മനുഷ്യൻ ദൈവത്തെപ്പോലെ ആകാൻ ശ്രമിച്ചപ്പോഴും,
ദൈവത്തെ മറന്ന് സ്വന്തം മഹിമയ്ക്കായി ഗോപുരം ഉയർത്തിയപ്പോഴും
നഷ്ടം സംഭവിച്ചത് മനുഷ്യനു തന്നെയാണ്.
മനുഷ്യൻ ആദ്യം പഠിക്കേണ്ടത് ദൈവത്തെ ദൈവമായി കാണാനും ആദരിക്കാനുമാണ്.
ദൈവത്തിന് കൊടുക്കേണ്ട സ്ഥാനവും മഹത്വവും ദൈവത്തിന് നൽകുന്നതിൽ കുറവുണ്ടായപ്പോഴൊക്കെ മനുഷ്യകുലത്തിൻ്റെ പ്രതാപത്തിനും ഐശ്വര്യത്തിനും ഇടിവുണ്ടായി എന്നാണ് ബൈബിൾ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്.
നാളിതുവരെ നേടിയതൊക്കെ സ്വന്തം അധ്വാനത്തിൻ്റെയും കഴിവിൻ്റെയും ബലത്തിലാണ് എന്നാണ് മനുഷ്യൻ്റെ ധാരണ.
വീണ്ടും നേട്ടങ്ങൾക്കായി പായുമ്പോഴും…. ദൈവം അവന് അന്യനാണ്.
അഹങ്കാരം കൊണ്ട് ഹൃദയത്തിൽ കെട്ടിയുയർത്തിയ ബാബേൽഗോപുരം
നിലംപൊത്തുന്നതു വരെ അവൻ ദൈവത്തെ മാനിക്കില്ല.
ജീവിതത്തിൽ എല്ലാ വഴിയും അടയുമ്പോൾ ….
സഹായത്തിന് ഇടംവലം ആരുമില്ലാതെ ഒറ്റപ്പെടുമ്പോൾ ….
ദൈവം സഹായിച്ചാലല്ലാതെ മറ്റാർക്കും സഹായിക്കാൻ കഴിയാത്ത നിസ്സഹായതയുടെ അങ്ങേ അറ്റത്ത് നിൽക്കുമ്പോൾ ….
‘ദൈവം’ അന്ന് അവന് ദൈവമാകുന്നു.
സ്വാർത്ഥതയും അഹങ്കാരവും ജഡ മോഹങ്ങളും നിമിത്തം മനുഷ്യൻെറ പാപം ഭൂമിയിൽ പെരുകിയപ്പോൾ പരസ്പരം മനസ്സിലാക്കാൻ കഴിയാത്തവിധം കർത്താവ് അവരുടെ ഭാഷയെ ഭിന്നിപ്പിച്ചു .
“അതുകൊണ്ടാണ് ആ സ്‌ഥലത്തിനു ബാബേല്‍ എന്നു പേരുണ്ടായത്. അവിടെവച്ചാണ് കര്‍ത്താവ് ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെ ചിതറിച്ചതും.”
(ഉല്‍പത്തി 11 : 9)
ഇന്നും മനുഷ്യജീവിതം അങ്ങനെ തന്നെയാണ്. മാതാപിതാക്കൾ പറയുന്നത് മക്കൾക്ക് മനസ്സിലാകുന്നില്ല ,മക്കൾ പറയുന്നത് മാതാപിതാക്കൾക്ക് മനസ്സിലാകുന്നില്ല. സഹോദരങ്ങൾക്ക് പരസ്പരം മനസ്സിലാകുന്നില്ല .ഭർത്താവ് പറയുന്നത് ഭാര്യക്ക് മനസ്സിലാവുന്നില്ല ,ഭാര്യ പറയുന്നത് ഭർത്താവിനു൦. അധികാരികൾ പറയുന്നത് ജനത്തിനും ജനം പറയുന്നത് അധികാരികൾക്കും മനസ്സിലാകുന്നില്ല .
ദൈവത്തെ കൂടാതെ സ്വയം വളരാൻ ആഗ്രഹിക്കുന്നവരുടെ ഹൃദയ ഐക്യ ഭാഷ ഭിന്നിപ്പിക്കപെടും . രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഭാഷകളെല്ലാം ഒന്നിപ്പിച്ച ഒരു ദിവസം ഉണ്ടായി.എല്ലാവർക്കും എല്ലാവരും പറയുന്നത് മനസ്സിലായ ഒരു ദിവസം …
പന്തക്കുസ്ത ദിനം .
“ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്‌തോലന്‍മാര്‍ സംസാരിക്കുന്നതുകേട്ട് അദ്‌ഭുതപ്പെടുകയുംചെയ്‌തു.”
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 6)
ഭാഷ ചിതറിക്കപ്പെട്ട ‘ബാബേലു’കളിൽ നിന്ന് പ്രാർത്ഥനയുടെ…. കൂട്ടായ്മയുടെ…. കാത്തിരിപ്പിൻെറ…. സെഹിയോൻ മാളിക യിലേക്ക് നീ ഇറങ്ങി വന്നാൽ ….
നിൻെറ ഹൃദയാകാശത്ത് വീണ്ടുമൊരു പെന്തക്കുസ്തയുടെ കാറ്റ് വീശും .നീ പറയുന്നതും നിന്നോട് പറയുന്നതും എല്ലാം മനസ്സിലാക്കാൻ നിൻെറ ഹൃദയഭാഷയെ ദൈവം തൻെറ ആത്മാവിനോട് ഒന്നിപ്പിക്കു൦
✍🏻Jincy Santhosh