യേശുവിൻ്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിൻ്റെയും ദിവസങ്ങൾക്കു മുമ്പ് ….

ബഥാനിയായിലെ കുഷ്ഠരോഗിയായ ശിമയോൻ്റെ വീട്ടിൽ യേശു ശിഷ്യരോടൊന്നിച്ച് ഭക്ഷണത്തിനിരിക്കെ അവിടെയെത്തിയ മറിയം മഗ്ദലെന.
അവൾ തൻ്റെ കണ്ണീരുകൊണ്ട് യേശുവിൻ്റെ പാദങ്ങൾ കഴുകുകയും തലമുടി കൊണ്ട് തുടയ്ക്കുകയും ചെയ്തു.

ജീവിതത്തിൻ്റെ നൈമിഷിക സുഖങ്ങളുടെ വഴിയിലൂടെ സഞ്ചരിച്ച്
മറ്റുള്ളവരുടെ ശിരസ്സു മുതൽ പാദം വരെ കഴുകിയവൾ
ഒരു തിരിച്ചറിവിൻ്റെ വെട്ടം സ്വന്തമാക്കിയപ്പാൾ ….
പിന്നെ അവൾ അവൻ്റെ പാദങ്ങൾ മാത്രം കഴുകാൻ തീരുമാനിച്ചു.

അവളുടെ തിരിച്ചുവരവിന് സ്വർഗം എത്ര വിലകല്പിച്ചു എന്ന് തിരുവെഴുത്തുകളിൽ ഹൃദ്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: “ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്‌ത കാര്യവും ഇവളുടെ സ്‌മരണയ്‌ക്കായി പ്രസ്‌താവിക്കപ്പെടും.”
(മര്‍ക്കോസ്‌ 14 : 9 )
അവൻ്റെ പാദങ്ങൾ കഴുകിയതിനു ശേഷം പിന്നെ ഒരിക്കലും അവൾ പാപ ത്തിൻ്റെ അഴുക്കുചാലിലേയ്ക്ക്പിന്തിരിഞ്ഞു നോക്കിയിട്ടില്ല.

നിൻ്റെ പാദങ്ങൾ കഴുകുവാനും..,
നിൻ്റെ വിശുദ്ധീകരണത്തിനും..,
രക്ഷയ്ക്കും വേണ്ടിയാണ് ക്രിസ്തു
ഈ ഭൂമിയിലേയ്ക്ക് വന്നതെന്ന്
എത്രയോ തവണ വായിച്ചും ധ്യാനിച്ചും
അനുഭവിച്ചും അറിഞ്ഞവരാണ് നമ്മൾ.

എന്നിട്ടും നമ്മളിപ്പോഴും
ഏതൊക്കെയോ പീഠത്തിലിരുന്ന്
എൻ്റെ പാദങ്ങൾ കഴുകാൻ ആരും വന്നില്ല എന്നു പരിതപിക്കുന്നു.

മനസ്സിലാക്കപ്പെടുന്നതിനേക്കാൾ
മനസ്സിലാക്കുന്നതിനും…..,
സ്നേഹിക്കപ്പെടുന്നതിനേക്കാൾ
സ്നേഹിക്കുന്നതിനും …..,
പരിശ്രമിച്ചു തുടങ്ങുമ്പോൾ….
നീ കഴുകുന്നത് അവൻ്റെ കാൽപാദങ്ങളാണെന്ന് മറക്കാതിരിക്കുക

by Jincy santhosh