അനുവാദമില്ലല്ലോ…
അതു കൊണ്ടാകണം കണ്ണു നിറയുമ്പോഴേക്കും തൂവാല നീട്ടി ദേ ആ കണ്ണു തുടച്ചേ എന്ന് പറഞ്ഞ് ചേർത്തു നിർത്തുന്ന സഖി സാന്നിധ്യങ്ങൾ വലിയ കരുത്താകുന്നത്
ഓർശ്ലേം തെരുവുകൾ ശബ്ദമുഖരിതമായി അവർക്കു പരിചിതനായ ക്രിസ്തു കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നത് കാണുമ്പോൾ ഹൃദയം പൊട്ടുമാറ് കരയാതിരിക്കാൻ അവർക്കാവില്ലല്ലോ….
കുരിശു വഴിയിലെ സോദരി സാന്നിധ്യങ്ങൾ….
മറിയവും സലോമിയും മറ്റ് ഒരുപാട് സ്ത്രീകളും അവൻറെ കുരിശിനു ചുവട്ടിൽ ഉണ്ടായിരുന്നു.
പേരിന് യോഹന്നാൻ എന്ന പുരുഷ സാന്നിധ്യവും.
ആ സ്ത്രീകൾക്ക് അവിടെ ആയിരിക്കാതിരിക്കാനാകില്ല കാരണം അവനോളം ആരും അവരെ മനസ്സിലാക്കിയിട്ടില്ല…
ചേർത്തു നിർത്തിയിട്ടില്ല…
അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ എന്ന അമ്മ വാക്യത്തെ അവൻ വിലവയ്ക്കുന്നു…
ഒറ്റപ്പെട്ടുപോയ അമ്മ യുടെ വിലാപത്തിനു മുന്നിൽ മകന് ഉയിരേകുന്നു…
കല്ലെറിഞ്ഞു കൊല്ലാൻ കൊണ്ടുവന്നവരോട് നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞു കൊണ്ട് അവൻ മാറ്റിയെഴുതിയത് അവളുടെ ജീവിതം ആയിരുന്നു…
കിണറ്റിൻകരയിലെ സൗഹൃദത്തോടെ അവൻ അവൾക്ക് സമ്മാനിച്ചത് ആദ്യ സുവിശേഷ പ്രഘോഷക എന്ന സ്ഥാനമായിരുന്നു…
അവൻ്റെ വസ്ത്ര വിളുമ്പിൽ ‘അവൾ’ സ്പർശിച്ചപ്പോൾ അവൾക്ക് ലഭിച്ചത് പുതിയൊരു ജീവിതമായിരുന്നു.
കൂനിപോയവളുടെ ജീവിതത്തെ അവൻ നേരെ നിർത്തി.
മഗ്‌ദലേനക്കാരിയുടെ സുഗന്ധതൈല കൂട്ടിന് വിലയിട്ടവരെ നോക്കി നിന്നെക്കാൾ അധികമായി അവൾ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ ക്രിസ്തു…. ,
അവളെ ഉത്ഥാന രഹസ്യം വെളിപ്പെടുത്തി പിന്നീട് മാലാഖമാരുടെ ചിറകിലേറ്റി.
മർത്ത – മറിയം സോദരിമാരുടെ ആതിഥേയം സ്വീകരിച്ച് സഹോദരൻ്റെ മരണത്തിൽ വേദനിച്ചിരുന്ന അവർക്ക് അവൻ ആശ്വാസത്തിൻ്റെ മരുപ്പച്ചയായി.
ഭണ്ഡാരത്തിൽ വീണ കിഴിക്കെട്ടുകൾ കാണാതെ വിധവയുടെ ചില്ലിക്കാശിനെ അവൻ വിലവയ്ക്കുന്നു….
സത്യമാണ് ക്രിസ്തുവിനോളം വേറെയാരും ‘ അവളെ ‘ മനസ്സിലാക്കിയിട്ടില്ല……
അങ്ങനെ വരികളിലൊതുക്കാൻ കഴിയാത്ത വിധം ക്രിസ്തു തന്നോട് ചേർത്തു നിർത്തിയ സ്ത്രീ സാന്നിധ്യങ്ങൾ….
ഒടുവിലിതാ നമ്മുടെ കേരള മണ്ണിലെ
നൊമ്പര തീയിലും ദിവ്യകാരുണ്യ ഭക്തി കെടാതെ സൂക്ഷിച്ച അഞ്ജനയെയും തൻ്റെ മാറോട് ചേർത്തു നിർത്തി.
കടപ്പാട്: Fr.christeen
by Jincy santhosh