പ്രാണൻ പകുത്തു നൽകുന്ന സ്നേഹത്തിൻ്റെ അടയാളവുമായി സെഹിയോൻ മാളികയിൽ ക്രിസ്തുവിൻ്റെ വിശുദ്ധ കുർബാനയുടെ സ്ഥാപനം.
മനുഷ്യ മക്കളോടുള്ള തൻ്റെ സ്നേഹം
ലോകാവസാനം വരേയ്ക്ക് മുദ്രവച്ചു നൽകിയ അനശ്വര അടയാളമായ വിശുദ്ധ കുർബാന….
പത്രോസ് തന്നെ തള്ളിപ്പറയുമെന്നും, യൂദാസ് ഒറ്റിക്കൊടുക്കുമെന്നും, ശിഷ്യരെല്ലാം തന്നെയുപേക്ഷിച്ച് ഓടിപ്പോകുമെന്നും,
ക്രൂരമായ പീഡകളാണ് വരും മണിക്കൂറുകളിൽ താൻ സഹിക്കണ്ടി വരുന്നത് എന്നും, കുരിശുമരണം അതിൻ്റെ എല്ലാ തീവ്രതയോടും കൂടി മുന്നിൽ കണ്ടുമാണ് ക്രിസ്തു അന്ന് ആ മാളികമുറിയിൽ വച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചത്.
ഒരേ സമയം ദൈവപിതാവിൻ്റെ സ്നേഹത്തിലലിയാനും മനുഷ്യമക്കേളോടുള്ള സ്നേഹത്തിലലിയാനും ക്രിസ്തു സ്നേഹത്തിൻ്റെ പാരമ്യമാണ് വിശുദ്ധ കുർബാന.
ഒരു കാറ്റടിച്ചാൽ പറന്നു പോകുന്ന ഗോതമ്പപ്പത്തിൽ
കൊടുങ്കാറ്റുകളെ ശാന്തമാക്കിയവൻ്റെ സജീവ സാന്നിധ്യം.
ഒരു തുള്ളി വെള്ളം വീണാൽ അലിഞ്ഞു പോകുന്ന ഈ അപ്പത്തിൽ
വെള്ളത്തിനു മീതെ നടന്നവൻ ജീവിക്കുന്നു.
മനുഷ്യനെ നേടാൻ വേണ്ടി അവൻ്റെ പാദാന്തികത്തോളം…..
ഭൂമിയോളം തന്നെ താഴ്ന്നവൻ
വാഴ്ത്തി ഉയർത്തുന്നത് മുറിയപ്പെടാനൊരുങ്ങുന്ന തൻ്റെ ശരിരത്തെ.
നിന്നിലലിയാൻ…. ഒപ്പമായിരിക്കാൻ
നിറസാന്നിധ്യവും ശക്തിയുമായി അവൻ നിൻ്റെയുള്ളിൽ ഉണ്ട്.
സദാ നീ അവിടുത്തെ ഹൃദയത്തിലുണ്ടാവുക,
നിന്നെ അവിടുന്ന് സദാ ഓർക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്.
നീ ഉണരുമ്പോൾ നിൻ്റെ കൂടെയുണ്ടാവാൻ …
നിൻ്റെ യാത്രകളിൽ നിന്നെ സംരക്ഷിക്കാൻ…
നിൻ്റെ സ്വകാര്യ ദുഃഖങ്ങളിൽ അശ്വാസമാകാൻ…
നിൻ്റെ ഒറ്റപ്പെടലിൻ്റെ നാളുകളിൽ
ചങ്കോട് ചേർത്ത് നിർത്താൻ…
ഒക്കെയാണ് അവൻ സ്വന്തം രൂപം പോലും ചോർത്തിക്കളഞ്ഞത്.
തനിയെ ആകുന്ന നിമിഷങ്ങളിൽ ഓർക്കുക –
അവൻ അരികിലുണ്ട്………
ചില ശൂന്യതകൾ അവൻ്റെ സ്വരം ശ്രവിക്കാൻ ……
ചില അവ്യക്തതകൾ അവനോട് ആലോചന ചോദിക്കാൻ…….
ചില സഹനങ്ങൾ അവൻ്റെ സ്പർശനമേൽക്കാൻ ……അനുവദിക്കുന്നതാവാം.
✍?Jincy Santhosh